ബോട്ട് ഓടിച്ചിരുന്ന യുവാവിന്റെ കഴുത്തെല്ല് ഒടിയുകയും വാരിയെല്ലുകൾ ഒടിയുകയും മുട്ടിന് ഒടിവുണ്ടെങ്കിലും അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. 5 സെക്കൻഡോളം സമയം കൊണ്ട് നൂറ് അടിയിലേറെ ഉയരമാണ് സ്പീഡ് ബോട്ട് അന്തരീക്ഷത്തിലേക്ക് ഉയർന്നത്

അരിസോണ: സ്പീഡ് ബോട്ടിന് എത്ര വേഗത്തിൽ പോകാനാവും. റെക്കോർഡ് നേടാനുള്ള ശ്രമത്തിനിടെ ജലത്തിൽ നിന്ന് അന്തരീക്ഷത്തിലേക്ക് പറന്നുയർന്ന സ്പീഡ് ബോട്ട് മലക്കം മറിഞ്ഞ് തടാകത്തിലേക്ക് വീണ് അപകടം. അമേരിക്കയിലെ അരിസോണയിലെ ഹാവാസു തടാകത്തിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സ്പീഡ് ബോട്ട് ഓടിച്ചിരുന്ന യുവാവിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മണിക്കൂറിൽ 200 മീറ്ററിലേറ വേഗതയിലായതോടെയാണ് സ്പീഡ് ബോട്ട് അന്തരീക്ഷത്തിലേക്ക് ഉയർന്ന് പൊന്തിയത്. ഇതിന് പിന്നാലെ നിരവധി തവണ അന്തരീക്ഷത്തിൽ വട്ടം കറങ്ങിയാണ് സ്പീഡ് ബോട്ട് തടാകത്തിലേക്ക് പതിക്കുന്നത്. 

ശനിയാഴ്ച നടന്ന ഡെസേർട്ട് സ്ട്രോം റേസിൽ പങ്കെടുക്കാനെത്തിയ നിരവധിപ്പേർക്ക് മുന്നിൽ വച്ചാണ് സ്പീഡ് ബോട്ട് അപകടത്തിൽപ്പെടുന്നത്. ബോട്ട് തിരികെ വെള്ളത്തിലേക്ക് വീഴും മുൻപ് കോക്പിറ്റിൽ നിന്ന് പുറത്ത് കടക്കാനായതിനാൽ വലിയ രീതിയിലുള്ള പരിക്കുകൾ ബോട്ട് ഡ്രൈവർക്ക് സംഭവിച്ചിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴുത്തെല്ല് ഒടിയുകയും വാരിയെല്ലുകൾ ഒടിയുകയും മുട്ടിന് ഒടിവുണ്ടെങ്കിലും അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. അഞ്ച് സെക്കൻഡോളം സമയം കൊണ്ട് നൂറ് അടിയിലേറെ ഉയരമാണ് സ്പീഡ് ബോട്ട് അന്തരീക്ഷത്തിലേക്ക് ഉയർന്നത്. 

Scroll to load tweet…

എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുൻപ് എല്ലാം അവസാനിച്ചെന്നാണ് സ്പീഡ് ബോട്ട് സംഘത്തിലുള്ളവരുടെ പ്രതികരണം. ഒരു നൂറ്റാണ്ട് മുൻപാണ് അമേരിക്കയിൽ സ്പീഡ് ബോട്ട് റേസുകൾ സജീവമായത്. 1904ൽ ഇത്തരമൊരു റേസിനിടെ ഉണ്ടായ ബോട്ട് അപകടത്തേ തുടർന്നാണ് അമേരിക്കൻ പവർ ബോട്ട് അസോസിയേഷൻ രൂപം കൊള്ളുന്നത്. അസോസിയേഷൻ സംഘടിപ്പിച്ച സ്പീഡ് ബോട്ട് റേസുകളിൽ മണിക്കൂറിൽ 140.3 മൈൽ വേഗമാണ് പരമാവധി വേഗമായി കണക്കാക്കിയിട്ടുള്ളത്. ഈ റെക്കോർഡ് ഭേദിക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം