Asianet News MalayalamAsianet News Malayalam

ശ്രീലങ്കയിലെ ആക്രമണങ്ങൾ സർക്കാരിന്റെ കെടുകാര്യസ്ഥതയോ ഐസിസിന്റെ ഉയിർത്തെഴുന്നേൽപ്പോ..?

ഇത് ശ്രീലങ്കൻ ഗവണ്മെന്റിന്റെ ഇന്റലിജൻസ് വീഴ്ചയുടെ നാണംകെട്ട കഥ മാത്രമല്ല.. അതിനേക്കാളുപരി, ഇത് അന്തർദേശീയ ഭീകരവാദ സംഘടനകളുടെ പ്രവർത്തന ശൈലിയിൽ വന്ന കാതലായ മാറ്റത്തിന്റെ കൂടി ലക്ഷണമാണ്. 

The Srilankan Bombings lapse of Srilankan Intelligence or resurrection of the deadly ISIS
Author
Trivandrum, First Published Apr 25, 2019, 6:29 PM IST

ഈസ്റ്റർ ഞായറാഴ്ച നാൾ ശ്രീലങ്കയിലെ നടുക്കിക്കൊണ്ടു നടന്ന ആറു സ്‌ഫോടനങ്ങളിൽ വിദേശികളടക്കം മുന്നൂറിലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടു. 'നാഷണൽ തൗഹീദ് ജമായത്ത്' എന്ന അധികമാരും കേട്ടിട്ടില്ലാത്ത ഒരു പ്രാദേശിക സംഘടനയാണ് ഈ ബോംബാക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ടുകളിലെ നിഗമനം. തീരെ കേട്ടുകേൾവിയില്ലാത്ത, ഒട്ടും ധനാഗമന മാർഗങ്ങളില്ലാത്ത ഒരു പ്രാദേശിക സംഘടനയ്ക്ക് '9/11'നു ശേഷം ഏറ്റവും വലുതെന്നു തന്നെ പറയാവുന്ന ഇത്തരത്തിലൊരു ആക്രമണം സംഘടിപ്പിക്കാനാവുന്നതെങ്ങനെയാണ് ..? 

അതിനുത്തരം കിട്ടണമെങ്കിൽ ഒരല്പം പിറകിലേക്ക് പോയേ പറ്റൂ. എന്തായിരുന്നു ഒരു വർഷം മുമ്പത്തെ ശ്രീലങ്കയുടെ അവസ്ഥ ? വികസ്വരമായ ഒരു രാജ്യമാണ് ശ്രീലങ്ക. ഭൂമിശാസ്ത്രപരമായി ഏറെക്കുറെ ഒറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യം.  പതിറ്റാണ്ടുകൾ നീണ്ടുനിന്ന ആഭ്യന്തര കലാപം  ശ്രീലങ്കൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു കളഞ്ഞു സത്യത്തിൽ. ഒരർത്ഥത്തിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നടന്നത് ഒരു രാഷ്ട്രത്തിന്റെ പുനർജ്ജന്മമാണ് എന്നുതന്നെ പറയാം. 

 ഒരു  വർഷം മുമ്പ് ശ്രീലങ്ക ഒരു രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നു.  പ്രസിഡന്റ് പാർലമെന്റ് പിരിച്ചു വിടുന്നു. പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെയെ പുറത്താക്കി, യുദ്ധകാല കുറ്റങ്ങൾക്ക് വിചാരണ നേരിടുന്ന മഹേന്ദ്ര രാജപക്സയെ പ്രധാനമന്ത്രിയായി നിയമിക്കുന്നു. ശ്രീലങ്ക രാഷ്ട്രീയമായി ആകെ കലങ്ങി മറിഞ്ഞുകൊണ്ടിരുന്ന കാലമാണത്. 

