അധികാര കൈമാറ്റം സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുൻ പ്രസിഡന്‍റ് ഹാമിദ് കർസായി, എച്ച്സിഎൻആർ ചെയർമാൻ അബ്ദുള്ള അബ്ദുള്ള , ഹെസ്ബ് - ഇ - ഇസ്ലാമി നേതാവ് ഗുൽബുദ്ദീൻ ഹെക്മത്യാർ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമതി രൂപീകരിച്ചിട്ടുണ്ട്
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരമായ കാബൂളും വീണു. താലിബാൻ വീണ്ടും രാജ്യത്ത് അധികാരത്തിലേക്ക് വരികയാണ്. നഗരത്തിൽ കടന്ന താലിബാൻ പ്രസിഡൻ്റിന്റെ കൊട്ടാരവും കീഴടക്കി. പ്രസിഡൻ്റിന്‍റെ കൊട്ടാരത്തിൽ നിന്ന് തന്നെ ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയിപ്പ്.
കൊട്ടാരത്തിൻ്റെ സുരക്ഷ ചുമതല താലിബാൻ്റെ ബദ്രി യൂണിറ്റ് ഏറ്റെടുത്തുവെന്നാണ് താലിബാൻ അനുകൂല മാധ്യമമായ മാഷൽ അഫ്ഗാൻ റിപ്പോർട്ട് ചെയ്യുന്നത്.
അധികാര കൈമാറ്റം സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുൻ പ്രസിഡന്‍റ് ഹാമിദ് കർസായി, എച്ച്സിഎൻആർ ചെയർമാൻ അബ്ദുള്ള അബ്ദുള്ള , ഹെസ്ബ് - ഇ - ഇസ്ലാമി നേതാവ് ഗുൽബുദ്ദീൻ ഹെക്മത്യാർ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമതി രൂപീകരിച്ചിട്ടുണ്ട്. ഹാമിദ് കർസായി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രസിഡൻ്റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിൽ അഭയം തേടിയെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിൽ കടക്കില്ലെന്നും ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്നും ആദ്യം പറഞ്ഞ താലിബാൻ നഗരത്തിൽ കടന്ന് കഴിഞ്ഞു. ജനം ആശങ്കയിലാണ്. അരാജകാവസ്ഥയാണ് തെരുവുകളിൽ. അഫ്ഗാൻ സൈന്യം ഉപേക്ഷിച്ച ചെക്പോസ്റ്റുകളാണ് താലിബാൻ ഏറ്റെടുത്തതെന്നായിരുന്നു വിശദീകരണം.
ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ അമേരിക്കയ്ക്ക് തിരിച്ചു. സമാധാന നടപടികളെക്കുറിച്ചുള്ള യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. അഫ്ഗാൻ വിഷയവും ഉയർന്നു വന്നേക്കാം. നാളെയും മറ്റന്നാളുമായാണ് യോഗം
അതേ സമയം കാബൂളിൽ നിന്ന് ദില്ലിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ അഫ്ഗാൻ അധികാരികളുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഗനി സർക്കാരിലുണ്ടായിരുന്ന ചിലർ വിമാനത്തിലെത്തിയതായാണ് റിപ്പോർട്ട്.
