കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡോളറുള്‍പ്പെടെയുള്ള വിദേശ കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ 10 ശതമാനത്തിലധികം ഇടിവ് വിദേശ പഠനം സ്വപ്നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുകയാണ്. ട്യൂഷന്‍ ഫീസിലും ജീവിതച്ചിലവുകളിലുമുണ്ടായ ഈ ഗണ്യമായ വര്‍ദ്ധനവ് കുറഞ്ഞ ചിലവുള്ള രാജ്യങ്ങളിലേക്ക് പഠനം മാറ്റാനും നിര്‍ബന്ധിതരാവുകയാണ്.

വിദേശത്തുപോയി പഠിക്കുകയെന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി രൂപയുടെ മൂല്യത്തകര്‍ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 10 ശതമാനത്തിലധികം ഇടിവാണുണ്ടായിരിക്കുന്നത്. ഇതോടെ വിദേശ പഠനത്തിനുള്ള ആകെ ചിലവുകള്‍ ഗണ്യമായി വര്‍ദ്ധിച്ചു. ബജറ്റ് പുനഃക്രമീകരിക്കാനും അധിക ഫണ്ട് കണ്ടെത്താനും, ചില സാഹചര്യങ്ങളില്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യം തന്നെ മാറ്റാനും പല കുടുംബങ്ങളും ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രൂപയുടെ 10 ശതമാനത്തിലധികം വരുന്ന ഇടിവ് വിദേശപഠനത്തിന്റെ ആകെ ചിലവിനെ വലിയ രീതിയില്‍ ബാധിക്കും. വിദേശപഠനവുമായി ബന്ധപ്പെട്ട പ്രധാന ചിലവുകളെല്ലാം വിദേശ കറന്‍സിയിലാണ് നല്‍കേണ്ടത് എന്നതാണതിന് കാരണം. പ്രതിവര്‍ഷം 35 ലക്ഷം രൂപ മുതല്‍ 70 ലക്ഷം രൂപ വരെ ചിലവുവരുന്ന കോഴ്‌സുകള്‍ക്ക്, കറന്‍സിയിലെ ഈ മാറ്റം കാരണം മാത്രം വര്‍ഷത്തില്‍ 4 ലക്ഷം രൂപ മുതല്‍ 8 ലക്ഷം രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരും.

ഡോളര്‍ മാത്രമല്ല, മറ്റ് കറന്‍സികള്‍ക്കും മുന്നിലും രൂപ വീണു. ഇത് യുഎസ് ഡോളറിന്റെ മാത്രം കഥയല്ല. യുകെ, കാനഡ, ഓസ്ട്രേലിയ, കൂടാതെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ആശ്രയിക്കുന്ന എല്ലാ വിദേശ പഠന കേന്ദ്രങ്ങളിലെയും കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം ദുര്‍ബലപ്പെട്ടിട്ടുണ്ട്. അതിനാല്‍ വിദ്യാര്‍ത്ഥി ഏത് രാജ്യത്തേക്ക് പോയാലും ചിലവ് കൂടുമെന്നതാണ് അവസ്ഥ.

ഏറ്റവും വലിയ തിരിച്ചടി ട്യൂഷന്‍ ഫീസിനും താമസത്തിനും

വിദ്യാര്‍ത്ഥികളുടെ ബജറ്റില്‍ ഏറ്റവും വലിയ പങ്കും ട്യൂഷന്‍ ഫീസിനും താമസത്തിനുമായതിനാല്‍ ഈ മേഖലകളിലാണ് വിലക്കയറ്റം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത്. ന്യൂയോര്‍ക്ക്, ടൊറന്റോ, വാന്‍കൂവര്‍, സിഡ്‌നി, മെല്‍ബണ്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ പണപ്പെരുപ്പവും വീടുകളുടെ ദൗര്‍ലഭ്യവും കാരണം താമസച്ചിലവ് ഇതിനകം തന്നെ വളരെ കൂടുതലാണ്.വീട്ടുവാടക, പലചരക്ക് സാധനങ്ങള്‍, യാത്രാക്കൂലി, യൂട്ടിലിറ്റി ബില്ലുകള്‍, മറ്റ് ദൈനംദിന ചിലവുകള്‍ എന്നിവ ഓരോ മാസവും വിനിമയ നിരക്കിലെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നവയാണ് . ഇതിനുപുറമെ വിമാന ടിക്കറ്റ് നിരക്കുകളും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും വര്‍ദ്ധിച്ചു