The Srilankan Bombings lapse of Srilankan Intelligence or resurrection of the deadly ISIS

ഏകദേശം ഇക്കാലത്തുതന്നെയാണ് , കൃത്യമായിപ്പറഞ്ഞാൽ കഴിഞ്ഞ കൊല്ലം ഡിസംബറിൽ മധ്യ ശ്രീലങ്കയിലെ ഒരു ചെറുപട്ടണത്തിൽ, പൊലീസിന് ഒരു മൗലവിയെപ്പറ്റിയുള്ള ഇന്റലിജൻസ് വിവരങ്ങൾ കിട്ടുന്നു. നാട്ടിലെ സമാധാനമായി ജീവിക്കുന്ന മുസ്‌ലിം യുവാക്കൾക്കുള്ളിൽ തീവ്രമായ മതവികാരം കുത്തിവെച്ച് അവരെ പിരികേറ്റുന്ന ഒരു മൗലവി  ഹാഷിമിനെപ്പറ്റിയായിരുന്നു ആ ഇന്റലിജൻസ് വിവരം. 'മൗലവി അവരെ പറഞ്ഞിളക്കി ബുദ്ധ പ്രതിമകളും മറ്റും തകർക്കാൻ പ്രേരിപ്പിക്കുന്നു' എന്നായിരുന്നു ആദ്യം കിട്ടിയ പരാതി. വാക്കുകളിലെയും പ്രവർത്തികളിലെയും മതവിദ്വേഷം കാരണം സ്വന്തം ഗ്രാമത്തിൽ നിന്നുതന്നെ ആട്ടിയോടിക്കപ്പെട്ട ഒരാളായിരുന്നു ഈ മൗലവി. 

അതിനുശേഷം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ നിരന്തരം യാത്രയിലായിരുന്നു  മൗലവി. വളരെ അപകടകരമായ പ്രത്യയ ശാസ്ത്രമായിരുന്നു അയാൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.  മുസ്ലിങ്ങൾക്ക് മാത്രമേ ഈ ഭൂമിയിൽ വാഴാനുള്ള അധികാരമുള്ളൂ എന്നും, നന്മ ചെയ്യുന്നവരാണെങ്കിൽ കൂടി വിഗ്രഹാരാധകരാണ്  എന്ന ഒരൊറ്റക്കാരണത്താൽ,  അമുസ്ലിങ്ങളെ  വെറുക്കാൻ  വിശ്വാസികൾ ബാധ്യസ്ഥരാണ് എന്നും,  ദീനിന്റെ മാർഗത്തിൽ ചരിക്കാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യത്തിൽ വേണ്ടതൊക്കെ ചെയ്യണം എന്നുമായിരുന്നു മൗലവി പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നത്. 

എന്നാൽ, പാർലമെന്റിൽ നടന്നുകൊണ്ടിരുന്ന തൊഴുത്തിൽകുത്തിനിടയിൽ ഇതൊന്നും ശ്രദ്ധിക്കാനുള്ള സാവകാശം ശ്രീലങ്കൻ സർക്കാരിന് കിട്ടിയില്ല.  ഏഷ്യയിൽ സാമാന്യം നല്ലൊരു ഇൻഫോർമർ  നെറ്റവർക്ക് ഉള്ള ഇന്ത്യൻ ഇന്റലിജൻസിന് അപ്പോഴേക്കും, മൗലവിയെപ്പറ്റിയുള്ള വിവരങ്ങൾ ചോർന്നുകിട്ടുന്നു. ഏപ്രിൽ ആദ്യവാരത്തോടെ ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ ശ്രീലങ്കൻ സർക്കാരിന്   ഈ മൗലവിയുടെ പ്രവർത്തനങ്ങളെപ്പറ്റിയും, അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും,  അധികം വൈകാതെ തന്നെ ഉണ്ടാവാനിടയുള്ള  അക്രമണങ്ങളെപ്പറ്റിയും ഒക്കെ മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഒരു ഔദ്യോഗിക ഡോസിയർ കൈമാറുന്നു. 

മൗലവി സഹ്‌റാൻ ഹാഷിമും അയാളുടെ അനുയായികളും ചേർന്ന് ശ്രീലങ്കയിലെ പള്ളികളെ ലക്ഷ്യമിട്ടുകൊണ്ട് ചാവേർ ആക്രമണങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന കൃത്യമായ മുന്നറിയിപ്പുതന്നെയാണ് ഇന്ത്യ ശ്രീലങ്കൻ സർക്കാരിന് നൽകിയത്. അതും വളരെ വിശദമായ വിവരങ്ങൾ സഹിതം. ഇവരുടെ പേരുകൾ, ഫോൺ നമ്പറുകൾ, സോഷ്യൽ മീഡിയാ സമ്പർക്കങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ,  ഫോട്ടോകൾ ഒക്കെ ഉണ്ടായിരുന്നു ആ റിപ്പോർട്ടിൽ. 

