ഭക്ഷണം വിളമ്പുന്ന സമയത്തായിരുന്നു സ്വീഡിഷ് പൗരന്‍ 24കാരിയായ ജീവനക്കാരിയോട് മോശമായി പെരുമാറിയത്.

മുംബൈ: വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ബാങ്കോക്കില്‍ നിന്നുള്ള മുംബൈ വിമാനത്തിലായിരുന്നു സംഭവം. 63കാരനായ എറിക് ഹെറാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ എത്തിയയുടന്‍ വിമാന ജീവനക്കാര്‍ ഇയാളെ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു.

ഭക്ഷണം വിളമ്പുന്ന സമയത്തായിരുന്നു ഇയാള്‍ 24കാരിയായ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. ഭക്ഷണം നല്‍കിയ ശേഷം പിഒഎസ് മെഷ്യനില്‍ കാര്‍ഡ് സൈ്വപ് ചെയ്യാനെന്ന വ്യാജേന ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. എതിര്‍ത്തപ്പോള്‍ ഇയാള്‍ എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് വീണ്ടും അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. 

അതേസമയം, യുവതിയുടെ ആരോപണങ്ങള്‍ തള്ളി എറിക്കിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. എറിക്കിന് വാര്‍ധക്യസഹജരോഗങ്ങളുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. പിഒഎസ് മെഷ്യനില്‍ കാര്‍ഡ് സൈ്വപ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ എയര്‍ഹോസ്റ്റസിന്റെ കൈയില്‍ സ്പര്‍ശിക്കുകയായിരുന്നു. ലൈംഗികഉദേശത്തോടെ ജീവനക്കാരിയുടെ ശരീരത്തില്‍ തൊട്ടിട്ടില്ലെന്നും അഭിഭാഷകന്‍ ദേശീയമാധ്യമത്തോട് പ്രതികരിച്ചു.