കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്താതെ ആയതോടെയാണ് നാട്ടുകാരുടെ കഷ്ചകാലവും കുരങ്ങന്മാരുടെ നല്ല കാലവും തുടങ്ങിയത്.

ഒരു നഗരത്തെ മുഴുവന്‍ അടക്കി ഭരിച്ച് മധുരപ്രിയന്മാരായ കുരങ്ങന്മാര്‍ (Monkey Menace). കുരങ്ങന്മാര്‍ക്കായി ആഘോഷങ്ങള്‍ വരെ സംഘടിപ്പിച്ചിരുന്ന നഗരത്തില്‍ കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് കുരങ്ങ് ശല്യം വിവരിക്കാവുന്നതിനും അപ്പുറമായത്. തായ്ലാന്‍ഡിലെ (Thailand) ലോപ്ബുരി (Lopburi) നഗരമാണ് ഏതാണ്ട് പൂര്‍ണമായും വാനരന്മാരുടെ ഭരണത്തിന് കീഴിലായത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്താതെ ആയതോടെയാണ് നാട്ടുകാരുടെ കഷ്ചകാലവും കുരങ്ങന്മാരുടെ നല്ല കാലവും തുടങ്ങിയത്.

സഞ്ചാരികള്‍ എത്തിയിരുന്ന കാലത്ത് പരിമിത മേഖലകളില്‍ മാത്രമായിരുന്നു കുരങ്ങന്മാരുടെ കറങ്ങി നടക്കല്‍. കൃത്യമായ ഇടവേളകളില്‍ കുരങ്ങന്മാരെ വന്ധ്യംകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൊവിഡിന് പിന്നാലെ അടച്ചിടലുകള്‍ സജീവമായതോടെ എല്ലാ മേഖലയിലേക്കും കുരങ്ങന്മാരെത്തി. തെരുവകളിലും വീടുകളിലും കുരങ്ങന്മാരുടെ ഭക്ഷണം തേടിയുള്ള ശല്യം അധികരിച്ചതിന് പിന്നാലെ തദ്ദേശീയര്‍ കുരങ്ങന്മാര്‍ക്ക് ഭക്ഷണം നല്‍കി തുടങ്ങി. വിപണിയില്‍ വിലക്കുറവില്‍ ലഭിക്കുന്ന മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകളും പലഹാരങ്ങളുമായിരുന്നു ഇവയ്ക്ക് തീറ്റയായി നല്‍കിയത്. ഇതോടെ ഇവ കൂടുതല്‍ ഊര്‍ജസ്വലരായി ആക്രമണം തുടങ്ങിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കൃത്യമായ ഇടവേളകളിലെ വന്ധ്യംകരണം മുടങ്ങിയതോടെ അംഗബലവും വര്‍ധിച്ചു. നഗരത്തിലെ ആളുകളുടെ ജീവന് തന്നെ വെല്ലുവിളിയാവുന്ന വിധത്തിലാണ് നിലവില്‍ കുരങ്ങന്മാരുടെ വിളയാട്ടം. കുരങ്ങന്മാരുടെ സംഘങ്ങളും ഉണ്ടായതിന് പിന്നാലെ ഇവ തമ്മില്‍ തന്നെ ചേരി തിരഞ്ഞുള്ള പോരാട്ടങ്ങളും ഇവിടെ പതിവാണ്. വടക്കന്‍ ബാങ്കോക്കില്‍ നിന്ന് 90 മൈല്‍ അകലെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

ഭക്ഷണത്തിനായും തങ്ങളുടെ മേഖല തിരിക്കുന്നതിനുമായി കുരങ്ങന്മാര്‍ പോരാടാന്‍ തുടങ്ങിയതോടെ തെരുവുകളില്‍ കുട്ടികള്‍ക്ക് പോലും ഇറങ്ങാനാവാത്ത സാഹചര്യമാണുള്ളത്. നിരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ അടക്കമുള്ള വാഹനങ്ങളും പല തവണ കുരങ്ങന്മാരുടെ അക്രമത്തില്‍ തകരാറിലായി.