മദ്യവില്‍പ്പനയിലെ ഇടിവ് മറികടക്കാന്‍ 2026 ഫിഫ ലോകകപ്പില്‍ കോടികള്‍ നിക്ഷേപിക്കുകയാണ് പ്രമുഖ മദ്യക്കമ്പനികള്‍. ചരിത്രത്തിലാദ്യമായി ഫിഫയുടെ ഔദ്യോഗിക മദ്യ സ്പോൺസറായി ഡിയാജിയോ എത്തുമ്പോൾ, അൻഹ്യൂസർ-ബുഷ്, ഹൈനെകെൻ തുടങ്ങിയ ബിയർ ഭീമൻമാരും വൻതോതിലുള്ള പരസ്യപ്രചാരണങ്ങൾക്ക് തയ്യാറെടുക്കുന്നു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ 2026 ഫിഫ ലോകകപ്പ് ആഘോഷിക്കുമ്പോള്‍, കളിമുറ്റത്തേക്ക് കണ്ണുനട്ടിരിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മദ്യനിര്‍മ്മാണ കമ്പനികള്‍! അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ കുറച്ചുകാലമായി മദ്യവില്‍പ്പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ലോകകപ്പ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്കായും പരസ്യങ്ങള്‍ക്കായും കോടിക്കണക്കിന് ഡോളറാണ് പ്രമുഖ ബിയര്‍- മദ്യ കമ്പനികള്‍ ഒഴുക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റാണ്. 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പില്‍ ആറ് ആഴ്ചകളിലായി 104 മത്സരങ്ങളാണ് നടക്കുക. ഈ സാഹചര്യം ബിയര്‍, വൈന്‍, മറ്റ് മദ്യങ്ങള്‍ എന്നിവയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നും ഇത് വലിയൊരു ഉത്തേജനമായിരിക്കുമെന്നും കമ്പനികള്‍ വിലയിരുത്തുന്നു.
ഡിയാജിയോയ്ക്ക് ജീവന്‍ മരണ പോരാട്ടം
മദ്യവ്യവസായ ഭീമനായ ഡിയാജിയോയ്ക്ക് ഈ ലോകകപ്പ് അങ്ങേയറ്റം നിര്‍ണ്ണായകമാണ്. കമ്പനിയുടെ വടക്കേ അമേരിക്കയിലെ വരുമാനത്തില്‍ 9 ശതമാനവും, യുഎസിലെ മദ്യവില്‍പ്പനയില്‍ 15 ശതമാനവും ഇടിവാണ് അടുത്തിടെ രേഖപ്പെടുത്തിയത്. പ്രമുഖ ബ്രാന്‍ഡായ 'കാസാമിഗോസ് ടെക്വില'യുടെ വിപണിയിലെ ഡിമാന്‍ഡ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. ഈ പ്രതിസന്ധി മറികടക്കാന്‍ ചരിത്രത്തിലാദ്യമായി ഫിഫയുടെ ഔദ്യോഗിക മദ്യ സ്‌പോണ്‍സറായി ഡിയാജിയോ കരാറിലെത്തിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് സ്റ്റേഡിയങ്ങളിലും ഫാന്‍ ഫെസ്റ്റിവലുകളിലും ഔദ്യോഗികമായി മദ്യം വില്‍ക്കാന്‍ അനുമതി ലഭിക്കുന്നത്. ഈ സുവര്‍ണ്ണാവസരം ഉപയോഗിച്ച് ബുക്കാനന്‍സ് സ്‌കോച്ച് വിസ്‌കി, ഡോണ്‍ ജൂലിയോ 1942, കാസാമിഗോസ് തുടങ്ങിയ തങ്ങളുടെ മുന്‍നിര ബ്രാന്‍ഡുകളെ ദശലക്ഷക്കണക്കിന് ആരാധകരിലേക്ക് എത്തിക്കാനാണ് ഡിയാജിയോയുടെ പദ്ധതി
കണ്ണുനട്ട് ബിയര്‍ കമ്പനികളും
ആളുകള്‍ അനാവശ്യ ചെലവുകള്‍ ചുരുക്കുന്നതും കോക്ടെയിലുകളിലേക്കും ആല്‍ക്കഹോള്‍ രഹിത പാനീയങ്ങളിലേക്കും മാറുന്നതും ബിയര്‍ വിപണിയെയും കാലങ്ങളായി ബാധിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഫിഫയുടെ ഔദ്യോഗിക ബിയര്‍ സ്‌പോണ്‍സറായ അന്‍ഹ്യൂസര്‍- ബുഷ് ഇന്‍ബെവ്, തങ്ങളുടെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡായ 'മൈക്കലോബ് അള്‍ട്രാ'യെ മുന്‍നിര്‍ത്തിയാണ് ഇത്തവണ കളം നിറയുന്നത്. ആരാധകര്‍ ഒരുമിച്ചിരുന്ന് കളി കാണാന്‍ സാധ്യതയുള്ള ബാറുകള്‍ കേന്ദ്രീകരിച്ച് വന്‍ പ്രമോഷനുകളാണ് ഇവര്‍ നടത്തുന്നത്.
ഔദ്യോഗിക സ്‌പോണ്‍സര്‍ അല്ലെങ്കിലും ഹൈനെകന്‍ ബാറുകളിലെ പരസ്യങ്ങള്‍ക്കായി തങ്ങളുടെ ബജറ്റ് 200 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മില്‍സണ്‍ കൂര്‍സ് തങ്ങളുടെ ഫുട്‌ബോള്‍ കേന്ദ്രീകൃത പരസ്യങ്ങള്‍ക്കായി 60 ശതമാനം തുക അധികം മാറ്റിവെച്ചു. കൂടാതെ, ആല്‍ക്കഹോള്‍ രഹിത പാനീയങ്ങളോടുള്ള താല്പര്യം കൂടുന്നതിനാല്‍ തങ്ങളുടെ നോണ്‍-ആല്‍ക്കഹോളിക് ബിയറായ 'കൂര്‍സ് 0.0%' പ്രൊമോട്ട് ചെയ്യാനും ഇവര്‍ ഈ ടൂര്‍ണമെന്റ് ഉപയോഗിക്കുന്നുണ്ട്.


