കൊറോണ പകരാതിരിക്കാന്‍ എന്ന പേരില്‍  ലീ മാന്‍ ഹി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തവരില്‍ നിരവധിപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് മാപ്പുപറച്ചില്‍

സോള്‍: കൊറോണ ബാധ വ്യപകമായി പടര്‍ന്നതിന് പിന്നാലെ ക്ഷമാപണം നടത്തി കൊറിയന്‍ മതനേതാവും സുവിശേഷ പ്രസംഗകനുമായ എന്‍പത്തിയെട്ടുകാരന്‍. ദക്ഷിണ കൊറിയയിലെ സ്വതന്ത്ര സുവിശേഷ പ്രഘോഷകനായ ലീ മാന്‍ ഹിയാണ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ മുട്ടുകുത്തി മാപ്പപേക്ഷിച്ചത്. കൊറോണ പകരാതിരിക്കാന്‍ എന്ന പേരില്‍ ലീ മാന്‍ ഹി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തവരില്‍ നിരവധിപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് നടപടി. 

വൈറസ് ബാധ തടയാന്‍ സാധ്യമായത് ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയിയെന്ന് ലീ മാന്‍ ഹി പറഞ്ഞു. 88കാരനായ ലീ മാന്‍ ഹിക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു മാപ്പുപറച്ചില്‍. തന്‍റെ പ്രാര്‍ത്ഥനാ യോഗത്തിന്‍റെ വളര്‍ച്ച തടയാനുള്ള ചെകുത്താന്‍റെ സന്തതിയെന്നായിരുന്നു കൊറോണ വൈറസിനേക്കുറിച്ച് പ്രാര്‍ത്ഥനായോഗത്തില്‍ ലീ പ്രസംഗിച്ചത്. ഷിന്‍ ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീയ്ക്കും 11 അനുയായികള്‍ക്കുമെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

മിശിഹാ ആണെന്ന് സ്വയം അവകാശപ്പെടുന്ന സുവിശേഷ പ്രചാരകനാണ് ഇയാള്‍. യോഗത്തില്‍ പങ്കെടുത്താല്‍ രോഗമുണ്ടാകില്ലെന്നായിരുന്നു ലീയുടെ അവകാശവാദം. ലീ മാന്‍ ഹീയുടെ സഭയിലെ 2,30,000ത്തോളം ആളുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രോഗലക്ഷണങ്ങളുണ്ടെന്ന് 9000 പേര്‍ പറഞ്ഞത്. യോഗത്തില്‍ പങ്കെടുത്ത 61കാരിയായ വനിതാ അംഗത്തിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്.

കൊറോണ തടയാന്‍ പാസ്റ്ററുടെ രോഗശാന്തി ശുശ്രൂഷ; പങ്കെടുത്ത 9000 പേര്‍ക്ക് രോഗലക്ഷണങ്ങള്‍, റിപ്പോര്‍ട്ട്

കുറേയധികം സമാനമായ പരിപാടികളില്‍ പങ്കെടുത്ത ഈ സ്ത്രീ പരിശോധനയ്ക്ക് ആദ്യം വിസമ്മതിച്ചിരുന്നു. ലീ മാന്‍ ഹീയെയും പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. യേശുവിനെ നേരില്‍ കണ്ടിട്ടുള്ള തന്‍റെ പ്രാര്‍ത്ഥന സമ്മേളനത്തില്‍ പങ്കെടുത്താല്‍ കൊറോണ ബാധിക്കില്ലെന്നായിരുന്നു ലീ മാന്‍ ഹീയുടെ അവകാശവാദം. കഴിഞ്ഞ മാസമാണ് ഇത് പറഞ്ഞ് മത സമ്മേളനം ലീ മാന്‍ ഹീ നടത്തിയത്. ചട്ടങ്ങള്‍ തെറ്റിച്ചാണ് ഈ മതസമ്മേളനം നടത്തിയതെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്നാണ് കേസ് അടക്കമുള്ള നടപടികളിലേക്ക് അധികൃതര്‍ കടന്നത്. ദക്ഷിണ കൊറിയയില്‍ കൊവിഡ്-19 ബാധിച്ച് 28 പേരാണ് ഇതുവരെ മരിച്ചത്. 3730 പേര്‍ ചികിത്സയിലാണ്. ഇതിലേറെയും ലീ മാന്‍ ഹീയുടെ അനുയായികളാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.