Asianet News MalayalamAsianet News Malayalam

ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെ കുറിച്ച് അറിയില്ലെന്ന് താലിബാൻ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ക്യാമറയിൽ പകര്‍ത്തുന്നതിനിടെയാണ് റോയിട്ടേഴ്സിൻ്റെ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി വെടിയേറ്റ് മരിച്ചത്. എന്നാല്‍ ഡാനിഷ് സിദ്ദിഖി എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ലെന്നാണ് താലിബാന്‍ വക്താവ്  സാബിനുള്ളയുടെ വിശദീകരണം

Taliban denies involvement in photojournalist Danish Siddiqui death
Author
Kabul, First Published Jul 17, 2021, 1:23 PM IST

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെ കുറിച്ച് അറിയില്ലെന്ന് താലിബാൻ. സംഭവത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. മൃതദേഹം നാട്ടിലെത്താൻ നടപടികൾ വേഗത്തിലാക്കണമെന്ന് ഡാനിഷിന്‍റെ കുടുംബം വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു.

താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ക്യാമറയിൽ പകര്‍ത്തുന്നതിനിടെയാണ് റോയിട്ടേഴ്സിൻ്റെ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി വെടിയേറ്റ് മരിച്ചത്. എന്നാല്‍ ഡാനിഷ് സിദ്ദിഖി എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ലെന്നാണ് താലിബാന്‍ വക്താവ്  സാബിനുള്ളയുടെ വിശദീകരണം. യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ അക്കാര്യം അറിയിക്കാറുണ്ട്. അവര്‍ക്ക് ആവശ്യമുള്ള സുരക്ഷ  നല്‍കാറുമുണ്ടെന്നും വക്താവ് പറഞ്ഞു. ഡാനിഷ് സിദ്ദിഖയുടെ മരണത്തിൽ അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് താലിബാന്റെ പ്രതികരണം. താലിബാൻ പ്രസ്താവനയിൽ അഫ്ഗാൻ സേന പ്രതികരിച്ചിട്ടില്ല. 

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാൻ ഇന്നലെ റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിക്ക് കൈമാറിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഫ്ഗാനിലെ സാഹചര്യം രൂക്ഷമായതിനാൽ ഇതിനായി രണ്ട് ദിവസത്തിൽ കൂടുതൽ വേണ്ടിവരുമെന്നാണ് വിദേശകാര്യമന്ത്രാലയം വൃത്തങ്ങൾ പറയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഡാനിഷിന്റെ കുടുംബം വിദേശകാര്യമന്ത്രാലയത്തോട് ആഭ്യർത്ഥിച്ചിട്ടുണ്ട്. 

സർക്കാരിനൊപ്പം ചേർന്ന് എത്രയും വേഗം നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് റോട്ടിയേഴ്സ് വൃത്തങ്ങളും പ്രതികരിച്ചു. ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മാധ്യമപ്രവർത്തകർ ഒത്തുകൂടി. വൈകുന്നേരം ദില്ലിയിലും അനുശോചന പരിപാടികൾ നടക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios