ആക്രമണത്തില്‍ ഇവരുടെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അമിത രക്തസ്രാവവും ഉണ്ടായി. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് നിരവധി ശസ്ത്രക്രിയകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്.
സിഡ്‌നി: പ്രശസ്തമായ സിഡ്‌നി ബീച്ചില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിന് ഇരയായി ഗുരുതരാവസ്ഥയിലായിരുന്ന യുവതി കൃത്രിമ അബോധാവസ്ഥയില്‍നിന്നും താല്‍ക്കാലികമായി ഉണര്‍ന്നു. ജൂണ്‍ 13 ശനിയാഴ്ച സിഡ്‌നിയിലെ കൂജി ബീച്ചില്‍ വെച്ചാണ് 34-കാരിയായ അധ്യാപിക ലീ സ്റ്റുവര്‍ട്ടിന് സ്രാവിന്റെ കടിയേറ്റത്.
ആക്രമണത്തില്‍ ഇവരുടെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അമിത രക്തസ്രാവവും ഉണ്ടായി. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് നിരവധി ശസ്ത്രക്രിയകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ഇതിനിടയില്‍ ഇവരുടെ ഒരു കൈ മുറിച്ചു മാറ്റേണ്ടിയും വന്നു. ഈ ചികില്‍സകള്‍ക്കായി ഡോക്ടര്‍മാര്‍ ഇവരെ കൃത്രിമ അബോധാവസ്ഥയിലാക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ മരുന്നുകളുടെ അളവ് കുറച്ചതിനെ തുടര്‍ന്നാണ് ലീ താല്‍ക്കാലികമായി കണ്ണ് തുറന്നത്.
അരികിലുണ്ടായിരുന്ന അമ്മയോടും പങ്കാളിയോടും 'ഐ ലവ് യൂ' എന്ന് പറഞ്ഞ ഇവര്‍, തന്റെ മകള്‍ സുഖമായിരിക്കുന്നുവോ എന്നും ചോദിച്ചതായി സഹോദരന്‍ പറഞ്ഞു. 'പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് ലീ പ്രതികരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ച അത്ഭുതമാണിത്,' സഹോദരന്‍ പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ലീക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് ശസ്ത്രക്രിയകള്‍ നടത്തി. വരും ആഴ്ചകളില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ വേണ്ടി വരും. പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കുമെങ്കിലും ഈ ആദ്യ ചുവടുവെപ്പ് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് കുടുംബം വ്യക്തമാക്കി.
അധ്യാപികയായ ലീ ശനിയാഴ്ച രാവിലെ നീന്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്രാവിന്റെ പിടിയിലകപ്പെട്ടത്.
ഈ വര്‍ഷം ഓസ്ട്രേലിയയില്‍ സ്രാവുകളുടെ ആക്രമണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ജനുവരിയില്‍ മാത്രം രണ്ട് ദിവസത്തിനിടെ നാല് സ്രാവ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ സിഡ്‌നി ബീച്ചില്‍ കടിയേറ്റ ഒരു കുട്ടി പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. തൊട്ടടുത്ത മാസങ്ങളില്‍ ക്വീന്‍സ്ലന്‍ഡിലും വെസ്റ്റേണ്‍ ഓസ്ട്രേലിയയിലും സ്രാവിന്റെ ആക്രമണത്തെ തുടര്‍ന്ന് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