എന്നിട്ട് ശ്രീലങ്കൻ സർക്കാർ ചെയ്തതോ...? പ്രസ്തുത റിപ്പോർട്ട് പഠിച്ച്, വിശകലനം ചെയ്ത് ഒരു കുഞ്ഞു സെക്യൂരിറ്റി മെമ്മോ ഉണ്ടാക്കി, ചില പോലീസ് കമ്മീഷണർമാർക്കു മാത്രം കൈമാറി.  ഈ മെമ്മോയിൽ കൃത്യമായും ഇങ്ങനെ പറഞ്ഞിരുന്നു. " വിദേശ ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നും ലഭിച്ച രഹസ്യവിവരങ്ങൾ പ്രകാരം, ശ്രീലങ്കയിലെ കാത്തലിക്ക് പള്ളികൾക്കു നേരെ മൗലവി സഹ്‌റാൻ മുഹമ്മദിന്റെ സംഘത്തിൽ നിന്നും ചാവേർ ആക്രമണങ്ങൾ ഉണ്ടാവാനിടയുണ്ട്. കരുതിയിരിക്കുക." ഏപ്രിൽ 11 -നുതന്നെ ഇത്രയും വിശദമായ ഒരു റിപ്പോർട്ട് കിട്ടിയിട്ടും ശ്രീലങ്കൻ പോലീസ് ഒരു ചുക്കും ചെയ്തില്ല. 

The Srilankan Bombings lapse of Srilankan Intelligence or resurrection of the deadly ISIS

എന്തുകൊണ്ട്..? പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമിടയിലെ ശീതസമരം കാരണം ഇക്കാര്യത്തിൽ യാതൊരു നടപടികളും ഉണ്ടായില്ല. മെമ്മോയിൽ പേര് പറഞ്ഞിരിക്കുന്ന ആരെയും തന്നെ  അറസ്റ്റു ചെയ്തില്ല. പള്ളികളുടെ സെക്യൂരിറ്റി വർധിപ്പിച്ചില്ല. 'അങ്ങനെയൊരു മെമ്മോ കിട്ടിയിട്ടേയില്ല' എന്നമട്ടിൽ അവർ അതിന്മേൽ അടയിരുന്നു. ഏപ്രിൽ 21  വരെ. അന്ന് ശ്രീലങ്ക തുടർച്ചയായ സ്ഫോടനങ്ങളാൽ നടുങ്ങി. 

കഴിഞ്ഞ പത്തുവർഷമായി ഏറെക്കുറെ ശാന്തമായിരുന്നു ശ്രീലങ്ക. കലുഷിതമായ 'പുലി-സിംഹള' കലാപകാലത്തിനു ശേഷം, ടൂറിസം മേഖലയിൽ ശ്രീലങ്ക ഒന്ന് പച്ചപിടിച്ചു വരികയായിരുന്നു. ആ ശാന്തതയിലേക്കാണ് ഈ ബോംബുകൾ പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ടവരിലധികവും നിരപരാധികളായ വിശ്വാസികളായിരുന്നു. സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു അവരിൽ. പിന്നെ അവധിക്കാലം ചെലവിടാനെത്തിയ വിദേശസന്ദർശകരും. 

The Srilankan Bombings lapse of Srilankan Intelligence or resurrection of the deadly ISIS

സംഭവം നടന്നു കഴിഞ്ഞ് മണിക്കൂറുകൾക്കകം നിരവധി അറസ്റ്റുകളുണ്ടായി. സ്‌ഫോടനങ്ങൾ നടന്ന് മണിക്കൂറുകൾക്കകം ഉണ്ടായ ഈ അറസ്റ്റുകൾ പൊതു ജനങ്ങൾക്കിടയിലുള്ള രോഷം ഇരട്ടിപ്പിച്ചതേയുള്ളൂ. കാരണം, ഈ ആക്രമണങ്ങൾ നടക്കുമെന്നും, അതിനു പിന്നിലെ ഗൂഡാലോചനകൾ നടത്തിയത് ആരൊക്കെയാണെന്നും ഉള്ള കൃത്യമായ വിവരങ്ങൾ സർക്കാരിന് ഉണ്ടായിരുന്നു എന്നത് അതോടെ ജനങ്ങൾക്ക് മനസ്സിലായി. അധികം താമസിയാതെ മന്ത്രിസഭയിലെ ഒരംഗം ഏപ്രിൽ 11 -ന്  സർക്കുലേറ്റ് ചെയ്തിരുന്ന മെമ്മോയുടെ കോപ്പി പുറത്തുവിട്ടതോടെ എല്ലാം പൂർണ്ണമായി. അതോടെ ജനങ്ങളുടെ രോഷം വീണ്ടും അധികരിച്ചു. ആക്രമണങ്ങൾ നടക്കും മുമ്പേ സർക്കാർ ഇടപെടേണ്ടതായിരുന്നു എന്ന വികാരം ശക്തിപ്പെട്ടു. 