വായ്പകള്‍ അപര്യാപ്തമാകുന്നു; ടോപ്പ്- അപ്പുകളെ ആശ്രയിച്ച് കുടുംബങ്ങള്‍

കോഴ്‌സ് ആരംഭിക്കുന്ന സമയത്ത് കണക്കാക്കിയ സാമ്പത്തിക ബജറ്റുകളെല്ലാം ഇപ്പോള്‍ പാളുന്ന അവസ്ഥയാണ്. വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ലോണിനായി അപേക്ഷിക്കുന്ന സമയത്തെ വിനിമയ നിരക്ക് അനുസരിച്ചാണ് ബാങ്കുകള്‍ തുക അനുവദിക്കുന്നത്. എന്നാല്‍ വായ്പ പാസായ ശേഷം രൂപയുടെ മൂല്യം ഇടിയുമ്പോള്‍, അനുവദിച്ച തുക കൊണ്ട് ട്യൂഷന്‍ ഫീസും ജീവിതച്ചിലവും പൂര്‍ണ്ണമായി കവര്‍ ചെയ്യാന്‍ കഴിയാതെ വരുന്നു. ഒന്ന് ഒന്‍പതോ രണ്ട് വര്‍ഷമോ മുന്‍പത്തെ വിനിമയ നിരക്ക് പ്രകാരം ലോണ്‍ എടുത്തവര്‍ക്ക് ഇപ്പോള്‍ തുക തികയാത്ത അവസ്ഥയാണ്. ഇതോടെ ഉയര്‍ന്ന തുകയ്ക്കുള്ള ടോപ്പ്-അപ്പ് ലോണുകള്‍ എടുക്കാനും, കൂടുതല്‍ വായ്പകള്‍ കണ്ടെത്താനും, സമ്പാദ്യത്തില്‍ നിന്ന് പണം പിന്‍വലിക്കാനും കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഭാവിയിലെ ഇത്തരം തിരിച്ചടികള്‍ നേരിടാന്‍ പലരും തുടക്കത്തില്‍ തന്നെ കൂടുതല്‍ തുക വായ്പയായി വാങ്ങാനും തുടങ്ങിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ പുതിയ വഴികള്‍ തേടുന്നു

രൂപയുടെ മൂല്യത്തകര്‍ച്ച വിദേശപഠനത്തോടുള്ള താല്പര്യം കുറയ്ക്കുന്നില്ലെങ്കിലും, കുട്ടികള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ മാറ്റം വരുത്തുന്നുണ്ട്. കുടുംബങ്ങള്‍ ഇപ്പോള്‍ കുറഞ്ഞ ചിലവില്‍ മികച്ച പഠനം സാധ്യമാകുന്ന വഴികളാണ് നോക്കുന്നത്.

ജര്‍മ്മനിയും ഫ്രാന്‍സും: ജര്‍മ്മനിയിലെ പല പൊതു സര്‍വ്വകലാശാലകളിലും ട്യൂഷന്‍ ഫീസ് ഇല്ലെന്നതും ഫ്രാന്‍സില്‍ കുറഞ്ഞ ചിലവും സ്‌കോളര്‍ഷിപ്പും ലഭിക്കുമെന്നതും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു.

അയര്‍ലന്‍ഡും ന്യൂസിലന്‍ഡും: പഠനത്തിന് ശേഷം മികച്ച തൊഴിലവസരങ്ങള്‍ ഉള്ളതിനാല്‍ ഈ രാജ്യങ്ങളിലേക്കും താല്പര്യം കൂടുന്നുണ്ട്.