വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം, കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഇതുവരെ താലിബാന്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ ഇവിടുത്തേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും താലിബാന്‍ അടച്ചിരിക്കുകയാണ്.

കാബൂള്‍: തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചതോടെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരത്തില്‍ നിന്നും കൂട്ടമായി നടുവിടാനുള്ള വഴിനോക്കി ജനങ്ങള്‍. വിവിധ അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാബൂള്‍ വിമാനതാവളത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. ആയിരങ്ങളാണ് വിമാനതാവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. എത്രയും വേഗം അഫ്ഗാനിസ്ഥാന്‍ മണ്ണ് വിടാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ നിലവില്‍ വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം, കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഇതുവരെ താലിബാന്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ ഇവിടുത്തേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും താലിബാന്‍ അടച്ചിരിക്കുകയാണ്. അതേ സമയം കാബൂള്‍ ദില്ലി വിമാനങ്ങള്‍ കാബൂള്‍ വിമാനതാവളത്തിലെ സ്ഥിതിഗതികളെ തുടര്‍ന്ന് എയര്‍ ഇന്ത്യ സമയമാറ്റം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാബൂളില്‍ നിന്നുള്ള അടിയന്തര ദൗത്യത്തിനായി രണ്ട് വിമാനങ്ങളും, വിമാന ജീവനക്കാരെയും തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. താലിബാന്‍ ഭരണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി വിമാനം തിരിക്കും. ദില്ലിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. 

അതേ സമയം ഇന്നലെ രാത്രി 8 മണിയോടെ കാബൂളില്‍ നിന്നും 128 ഇന്ത്യക്കാരെ എയര്‍ ഇന്ത്യ വിമാനം ദില്ലിയില്‍ എത്തിച്ചു. നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗാനിയുടെ മുഖ്യ ഉപദേശകന്‍ അടക്കം മുതിര്‍ന്ന ചില ഉദ്യോഗസ്ഥരും ഈ വിമാനത്തില്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. 

'കാബൂളില്‍ ശരിക്കും അപകടകരമായ അവസ്ഥയാണ്, എന്‍റെ പത്ത് അംഗ കുടുംബം അവിടെയാണ്, ഞാന്‍ സുരക്ഷിതമായി മാറിയാല്‍ മാത്രമേ അവരെ അഫ്ഗാനിസ്ഥാന് പുറത്ത് എത്തിക്കാന്‍ കഴിയൂ' - അഫ്ഗാന്‍ പ്രസിഡന്‍റിന്‍റെ മുഖ്യ ഉപദേഷ്ടാവായ അഹമ്മദിസായി പറയുന്നു. 

അതേസമയം

കാബൂളിൽ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ താലിബാന്‍ പതാക ഉയർത്തിയതിന് പിന്നാലെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. തലസ്ഥാനമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികൾ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നിൽക്കാതെ തന്നെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിർത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചർച്ചകൾക്കായി താലിബാൻ സംഘം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെത്തി. 

അധികാരമൊഴിയുക അല്ലാതെ മറ്റൊരു വഴിയും പ്രസിഡന്‍റ് അഷ്റഫ് ഗാനിക്ക് മുന്നിലുണ്ടായിരുന്നില്ല. അധികാര കൈമാറ്റം പൂർത്തിയാവും വരെ ഇടക്കാല സർക്കാരിനെ ഭരണമേൽപിക്കാനാണ് ധാരണ. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന അലി അഹമ്മദ് ജലാലിയാവും ഇടക്കാല സർക്കാരിനെ നയിക്കുകയെന്നാണ് വിവരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona