കൊടുംചൂടിൽ കടലിൽ വെള്ളം പോലും കുടിക്കാനില്ലാതെ സൂര്യാഘാതമേറ്റ് റബ്ബർ റിംഗിൽ പിടിച്ച് കിടന്നിരുന്ന യുവാവിനെ രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കാണാനില്ല. ആറ് മണിക്കൂർ നീന്തിയാൽ സ്പെയിൻ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു യാത്ര തുടങ്ങിയത്
മലാഗ: സ്പെയിനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ 23കാരൻ റബ്ബർ റിംഗിന്റെ സഹായത്തോടെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയത് 40 മണിക്കൂർ. ഈജിപ്തിൽ നിന്ന് സ്പെയിൻ ലക്ഷ്യമാക്കി പുറപ്പെട്ട റാഫി നദിയെന്ന 23കാരനെ കടലിൽ റബ്ബർ റിംഗിന്റെ സഹായത്തോടെ ഒഴുകി നടക്കുന്ന നിലയിലാണ് മാരിടൈം സർവീസ് റെസ്ക്യൂ കപ്പൽ കണ്ടെത്തിയത്. വെള്ളം കുടിക്കാതെ, തളർന്ന് അവശനായി, കൊടും ചൂടിലും കടൽ വെള്ളത്തിലും പൊള്ളിയ നിലയിലാണ് യുവാവിനെ കടലിൽ നിന്ന് രക്ഷിക്കുന്നത്. നിരവധി കപ്പലുകൾ സമീപത്തുകൂടി കടന്ന് പോയെങ്കിലും യുവാവിനെ ശ്രദ്ധിച്ചിരുന്നില്ല. രക്ഷാപ്രവർത്തനം നടത്തിയ കപ്പലിന്റെ ഡെക്കിൽ തളർന്ന് വീണ 23കാരനെ കരയിലെത്തിച്ച ശേഷം പൊലീസിനും റെഡ് ക്രോസിനും കൈമാറുകയായിരുന്നു. മൊറോക്കോയുടെ അതിർത്തി പ്രദേശമായ ഫ്നിഡെക് തീരത്ത് നിന്നാണ് 17കാരനായ സുഹൃത്തിനൊപ്പം സ്പെയിനിലേക്ക് കടക്കാനുള്ള ശ്രമം 23കാരൻ ആരംഭിച്ചത്.
വടക്കേ ആഫ്രിക്കൻ തീരമായ സ്യൂട്ടയിൽ നിന്ന് ആറ് മണിക്കൂറുകൾ കൊണ്ട് നീന്തിയാൽ സ്പെയിനിലെ താരിഫയിലേക്ക് എത്തുമെന്ന കണക്കുകൂട്ടലായിരുന്നു യുവാക്കളുണ്ടായിരുന്നത്. എന്നാൽ സ്യൂട്ടയിൽ നിന്ന് അതിർത്തി സംരക്ഷണ സേനയുടെ കണ്ണ് വെട്ടിച്ച കടക്കാൻ സാധിക്കാതെ വന്നതോടെ മറ്റ് മാർഗങ്ങൾ തിരഞ്ഞ യുവാക്കളോട് അതിർത്തി കടത്തി നൽകാൻ വൻതുകയാണ് കള്ളക്കടത്ത് സംഘങ്ങൾ ആവശ്യപ്പെട്ടത്. ഇതോടെ സ്വന്തം നിലയ്ക്ക് കടൽ മുറിച്ച് കടക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. രാത്രിയിൽ കടത്തീരത്ത് നിന്ന് കടലിലേക്ക് ഇറങ്ങി മറുകര ലക്ഷ്യമിട്ട് യുവാക്കൾ നീന്തുകയായിരുന്നു. കാലാവസ്ഥ പ്രവചനങ്ങൾ അനുസരിച്ച് ശാന്തമായ കടൽ പ്രതീക്ഷിച്ച് ഇറങ്ങിയ യുവാക്കളെ പ്രക്ഷുബ്ദമായ കടലാണ് കാത്തിരുന്നത്. എട്ട് മണിക്കൂറിലേറെ നീന്തിയിട്ടും കര കാണാതെ വരികയായിരുന്നു.
ഒരു തുള്ളി വെള്ളം പോലും കുടിക്കാനില്ലാതെ, നടുക്കടലിൽ, സൂര്യാഘാതമേറ്റ് 40 മണിക്കൂർ
ഇതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കാണാതെയും ആയി. പ്രകാശം വന്നതോടെ വെള്ളമല്ലാതെ മറ്റൊന്നും കാണാതെ വരുകയായിരുന്നു. ഒരിക്കൽ പോലും കുടുംബത്തെ കാണാതെയും താൻ മരണപ്പെട്ടുവെന്ന വിവരം വീട്ടുകാർ പോലും തിരിച്ചറിയാതെ വരുമെന്ന ഭീതിയിൽ രണ്ട് ദിവസത്തിലേറെ കടലിൽ ഒരു റബ്ബർ റിംഗിന്റെ മാത്രം സഹായത്തോടെ ഒഴുകിയ യുവാവിനെ അതീവ അവശനിലയിലാണ് രക്ഷിച്ചത്. സമീപത്ത് കൂടി കടന്ന് പോയിരുന്ന കൂറ്റൻ കപ്പലുകളുടെ ശ്രദ്ധയിൽ വരാൻ ബഹളമുണ്ടാക്കാൻ പോലും സാധിക്കാത്ത നിലയിൽ അവശനായിരുന്നു യുവാവ്. മെഡിസിൻ പഠനം സാധ്യമാകാതെ വന്നതോടെയാണ് യൂറോപ്പിലൊരു ജോലിയെന്ന ലക്ഷ്യവുമായി 23കാരൻ സ്പെയിനിലേക്ക് പുറപ്പെട്ടത്. പുറപ്പെട്ട സ്ഥലത്ത് നിന്ന് 100 കിലോമീറ്ററിലേറെ അകലെയുള്ള കോസ്റ്റ ഡെൽ സോളിന് സമീപത്ത് നിന്നാണ് യുവാവിനെ രക്ഷിച്ചത്. രണ്ട് ആഴ്ചയോളം റെഡ് ക്രോസ് ക്യാംപിൽ തങ്ങിയ ശേഷമാണ് റാഫി നദിയെ വിട്ടയയ്ക്കുന്നത്.


