ഷോപ്പിംഗ് സെന്ററിൽ നിന്ന് താഴേയ്ക്ക് ചാടി 17 കാരി, നടപ്പാതയിലുണ്ടായിരുന്ന 32കാരിക്ക് ദാരുണാന്ത്യം
ഷോപ്പിംഗ് സെന്ററിന് മുകളിൽ നിന്ന് താഴേയ്ക്ക് ചാടിയ 17കാരി ബഹുനില കെട്ടിടത്തിന് മുന്നിലുള്ള നടപ്പാതയിൽ നിന്ന സ്ത്രീയുടെ മേലേയ്ക്കാണ് വീണത്.
യോക്കോഹമാ: ബഹുനില ഷോപ്പിംഗ് സെന്ററിന് മുകളിൽ നിന്ന് താഴേയ്ക്ക് ചാടി 17കാരി. നടപ്പാതയിലുണ്ടായിരുന്ന 32കാരിക്ക് ദാരുണാന്ത്യം. ജപ്പാനിലെ യോക്കോഹമാ നഗരത്തിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് ജീവനൊടുക്കാനുള്ള കൌമാരക്കാരിയുടെ ശ്രമത്തിനിടെ ഒരാൾ കൊല്ലപ്പെട്ടത്. ഷോപ്പിംഗ് നഗരമായ യോക്കോഹമായിലെ പ്രമുഖ ഷോപ്പിംഗ് സെന്ററിന് മുകളിൽ നിന്ന് താഴേയ്ക്ക് ചാടിയ 17കാരി ബഹുനില കെട്ടിടത്തിന് മുന്നിലുള്ള നടപ്പാതയിൽ നിന്ന സ്ത്രീയുടെ മേലേയ്ക്കാണ് വീണത്. സംഭവത്തിൽ രണ്ട് പേരും മരിക്കുകയായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതിയ സ്കൂൾ വർഷാംരംഭത്തിന് മുൻപുള്ള കടന്ന കൈ എന്തിനാണെന്നുള്ള അന്വേഷണം നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം 513 കുട്ടികളാണ് ജപ്പാനിൽ ജീവനൊടുക്കിയത്. മിക്ക സംഭവങ്ങളിലും സ്കൂളുകളിൽ നിന്നുള്ള പ്രശ്നങ്ങളാണ് കടുകൈ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിച്ചതെന്നാണ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. കുടുംബ പ്രശ്നങ്ങളും സ്കൂളിലെ സഹപാഠികളുടെ പെരുമാറ്റവും സുഹൃത്തുക്കളുമായി ഉള്ള പ്രശ്നങ്ങളും കടന്ന കൈ സ്വീകരിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയിൽ വ്യക്തമായത്. ഇതിന് പിന്നാലെ ആത്മഹത്യ ചെറുക്കുന്നതിനായി പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ജപ്പാനിൽ പുരോഗമിക്കുന്നതിനിടയിലാണ് ശനിയാഴ്ചത്തെ സംഭവം.
ജപ്പാനിലെ പ്രമുഖ മാധ്യമങ്ങളുടെ അടക്കം പങ്കാളിത്തതോടെയാണ് അവബോധ പരിപാടികൾ ജപ്പാൻ സർക്കാർ നടത്തുന്നത്. 2020ൽ ഒസാക്കയിൽ നടന്ന ആത്മഹത്യയ്ക്ക് സമാനമാണ് ശനിയാഴ്ചത്തെ സംഭവവും. 2020ൽ 17കാരന്റെ ആത്മഹത്യാ ശ്രമം 19കാരിയുടെ ജീവൻ നഷ്ടമാകാൻ കാരണമായിരുന്നു. സംഭവത്തിൽ 17കാരനെതിരെ കൊലപാതകത്തിന് കേസ് എടുത്തിരുന്നു. എന്നാൽ ശനിയാഴ്ചത്തെ സംഭവത്തിൽ ആർക്കെതിരെയും നടപടി എടുത്തിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. പൊതുവെ ജപ്പാനിലെ പ്രായപൂർത്തി ആയ ആളുകളിൽ ആത്മഹത്യാ പ്രവണത കുറയുന്നതിനിടയിലാണ് യുവതലമുറയിൽ പ്രവണത വർധിക്കുന്നത്. കൌമാരക്കാരുടെ മരണത്തിന് ആത്മഹത്യ പ്രധാന കാരണമാകുന്ന ജി 7 രാജ്യം കൂടിയാണ് ജപ്പാൻ.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം