കൊടും ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ വിശ്വസ്തനായ ഇയാളെ കഴിഞ്ഞ 28ന് കീഴ്പ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകം, തീവ്രവാദമടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ദല്ലക്കായി പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

ദില്ലി: ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദീപ് ദല്ലയെ കീഴ്പ്പെടുത്തിയ വിവരം ഇന്ത്യക്ക് കൈമാറാതെ കാനഡ. കൊടും ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ വിശ്വസ്തനായ ഇയാളെ കഴിഞ്ഞ 28ന് കീഴ്പ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകം, തീവ്രവാദമടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ദല്ലക്കായി പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

സുപ്രധാന വിവരങ്ങള്‍ കൈമാറുന്നതില്‍ പോലും തടസമായി ഇന്ത്യക്കും കാനഡക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വരുകയാണ്. ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദീപ് ദല്ലയെ കീഴ്പ്പെടുത്തി ഒന്നരയാഴ്ച പിന്നിട്ടിട്ടും കാനഡ ഔദ്യോഗികമായി വിവരം ഇന്ത്യയെ അറിയിച്ചിട്ടില്ല. മില്‍ട്ടണില്‍ നടന്ന വെടിവെയ്പിനിടെ കീഴ്പ്പെടുത്തിയെന്നാണ് വിവരം. കീഴ്പ്പെടുത്തിയ കാര്യമോ ഇപ്പോള്‍ എവിടെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന വിവരമോ കാനഡ കൈമാറിയിട്ടില്ല. കാനഡയിലെ സുരേയില്‍ കഴിയുകയായിരുന്ന ദല്ലക്കെതിരെ യുഎപിഎ അടക്കം നിരവധി കേസുകളുണ്ട്. 2020ല്‍ ദേര സച്ച സൗദയുടെ രണ്ട് അനുയായികളെ പഞ്ചാബില്‍ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് അര്‍ഷ് ദീപ് ദല്ല. ഖലിസ്ഥാന്‍ തീവ്രവാദത്തിലേക്ക് നിരവധി യുവാക്കളെ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാള്‍ കാനഡയിലേക്ക് കടന്നിരുന്നു.

തീവ്രവാദികളുടെ പട്ടികയിലുള്ള അര്‍ഷ് ദീപ് ദല്ലയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കാനഡ അവഗണിച്ചിരുന്നു. ഇതിനിടെ കാനഡയിൽ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ദില്ലിയിൽ സിഖ് സംഘടനകള്‍ കാനഡ എംബസിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹിന്ദു - സിഖ് ഐക്യത്തെ തകർക്കാനുള്ള ചിലരുടെ നീക്കമാണ് ആക്രമണത്തിന് പിന്നിലെന്നും, കാനഡ ശക്തമായ നടപടിയെടുക്കണമെന്നും പ്രതിഷേധിച്ചവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് കാനഡ എംബസിക്ക് സുരക്ഷ കൂട്ടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം