സംഭവിച്ചതെന്ത്? ബഹിരാകാശത്ത് എത്തിയ റോക്കറ്റ് പൊട്ടിത്തെറിച്ചു, സ്‌പേസ് എക്‌സ് രണ്ടാം പരീക്ഷണം പൂർത്തിയായി
സ്‌പേസ് എക്സും നാസയും ഒരുമിച്ച് ചന്ദ്രനും ചൊവ്വയും കടന്ന് യാത്ര ചെയ്യും എന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ

ന്യൂയോർക്ക്: സ്‌പേസ് എക്‌സ് സ്റ്റാർഷിപ് രണ്ടാം പരീക്ഷണം പൂർത്തിയായി. ബഹിരാകാശത്ത് എത്തിയ ശേഷം റോക്കറ്റ് പൊട്ടിത്തെറിച്ചു. റോക്കറ്റിലെ ഫ്ലൈറ്റ് ടെർമിനേഷൻ സിസ്റ്റം തന്നെ റോക്കറ്റിനെ നശിപ്പിക്കുകയായിരുന്നു. എന്താണ് റോക്കറ്റ് പൊട്ടിത്തെറിക്കാൻ കാരണം എന്ന് വ്യക്തമായിട്ടില്ല. ഇന്ത്യൻ സമയം ആറരയോടെ ആയിരുന്നു വിക്ഷേപണം നടത്തിയത്. പരീക്ഷണം 85 ശതമാനം വിജയം എന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. സ്‌പേസ് എക്‌സ് സംഘത്തെ നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അഭിനന്ദിച്ചു. സ്‌പേസ് എക്സും നാസയും ഒരുമിച്ച് ചന്ദ്രനും ചൊവ്വയും കടന്ന് യാത്ര ചെയ്യും എന്ന് ബിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം മറ്റൊരു വാർത്ത ഇന്ത്യൻ മണ്ണിൽ നിന്നാദ്യമായി ഒരു റോക്കറ്റ് കുതിച്ചുയർന്നിട്ട് 60 വർഷം തികയുകയാണ് എന്നതാണ്. തുമ്പയെന്ന ചെറുഗ്രാമത്തിൽ നിന്ന് തുടങ്ങിയ കുതിപ്പ് ഇന്ന് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ എത്തി നിൽക്കുന്നു. 1963 നവംബർ 21 ന് വൈകീട്ട് തിരുവനന്തപുരത്തിന്‍റെ ആകാശത്ത് ഓറഞ്ച് നിറത്തിലുള്ളൊരു മേഘം പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ മണ്ണിൽ നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്‍റെ ബാക്കിപത്രമായിരുന്നു അത്. അന്ന് ഉപയോഗിച്ച റോക്കറ്റിന്‍റെ പേര് നൈക്ക് അപ്പാച്ചെ, തന്നത് അമേരിക്ക. ഓറഞ്ച് നിറം പടർത്തിയ സോഡിയം വേപ്പർ പേ ലോഡ് ഫ്രാൻസിൽ നിന്നായിരുന്നു. അന്ന് ശാസ്ത്രജ്ഞർ ഉപയോഗിച്ച ഹെലികോപ്റ്റർ സംഭാവന ചെയ്തത് സോവിയറ്റ് യൂണിയനും. റോക്കറ്റ് തയ്യാറാക്കിയതും വിക്ഷേപിച്ചതും ഐ എസ് ആര്‍ ഒ യുടെ മുൻഗാമിയായ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് ആയിരുന്നു. എച്ച് ജി എസ് മൂർത്തി, പി പി കാലെ, എ എസ് റാവു, ഈശ്വർദാസ്, എ പി ജെ അബ്ദുൾകലാം തുടങ്ങിയ നിരവധി പേരാണ് ആദ്യ വിക്ഷേപണത്തിന്‍റെ അണിയറയിലുണ്ടായിരുന്നത്. പക്ഷേ ആ വിക്ഷേപണം സാധ്യമാക്കിത് ഡോ. ഹോമി ജെ ഭാഭ, വിക്രം സാരാഭായ് എന്നീ അസാധ്യ മനുഷ്യരായിരുന്നു. ഇന്ത്യയുടെ ആ സ്വപ്നത്തിന് പിന്നിൽ ഉറച്ച് നിന്ന ജവഹർലാൽ നെഹ്റു എന്ന പ്രധാനമന്ത്രിയെയും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.