അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ പദ്ധതിയെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എതിർത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിന് കാരണമായി. 

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള നയതന്ത്ര തർക്കം പുതിയ തലത്തിലേക്ക്. ട്രംപിന്‍റെ സ്വപ്ന പദ്ധതിയായ 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനത്തെ കാനഡ എതിർത്തതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. വടക്കേ അമേരിക്കയെ മുഴുവൻ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു പ്രതിരോധ കവചമാണ് 'ഗോൾഡൻ ഡോം'. ഇതിനായി ഗ്രീൻലാൻഡിൽ തന്ത്രപരമായ കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. 'കാനഡയെക്കൂടി സംരക്ഷിക്കുന്ന ഈ പദ്ധതിയെ അവർ എതിർക്കുന്നു. പകരം ചൈനയുമായി ബിസിനസ് ചെയ്യാനാണ് അവർക്ക് താല്പര്യം. ആദ്യ വർഷം തന്നെ ചൈന അവരെ വിഴുങ്ങും' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പരിഹസിച്ചു.

ഈ പദ്ധതിയെ ഒരു 'പ്രൊട്ടക്ഷൻ റാക്കറ്റ്' എന്നാണ് ഐക്യരാഷ്ട്രസഭയിലെ കനേഡിയൻ അംബാസഡർ ബോബ് റേ വിശേഷിപ്പിച്ചത്. അമേരിക്കയുടെ അമിത നിയന്ത്രണത്തിലുള്ള ഈ പദ്ധതിയിൽ ചേരുന്നതിനേക്കാൾ സ്വന്തം പരമാധികാരം സംരക്ഷിക്കാനാണ് കാനഡയുടെ തീരുമാനം.

ദാവോസിലെ വാക്പോര്

'അമേരിക്കയുള്ളതുകൊണ്ടാണ് കാനഡ നിലനിൽക്കുന്നത്. അടുത്ത തവണ പ്രസ്താവനകൾ നടത്തുമ്പോൾ അത് ഓർത്തുവെക്കണം' എന്ന് ട്രംപ് മാർക്ക് കാർണിക്ക് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. കാനഡയ്ക്ക് അമേരിക്ക നൽകുന്ന 'സൗജന്യങ്ങൾ' കണക്കിലെടുത്ത് അവർ നന്ദിയുള്ളവരായിരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 'കാനഡ നിലനിൽക്കുന്നത് അമേരിക്കയുള്ളതുകൊണ്ടല്ല, മറിച്ച് നമ്മൾ കനേഡിയൻമാരായതുകൊണ്ടാണ്' എന്ന് കാർണി തിരിച്ചടിച്ചു. സാമ്പത്തികമായും സുരക്ഷാപരമായും അമേരിക്കയെ മാത്രം ആശ്രയിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുമായുള്ള കാനഡയുടെ നീക്കം

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കെ, കാനഡ ചൈനയുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പിട്ടിരുന്നു. കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ചൈന ഇളവുകൾ നൽകിയപ്പോൾ, ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ക്വാട്ട അനുവദിച്ചു. ഈ നീക്കം ട്രംപിനെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്. മാർക്ക് കാർണിയുടെ വിമർശനങ്ങൾക്കുള്ള പ്രതികാരമായി, ട്രംപ് രൂപീകരിച്ച ആഗോള സമാധാന സമിതിയായ 'ബോർഡ് ഓഫ് പീസിൽ' നിന്ന് കാനഡയ്ക്കുള്ള ക്ഷണവും ട്രംപ് റദ്ദാക്കി.