പിന്നെയും ചോദ്യങ്ങൾ ബാക്കിയായിരുന്നു.  ശക്തമായ, ഏകോപിപ്പിച്ച ആക്രമണങ്ങൾ, ആറ് വ്യത്യസ്ത ഇടങ്ങളിൽ നടക്കുകയായിരുന്നു. ഇത്ര പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള  ആക്രമണങ്ങൾക്ക് വ്യക്തമായ പ്ലാനിങ് ആവശ്യമാണ്.  അങ്ങനെയൊരു സ്‌ഫോടക വസ്തു തയ്യാർ ചെയ്യാൻ വളരെ പ്രയാസമാണ്. അതിൽ വിജയിച്ചാൽ തന്നെ, ആ സ്ഫോടകവസ്തുവിനെ സുരക്ഷിതമായ രീതിയിൽ ഒരു തോൾ ബാഗിലേക്ക് ഒതുക്കുക പ്രയാസമാണ്. അതും സാധിച്ചാലും അതിനെ ഒന്നിന് പിറകെ ഒന്നെന്നോണം ട്രിഗർ ചെയ്യുക ഏറെ പ്രയാസകരമാണ്. വളരെ 'സോഫിസ്റ്റിക്കേറ്റഡ്' ആയ ഒരു ഭീകരവാദസംഘടനയുടെ ട്രേഡ് മാർക്ക് ഓപ്പറേഷനാണ് കൊളംബോയിൽ നടപ്പിലായത്. ഒരു കാര്യം ഉറപ്പാണ്, അതിന് ശ്രീലങ്കയ്ക്ക് പുറത്തുനിന്നുള്ള ഏതെങ്കിലും അന്താരാഷ്‌ട്ര തീവ്രവാദ സംഘടനയുടെ കൃത്യമായ സാങ്കേതികസഹകരണങ്ങൾ കിട്ടിയിട്ടുണ്ട്. കാരണം ഇത്തരത്തിൽ ഒരു ഓപ്പറേഷന്റെ യാതൊരു ചരിത്രവും ശ്രീലങ്കയിലെ തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനകൾക്കില്ല. 

സ്ഫോടകവസ്തുക്കൾ വെച്ച് തകർക്കാൻ തെരഞ്ഞെടുത്ത സ്ഥലങ്ങളും വളരെ പരിചയമുള്ള ഒരാളുടെ കൈമുദ്ര പതിഞ്ഞ ഒന്നായിരുന്നു. ഈസ്റ്റർ ഞായറാഴ്ച കുർബാന നേരത്ത് കത്തോലിക്കൻ പള്ളികൾ ആക്രമിക്കുക.  അത് വല്ലാത്തൊരു തീരുമാനമാണ്. അങ്ങനൊരു ആക്രമണത്തിന് പിന്നിൽ ആരെന്നുപോലും പ്രവചിക്കാൻ പറ്റാത്ത ഒരു സ്വഭാവം ആ അക്രമണത്തിനുണ്ട്. കാരണം മുസ്ലിങ്ങളും സിംഹളരും തമ്മിൽ ശ്രീലങ്കയിൽ പറയത്തക്ക ഒരു സംഘട്ടനങ്ങളും നടന്നിട്ടില്ല മുമ്പൊന്നും. അതുകൊണ്ടുതന്നെ, എല്ലാവരും പറയുന്നപോലെ നാഷണൽ തൗഹീദ് ജമായത്തിന്റെ  ബുദ്ധികേന്ദ്രങ്ങൾ മാത്രം പ്ലാൻ ചെയ്തു നടപ്പിലാക്കിയ ഒരു ആക്രമണമാവാൻ സാധ്യത എന്തുകൊണ്ടും കുറവാണ് ഇതിന്. 

