മറ്റ് പല തീരുമാനങ്ങളെയും പോലെ, നിയമപരമായ അടിത്തറയില്ലാത്തതാണ് ഈ അറസ്റ്റ് വാറണ്ട് എന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം
കാബൂൾ: താലിബാൻ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി ആവശ്യപ്പെട്ട അറസ്റ്റ് വാറണ്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. മറ്റ് പല തീരുമാനങ്ങളെയും പോലെ, നിയമപരമായ അടിത്തറയില്ലാത്തതാണ് ഈ അറസ്റ്റ് വാറണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചു.
ഇരുപത് വർഷം വിദേശ ശക്തികളും അവരുടെ ആഭ്യന്തര സഖ്യകക്ഷികളും നടത്തിയ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും നേരെ കണ്ണടച്ചവരാണ് ഇപ്പോൾ ഇരട്ടത്താപ്പ് നടത്തുന്നത്. ലോകമെമ്പാടും മനുഷ്യാവകാശങ്ങളുടെ ഒരു പ്രത്യേക വ്യാഖ്യാനം അടിച്ചേൽപ്പിക്കാനും ലോകമെമ്പാടുമുള്ള ആളുകളുടെ മതപരവും ദേശീയവുമായ മൂല്യങ്ങളെ അവഗണിക്കാനും അന്താരാഷ്ട്ര കോടതി ശ്രമിക്കരുതെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, താലിബാൻ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ഇന്റർനാഷണൽ ക്രിമിനൽ കോടതിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് അഫ്ഗാൻ വുമൺസ് ഗ്രൂപ്പ് രംഗത്ത് വന്നിരുന്നു. ചരിത്രപരമായ തീരുമാനമെന്നാണ് അഫ്ഗാൻ വുമൺസ് ഗ്രൂപ്പ് ഈ നീക്കത്തെ വിലയിരുത്തിയത്. അഫ്ഗാൻ സ്ത്രീകളുടെ ഇച്ഛാശക്തിയുടെ പ്രതീകമായി കണക്കാക്കുന്നുവെന്നും രാജ്യത്ത് നീതിയുടെ പുതിയ അധ്യായം ഇതുവഴി തുറക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അഫ്ഗാൻ വുമൺസ് മൂവ്മെന്‍റ് വ്യക്തമാക്കി.
സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ അഴിച്ചുവിട്ടതിന് ഹിബത്തുള്ള അകുന്ദ്സാദ ഉൾപ്പടെയുള്ള രണ്ട് ഉന്നത താലിബാൻ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഇന്റർനാഷണൽ ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടർ കരിം ഖാൻ ആവശ്യപ്പെട്ടിരുന്നു. 2021ൽ താലിബാൻ ഭരണം പിടിച്ചെടുത്തശേഷം പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളെ വിലക്കിയിരുന്നു.
കൂടാതെ ആറാം ക്ലാസുവരെ മാത്രമായിരുന്നു വിദ്യാഭ്യാസം ചെയ്യാനും അനുവദിച്ചിരുന്നത്. കോടതിയുടെ തീരുമാനത്തിൽ ഇതുവരെയും താലിബാൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് ദുരന്തവും പരിഹാസകരവുമാണെന്ന് അഫ്ഗാനിസ്താനിലെ യുഎൻ മിഷൻ അഭിപ്രായപ്പെട്ടിരുന്നു.
