Asianet News MalayalamAsianet News Malayalam

Sri Lanka : ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നീക്കം. ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Sri Lanka crisis Centre calls another all party meeting today
Author
Sri Lanka, First Published Jul 19, 2022, 6:02 AM IST

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്. ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നീക്കം. ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഇരുവരും നേതാക്കന്മാരോട് വിശദീകരിക്കും. ശ്രീലങ്കയിലെ ജനങ്ങളോടൊപ്പം ആണെന്ന് പ്രഖ്യാപിച്ച വിദേശകാര്യ മന്ത്രാലയം പ്രശ്നങ്ങൾ സമാധാനപരമായും ഭരണപരമായും പരിഹരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. 

Also Read : റെനില്‍ വിക്രമസിംഗെ പ്രസിഡന്‍റായി തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധമെന്ന് പ്രക്ഷോഭകര്‍

അതേസമയം ശ്രീലങ്കയിൽ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണ്. ജനകീയ സർക്കാർ രൂപീകരണ ആവശ്യമുന്നയിച്ച് തുടരുന്ന പ്രക്ഷോഭം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഭക്ഷ്യ- ഇന്ധന ക്ഷാമത്തിന് അടിയന്തര പരിഹാരമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സെക്രട്ടേറിയേറ്റ് മന്ദിരത്തിന് മുന്നിൽ കസേരയിട്ടിരുന്നാണ് പ്രതിഷേധം. പ്രസിഡൻറ് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സർക്കാർ മന്ദിരങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 

ബുധനാഴ്ച പ്രസിഡന്‍റ്  തെരഞ്ഞടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ പ്രക്ഷോഭകർ രംഗത്തെത്തി. ഒന്നിലധികം സ്ഥാനാർത്ഥികളെ നിർത്തി റെനിൽ വിക്രമസിംഗെയെ സഹായിക്കുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭകർ പ്രതിഷേധിച്ചു. റെനില്‍ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ റഷ്യയിൽ നിന്ന് കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യാൻ സർക്കാർ നടപടി തുടങ്ങി.

Also Read :  രാഷ്ട്രപതിയുടെ കൊട്ടാരത്തിലെ ശ്രീലങ്കൻ യുവതിയുടെ 'ഫോട്ടോഷൂട്ട്' വൈറല്‍ ; ജനം പ്രതികരിച്ചത് ഇങ്ങനെ

അതേസമയം, ഇന്ധനക്ഷാമം രൂക്ഷമായതോടെ കേരളത്തിൽ എത്തി ഇന്ധനം നിറയ്ക്കുകയാണ് ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇന്നലെവരെ  141 വിമാനങ്ങളാണ് ശ്രീലങ്കയിൽ നിന്നെത്തി  ഇന്ധനം നിറച്ചത്.  ഇന്ധനം കിട്ടാതായതോടെ കേരളത്തിലെ വിമാനത്താവങ്ങളെ കൂടുതലായി ആശ്രിയിക്കുകയാണ് വിമാനക്കമ്പനികൾ. തിരുവനന്തപുരം അദാനി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയാണ് കൂടുതൽ വിമാനങ്ങളും ഇന്ധനം നിറച്ചത്.

Follow Us:
Download App:
  • android
  • ios