അവിടെയാണ് ഐസിസ് എന്ന തീവ്രവാദ സംഘടന ചിത്രത്തിലേക്ക് വരുന്നത്. തങ്ങളുമായി നേർബന്ധമുള്ള 'അമാഖ് ന്യൂസ് ഏജൻസി' വഴി ഐസിൽ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു കൊണ്ട് പ്രസ്താവനയിറക്കി. ആദ്യമൊന്നും തെളിവ് വന്നിട്ടില്ലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൗലവി സഹ്‌റാൻ ഹാഷിമിന്റെയൊപ്പം  കറുത്ത വസ്തങ്ങൾ ധരിച്ചുകൊണ്ട് മുഖം മറച്ച എട്ടുപേർ കൂടി പങ്കെടുത്ത ഒരു വീഡിയോ ഐസിസ് പുറത്തുവിടുന്നു. അതോടെ അവരുടെ ബന്ധം ഏതാണ്ട് തെളിഞ്ഞു. 

ഈ ഒരു അക്രമണത്തോടെ ഐസിസിന്റെ തീവ്രവാദ ഓപ്പറേഷനുകളുടെ ഒരു പുതിയ രീതിയാണ് വെളിപ്പെട്ടിരിക്കുന്നതെന്നാണ്  NYT'ന്റെ  ശ്രീലങ്കൻ ബ്യൂറോ ചീഫ് ആയ ജെഫ്രി ഗേറ്റിൽമൻ അഭിപ്രായപ്പെടുന്നത്. ഏതെങ്കിലും രാജ്യത്തെ, അന്യഥാ ആരും ഗൗരവമായി എടുക്കാൻ സാധ്യതയില്ലാത്ത ഏതെങ്കിലും തുക്കടാ തീവ്രചിന്താഗതി ഗ്രൂപ്പുകളെ ബന്ധപ്പെടുക. അവർക്ക് ഇതുപോലെ അന്താരാഷ്‌ട്ര തലത്തിൽ കടുത്ത ആഘാതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന, വൻതോതിൽ ആളപായമുണ്ടാവുന്ന ആക്രമണങ്ങൾ പ്ലാൻ ചെയ്ത്, നടപ്പിൽ വരുത്താൻ വേണ്ട ആളും. അർത്ഥവും, സാങ്കേതിക പരിജ്ഞാനവും നൽകി സഹായിക്കുക.  അംഗബലത്തിലെയും, പ്രവർത്തന ചരിത്രത്തിലേയും പോരായ്മകൾ നിമിത്തം, അധികാരികളാരും  അവരെ വേണ്ടത്ര സീരിയസായി എടുക്കാറില്ല എന്നത് അവർ നടത്തുന്ന ആക്രമണങ്ങൾക്ക് വല്ലാത്ത അപ്രവചനീയത നൽകും.  ശ്രീലങ്കയിൽ സംഭവിച്ചതുപോലെ പലപ്പോഴും അവരെക്കുറിച്ച് കിട്ടുന്ന. ഇന്റലിജൻസ് റിപ്പോർട്ടുകൾ പോലും സർക്കാരുകൾ അവഗണിച്ചെന്നുവരും.

The Srilankan Bombings lapse of Srilankan Intelligence or resurrection of the deadly ISIS

ഇവിടെ നമുക്കിനിയും അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. നാഷണൽ തൗഹീദ് ജമായത്തിന്റെ പ്രവർത്തകർ ഐസിസ് കേന്ദ്രങ്ങളിൽ ചെന്നാണോ പരിശീലനം നേടിയത് ?  അതോ അവർ ഇവിടേക്ക് ആളെ അയച്ച് പരിശീലിപ്പിച്ചുവോ.? ഐസിസ് ശ്രീലങ്കയിലേക്ക് ആധുനികമായ ട്രിഗറിങ്ങ് സംവിധാനങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തിയത് എങ്ങനെയാണ്. ? ആരുടെ ഭാഗത്തു നിന്നുമാണ് ആദ്യത്തെ സമ്പർക്കം ഉണ്ടായത്..? മൗലവി സഹ്‌റാനാണോ ആദ്യം ഐസിസിന് കത്തയച്ചത് ? " ഇവിടെ കുറെ സ്‌ഫോടനങ്ങൾ നടത്താനുണ്ട്, ഞങ്ങളെ സഹായിക്കണം "  എന്ന് മൗലവി ഐസിസിനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവോ അതോ  ഐസിസ് ശ്രീലങ്കയിൽ നിന്നുള്ള മൗലവിയുടെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രകടനങ്ങൾ കണ്ട്, ശ്രീലങ്ക ഒരു സോഫ്റ്റ് ടാർഗറ്റ് ആണെന്ന് തിരിച്ചറിഞ്ഞ്,  മൗലവിയെ ഇങ്ങോട്ട് ബന്ധപ്പെട്ട് പറഞ്ഞു പഠിപ്പിച്ച സ്ക്രിപ്റ്റാണോ ഇത്..? 

