കൊളംബോ: ശ്രീലങ്കയിൽ പൊതുവിടങ്ങളിൽ ബുർഖ ഉപയോഗിക്കുന്നത് നിരോധിക്കാൻ ശുപാർശ. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പാർലമെന്‍ററി കാര്യസമിതിയാണ് പാർലമെന്‍റിൽ ഈ ശുപാർശ സമർപ്പിച്ചത്. മതത്തിന്‍റെയോ ഒരു പ്രത്യേക വിശ്വാസത്തിന്‍റെയോ ജനസമൂഹത്തിന്‍റെയോ  അടിസ്ഥാനത്തിലുള്ള രാഷ്ട്രീയപാർട്ടികളെയെല്ലാം നിരോധിക്കാനും, അവരുടെ റജിസ്ട്രേഷൻ റദ്ദാക്കാനും സമിതിയുടെ ശുപാർശയിലുണ്ട്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ, 250 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ശുപാർശ.

വ്യാഴാഴ്ചയാണ് സമിതി ഈ റിപ്പോർട്ട് പാർലമെന്‍റിന്‍റെ പരിഗണനയ്ക്ക് വച്ചത്. എംപിയായ മലിത് ജയതിലകയുടെ നേതൃത്വത്തിലാണ് സമിതി. 

ഈസ്റ്റർ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിനു ശേഷം പ്രബലമായ ഒരു നേതൃത്വം വേണം എന്ന വികാരം ശ്രീലങ്കൻ ജനതയിൽ ശക്തിപ്പെട്ടിരുന്നു. അതിന്‍റെ ബലത്തിൽത്തന്നെയാണ് ഗോതഭയ രാജപക്സ പ്രസിഡന്‍റായി ജയിച്ച് കയറിയതും, സഹോദരൻ മഹിന്ദ രാജപക്സ പ്രധാനമന്ത്രിയായതും. ഇതിന്‍റെ ബാക്കിപത്രമായിട്ടാണ് ഈ ശുപാർശ വരുന്നതെന്ന് വ്യക്തം. 

ബുർഖ നിരോധിച്ച നിരവധി രാജ്യങ്ങളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പൊതുസ്ഥലത്ത് മുഖം മറച്ച് ആരെങ്കിലും പ്രത്യക്ഷപ്പെട്ടാൽ ആളെ തിരിച്ചറിയാനാകുന്ന തരത്തിൽ മുഖാവരണം മാറ്റാൻ പൊലീസിന് അധികാരം നൽകണമെന്നും ശുപാർശയിലുണ്ട്. അത് അനുസരിച്ചില്ലെങ്കിൽ ഉടനടി പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകണം. അതിന് വാറണ്ട് വാങ്ങേണ്ടതില്ല - എന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന ശുപാർശ.

മതാടിസ്ഥാനത്തിലോ, ഒരു പ്രത്യേക വിശ്വാസം പിന്തുടരുന്നവരുടെ പേരിലോ ഉള്ള രാഷ്ട്രീയ പാർട്ടികളെ രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന ശുപാർശയിലൂടെ തമിഴ് വംശജരുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാനുള്ള നീക്കമാണ് ലക്ഷ്യമിടുന്നത്. പുതുതായി രൂപീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കും അത്തരം പേരുകൾ അനുവദിക്കരുതെന്നും ശുപാർശയുണ്ട്. 

നിലവിൽ അത്തരം പേരുകളിൽ പ്രവർത്തിക്കുന്ന പാർട്ടി, ഉടനടി മതാടിസ്ഥാനത്തിൽ പ്രവർത്തിക്കില്ല എന്ന് എഴുതിനൽകണമെന്നും അത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ അനുവദിക്കണമെന്നും ശുപാർശയിൽ പറയുന്നു. മാത്രമല്ല, മദ്രസകളിൽ പഠിക്കുന്ന കുട്ടികളെയെല്ലാം മൂന്ന് വർഷത്തിനകം സർക്കാർ നിഷ്കർഷിക്കുന്ന പഠനസമ്പ്രദായമുള്ള സ്കൂളുകളിലേക്ക് മാറ്റണമെന്നും ശുപാർശയിലുണ്ട്.

നാഷണൽ തൗഹീദ് ജമാഅത്ത് എന്ന തദ്ദേശീയ ഭീകരസംഘടനയാണ് ശ്രീലങ്കയിൽ കഴിഞ്ഞ ഏപ്രിൽ 21-ാം തീയതി, മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി ഒമ്പത് ചാവേറുകളെ അയച്ച് ഭീകരാക്രമണം നടത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിൽ, 258 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 11 പേർ ഇന്ത്യക്കാരായിരുന്നു.