ദില്ലി: തീവ്രവാദത്തില്‍ ചൈനയ്ക്കെതിരെ ഒളിയമ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിന്‍റെ സാന്നിധ്യത്തില്‍ ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. 

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ചൈന പിന്തുണയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുടെ പരോക്ഷ വിമര്‍ശനം. ലോകം നേരിടുന്ന വലിയ പ്രശ്നമാണ് ഭീകരവാദം. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ളത് തുല്യ ഉത്തരവാദിത്തമാണ്. ഭീകരവാദത്തിനെതിരെ കൂട്ടായ ചെറുത്തു നില്‍പ്പാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ ആറ് മാസമായി ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിന്‍റെ വക്കില്‍  തുടരുമ്പോള്‍ രണ്ടാം തവണയാണ് മോദിയും ഷീ ജിന്‍പിങ്ങും ബ്രിക്സ് വേദിയില്‍ മുഖാമുഖം വന്നത്.  തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്കും തുല്യ ഉത്തരവാദിത്തമെന്ന് പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ചൈനയെ ഉന്നം വച്ച് പ്രധാനമന്ത്രി പറഞ്ഞു.  

ആഗോള വേദികള്‍ പുനസംഘടിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാടും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഐഎംഎഎഫും ലോകാരോഗ്യ സംഘടനയിലും പരിഷ്കാരങ്ങള്‍ വേണം. കഴിഞ്ഞ പത്തിന് നടന്ന ഷാങ് ഹായ് സഹകരണ ഉച്ചകോടിയില്‍ ഒത്തുതീര്‍പ്പി ന്  തയ്യാറാകാത്ത ചൈനയുടെ നിലപാടിനെ  പ്രധാനമന്ത്രി അപലപിച്ചിരുന്നു.

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച വേളയിലും  അതിര്‍ത്തി വെട്ടിപ്പിടിക്കാനുള്ള ചൈനയുടെ ശ്രമത്തെ പ്രധാനമന്ത്രി ശക്തമായി വിമര്‍ശിച്ചു. ഇന്ത്യ ചൈന അതിര്‍ത്തി വിഷയം പരിഹരിക്കാന്‍ ഇതിനോടകം നടന്ന നയതന്ത്ര സൈനിക ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ആറിന് ചേര്‍ന്ന എട്ടാമത് കമാന്‍ഡര്‍ തല ചര്‍ച്ചയും തീരുമാനാകാതെയാണ് പിരിഞ്ഞത്.

അതേ സമയം ഇന്ത്യ ചൈന തര്‍ക്കം ഇന്ന് ചര്‍ച്ചയാകില്ലെന്നാണ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന റഷ്യ വ്യക്തമാക്കിയത്. ബ്രിക്സ് രാജ്യങ്ങളുടെ ഉന്നമനത്തിന് സഹായിക്കുന്ന വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ചചെയ്യുമെന്നും അതിലെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും സ്വീകരിക്കാമെന്നുമാണ് റഷ്യന്‍ വിദേശ കാര്യ സഹമന്ത്രി സെര്‍ജി റ്യാകോബ് വ്യക്തമാക്കിയത്.