യുക്രൈനിലെ സാധാരണക്കാരെയും യുദ്ധത്തടവുകാരെയും റഷ്യന്‍ സൈന്യം ക്രൂരമായി പീഡിപ്പിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.
കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ രഹസ്യ തടവറകള്‍. ഇവിടെ റഷ്യയുടെ മുന്‍കൈയില്‍ ക്രൂരമായ പീഡനങ്ങളാണ് അരങ്ങേറുന്നത്. ബിബിസിയാണ് ഇക്കാര്യം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റഷ്യന്‍ അനുകൂല സേന തടവിലാക്കിയ ലിയുഡ്മില ഹുസൈനോവ (64) ഉള്‍പ്പെടെയുള്ള തടവുകാരുടെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയാണ് ബിബിസി റിപ്പോര്‍ട്ട്.
ക്രൂരമായ പീഡനങ്ങള്‍ക്ക് പേരുകേട്ട ഇസൊല്യാറ്റ്‌സിയ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ചാരവൃത്തി ആരോപിച്ച് ലിയുഡ്മിലയെ പാര്‍പ്പിച്ചിരുന്നത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട തടവുകാലത്ത് താന്‍ നേരിട്ട ശാരീരിക-ലൈംഗിക അതിക്രമങ്ങള്‍ ഇവര്‍ തുറന്നുപറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച യുക്രൈനിലെ മുന്‍ ട്രാഫിക് പോലീസുകാരന്‍ യൂറി ടെമെര്‍ബെക്, റുസ്ലാന്‍ യെരിയോമിചേവ് എന്നീ ഉദ്യോഗസ്ഥരെ ഇവര്‍ തിരിച്ചറിഞ്ഞു. പീഡനത്തിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ റഷ്യയിലും അധിനിവേശ ഉക്രൈനിലും കുടുംബത്തോടൊപ്പം സാധാരണ ജീവിതം നയിക്കുകയാണെന്ന് ബിബിസി അന്വേഷണത്തില്‍ കണ്ടെത്തി. ഖേര്‍സണിലെ പീഡന കേന്ദ്രത്തിന് നേതൃത്വം നല്‍കിയ ആന്ദ്രേ സ്പിവാക് എന്ന റഷ്യന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
അധിനിവേശ പ്രദേശങ്ങളില്‍ യുക്രൈനിലെ സാധാരണക്കാരെയും യുദ്ധത്തടവുകാരെയും റഷ്യന്‍ സൈന്യം ക്രൂരമായി പീഡിപ്പിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. 2023-നും 2025-നും ഇടയില്‍ യുക്രൈനിലെ അധിനിവേശ മേഖലകളില്‍ ഇത്തരം 93 കേന്ദ്രങ്ങളും റഷ്യയില്‍ 102 കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നതായി ബിബിസി കണ്ടെത്തി. 2022-ല്‍ തടവുകാരുടെ കൈമാറ്റത്തിലൂടെ മോചിതയായ ലിയുഡ്മില ഇപ്പോള്‍ സമാനമായ അതിക്രമങ്ങള്‍ നേരിട്ട യുക്രൈന്‍ സ്ത്രീകള്‍ക്കായി സംഘടന നടത്തിവരികയാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി.