ചുരുക്കത്തിൽ ഇത് ശ്രീലങ്കൻ ഗവണ്മെന്റിന്റെ ഇന്റലിജൻസ് വീഴ്ചയുടെ നാണംകെട്ട കഥ മാത്രമല്ല.. അതിനേക്കാളുപരി, ഇത് അന്തർദേശീയ ഭീകരവാദ സംഘടനകളുടെ പ്രവർത്തന ശൈലിയിൽ വന്ന കാതലായ മാറ്റത്തിന്റെ കൂടി ലക്ഷണമാണ്. വേണ്ടത്ര ശക്തമല്ലാത്തത ഇന്റലിജൻസ് സംവിധാനങ്ങളുള്ള കുഞ്ഞു രാജ്യങ്ങളിൽ ചെന്ന് ഇത്തരത്തിൽ ഒരു ഭീകര വാദ ഫ്രാഞ്ചൈസ് കെട്ടിപ്പടുത്ത് വളരെ എളുപ്പത്തിൽ അന്തർ ദേശീയ തലത്തിൽ കോളിളക്കങ്ങളുണ്ടാക്കാൻ ഐസിസിന് കഴിഞ്ഞിരിക്കുന്നു. 

ഇസ്ലാമിക് സ്റ്റേറ്റിനെ അതിന്റെ ശക്തി കേന്ദ്രങ്ങളിൽ ചെന്നുകേറി തോൽപ്പിച്ചു കഴിഞ്ഞെന്നും അവരുടെ പ്രവർത്തനങ്ങൾ എന്നെന്നേക്കുമായി തളർത്താൻ തങ്ങൾക്കു കഴിഞ്ഞു എന്നുമൊക്കെ അമേരിക്കയും, ബ്രിട്ടനും, ഫ്രാൻസുമടക്കമുള്ള രാജ്യങ്ങൾ നെടുവീർപ്പിടുന്നിടത്ത് ഈ ആക്രമണം ശക്തമായ ഒരു കുലുക്കിയുണർത്തലാണ്. ഐസിസ് എന്ന ഭൂതം  മൊസിലയെപ്പോലെ വെള്ളത്തിനടിയിൽ ഇപ്പോഴുമുണ്ട്. ആരുമറിയാതെ ജനങ്ങളെ സ്വാധീനിക്കാൻ, അവരുടെ മനസ്സുകളിൽ മതവിദ്വേഷത്തിന്റെ വിഷവിത്തുകൾ പാകി മുളപ്പിച്ച് വളമിട്ട് വളർത്തി വന്മരങ്ങളാക്കിയെടുക്കാൻ അവർക്കിപ്പോഴും കഴിയുന്നുണ്ട്. 

അതുകൊണ്ടുതന്നെ, ശ്രീലങ്കയിൽ യഥാർത്ഥത്തിൽ എന്താണ് നടന്നത് എന്നത് സംബന്ധിച്ച വിശദമായ അന്വേഷണങ്ങൾ അത്യാവശ്യമാണ്. ഐസിസും നാഷണൽ തൗഹീദ് ജമാഅത്തും തമ്മിൽ എങ്ങനെയാണ് ബന്ധപ്പെട്ടത്. അവർക്കിടയിൽ കൈമാറ്റങ്ങൾ നടന്നത് എങ്ങനെയാണ്. ഇതൊക്കെ അറിഞ്ഞാൽ മാത്രമേ ഇനിയും ഇതുപോലെ ഒരാക്രമണം നടത്തുന്നതിൽ നിന്നും ഐസിസിനെ തടയാൻ ലോകത്തിന് സാധിക്കൂ. 

Follow Us:
Download App:
  • android
  • ios