ഈ വർഷം അവസാനത്തോടെ കഞ്ചാവിനെ മയക്കുമരുന്നിന്റെ ഗണത്തിൽ ഉൾപ്പെടുത്തുമെന്നാണ് തായ്ലാൻഡ് പ്രധാനമന്ത്രി ശ്രഥ തവിസിൻ വ്യക്തമാക്കിയത്.

ഫുകേത്: കഞ്ചാവിനെ വീണ്ടും മയക്കുമരുന്നുകളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്താനുള്ള നീക്കവുമായി തായ്ലാൻഡ്. വിനോദ ഉദ്ദേശത്തോടെയുള്ള കഞ്ചാവ് ഉപയോഗം കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ച ആദ്യത്തെ ഏഷ്യൻ രാജ്യങ്ങളിലൊന്നായി മാറിയതിന് രണ്ട് വർഷത്തിന് പിന്നാലെയാണ് തായ്ലാൻഡ് നിർണായക തീരുമാനത്തിൽ യുടേൺ അടിക്കുന്നത്. ഈ വർഷം അവസാനത്തോടെ കഞ്ചാവിനെ മയക്കുമരുന്നിന്റെ ഗണത്തിൽ ഉൾപ്പെടുത്തുമെന്നാണ് തായ്ലാൻഡ് പ്രധാനമന്ത്രി ശ്രഥ തവിസിൻ വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വിശദമാക്കിയത്. 

നിയന്ത്രണങ്ങളുടെ അഭാവം കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതായും കുട്ടികൾക്ക് പോലും കഞ്ചാവ് ലഭ്യമായിത്തീരുന്ന സാഹചര്യമുണ്ടായതാണ് കഞ്ചാവിനെ വ വീണ്ടും നിരോധിക്കണമെന്ന നയത്തിലേക്ക് പ്രധാനമന്ത്രി എത്തിയതിന് പിന്നിലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയം ആവശ്യമായ നിയമങ്ങൾ തിരുത്തി കഞ്ചാവിനെ വീണ്ടും മയക്കുമരുന്നിന്റെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. മയക്കുമരുന്ന് എന്നത് രാജ്യത്തിന്റെ ഭാവിയെ നശിപ്പിക്കുന്ന വലിയ പ്രശ്‌നമാണ്. നിരവധി യുവാക്കൾ ഇതിന്റെ അടിമകളായിരിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം തായ്‌ലൻഡിൽ ആഭ്യന്തര ചില്ലറ വിപണി അതിവേഗം വളർന്നിട്ടും പതിനായിരക്കണക്കിന് കടകളും ബിസിനസുകളുമായി കഞ്ചാവിന്റെ വ്യവസായം ഏകദേശം 1.8 ബില്യൺ ഡോളർ വിലമതിക്കപ്പെടുമെന്ന കണക്കുകൂട്ടലുകൾ ഉണ്ടായിട്ടുള്ളതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം എത്തുന്നത്. മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിന് നിയമപരമായ വ്യാഖ്യാനവും മാറ്റണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. കുറച്ച് അളവ് എന്ന പഴയ നിർവ്വചനത്തിന് പകരം ഒരു ഗുളിക എന്ന നിലയിലേക്ക് കൊണ്ടുവരാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏജൻസികളുായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം