2025 ഡിസംബർ 31 മുതൽ 2026 ജനുവരി 4 വരെ നീളുന്ന ഈ അവധി, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാൻ ലക്ഷ്യമിടുന്നു. 

തദ്ദേശീയരെയും ടൂറിസം വ്യവസായത്തെയും സന്തോഷിപ്പിക്കുന്ന വമ്പൻ പ്രഖ്യാപനവുമായി തായ്ലൻഡ് സർക്കാർ. പുതുവത്സരം പ്രമാണിച്ച് അഞ്ച് ദിവസത്തെ അവധിയാണ് സർക്കാർ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 4 വരെയാണ് അവധി. ആഭ്യന്തര ടൂറിസത്തെ ഉത്തേജിപ്പിക്കുകയും പ്രാദേശിക ബിസിനസുകൾ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് പ്രഖ്യാപനത്തിന് പിന്നിൽ.

ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനും സാമ്പത്തികമായ ഉത്തേജനം ത്വരിതപ്പെടുത്താനും രാജ്യത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ സമ്പത്ത് പൗരന്മാർക്ക് മുന്നിൽ തുറന്നിടുകയാണ് തായ്ലൻഡ്. ശാന്തമായ ദ്വീപുകൾ മുതൽ പർവതനിരകൾ വരെ അനന്തമായി നീണ്ടുകിടക്കുന്ന ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് നീണ്ട അവധിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

2025 ഡിസംബർ 31: പുതുവത്സരാഘോഷം

2026 ജനുവരി 1: പുതുവത്സര ദിനം

2026 ജനുവരി 2: പ്രത്യേക പൊതു അവധി

2026 ജനുവരി 3–4: വാരാന്ത്യം

ഹോട്ടൽ ബുക്കിംഗുകൾ, ഗതാഗതം, പ്രാദേശിക കച്ചവടങ്ങൾ എന്നിവ ഗണ്യമായി വർദ്ധിപ്പിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് ടൂറിസം, കായിക മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇത് ചെറുകിട റസ്റ്റോറന്റ് ഉടമകൾ മുതൽ വലിയ ടൂർ ഓപ്പറേറ്റർമാർ വരെ എല്ലാവർക്കും പ്രയോജനപ്പെടുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ആളുകൾക്ക് യാത്ര ചെയ്യാൻ കൂടുതൽ സമയം നൽകുന്നതിലൂടെ, ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ എന്നിവയ്ക്ക് അപ്പുറം പ്രാദേശിക, ഗ്രാമപ്രദേശങ്ങളിലേക്ക് ടൂറിസം വരുമാനം കൂടുതൽ വ്യാപിപ്പിക്കാനും ഇതുവഴി സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നുണ്ട്.

ചിയാങ് റായ്, സുഖോത്തായ്, ട്രാങ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ആഭ്യന്തര സന്ദർശകർ കൂടുതലായി എത്തിയാൽ പ്രാദേശിക ബിസിനസുകൾക്ക് നേട്ടമുണ്ടാകും. ഹോട്ടലുകൾ, ഗതാഗത സേവനങ്ങൾ, സാംസ്കാരിക ടൂറിസം കേന്ദ്രങ്ങൾ എന്നിവയ്‌ക്കെല്ലാം ഇതിലൂടെ പ്രയോജനം ലഭിക്കും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കുന്ന, നാഷണൽ പാർക്കുകൾ, സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ, അത്ര അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന രാജ്യവ്യാപകമായ കാമ്പെയ്‌നുകൾക്ക് തുടക്കമിടാൻ ടൂറിസം, കായിക മന്ത്രാലയം പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.