വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണാല്‍ഡ് ട്രംപിന് പിന്തുണയുമായി താലിബാന്‍. ട്രംപ് അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് താലിബാന്‍ പ്രതീക്ഷിക്കുന്നത് എന്ന് ആമേരിക്കന്‍ മാധ്യമം സിബിഎസിനോട് താലിബാന്‍ വക്താവ് സയ്യിഹുള്ളാ മുജാഹിദ് പ്രതികരിച്ചു.

ടെലിഫോണിലൂടെയായിരുന്നു ട്രംപിന്‍റെ വിജയം താലിബാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം താലിബാന്‍ വക്താവ് അമേരിക്കന്‍ മാധ്യമത്തെ അറിയിച്ചത്. "ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ അദ്ദേഹം വിട്ടുപോയിട്ടുപോയതല്ലാതെ, അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ട്രംപ് പൂര്‍ത്തികരിച്ചു, അതിനാല്‍ ട്രംപ് തന്നെ ഇത്തവണ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് താലിബാന്‍ വിശ്വസിക്കുന്നു, ഭൂതകാലത്ത് മോശം അനുഭവം നേരിട്ട അമേരിക്കന്‍ ട്രംപിന്‍റെ പ്രവര്‍ത്തികളില്‍ ഒരിക്കല്‍ കൂടി വിശ്വാസം അര്‍പ്പിക്കും" - താലിബാന്‍ വക്താവ് പ്രതികരിച്ചു.

സ്ഥിരതയില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയക്കാരുടെ നുണകള്‍ ഇങ്ങനെ വിവിധ വിഷയങ്ങളില്‍ വലഞ്ഞിരിക്കുന്ന ഒരു ജനതയാണ് അമേരിക്കയില്‍. അതിനാല്‍ തന്നെ രാജ്യത്തിന്‍റെ അകത്തെ കാര്യങ്ങള്‍ നന്നായി നോക്കുവാന്‍ സാധിക്കുന്നയാള്‍ എന്ന നിലയില്‍ ട്രംപില്‍ അവര്‍ വിശ്വാസം അര്‍പ്പിക്കും. ബൈഡന്‍ അടക്കമുള്ള രാഷ്ട്രീയക്കാര്‍ പ്രയോഗികമല്ലാത്ത മുദ്രവാക്യങ്ങളാണ് ഉയര്‍ത്തുന്നത്. 

ചിലപ്പോള്‍ ചെറിയ ഗ്രൂപ്പുകള്‍ പ്രത്യേകിച്ച് യുദ്ധത്തില്‍ നിന്നും ലാഭം കൊയ്യുന്ന ആയുധവില്‍പ്പനക്കാരും മറ്റും ട്രംപിന് എതിരാണ് അവര്‍ ചിലപ്പോള്‍ ബൈഡനെ പിന്തുണയ്ക്കും. എന്നാല്‍ വോട്ടര്‍മാര്‍ എന്ന നിലയില്‍ അവര്‍ തീര്‍ത്തും ദുര്‍ബല സംഖ്യയാണ് -താലിബാന്‍ നിലപാട് വ്യക്തമാക്കുന്നു.

നേരത്തെ സിബിഎസ് പ്രസിദ്ധീകരിച്ച മറ്റൊരു താലിബാന്‍ നേതാവിന്‍റെ പ്രതികരണം പ്രകാരം. ട്രംപ് ജയിക്കുന്നത് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം അവസാനിപ്പിക്കുന്നതിന് അത്യവശ്യമാണ് എന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ താലിബാന്‍ പിന്തുണയെ നിരാകരിക്കുന്നു എന്നാണ് ട്രംപ് ക്യാമ്പ് പ്രതികരിച്ചത്. "പ്രസിഡന്‍റ് ട്രംപ് അമേരിക്കന്‍ താല്‍പ്പര്യം നടപ്പിലാക്കുവാന്‍ ഏത് അറ്റം വരെയും പോകുന്ന വ്യക്തിയാണെന്ന കാര്യം താലിബാന്‍ മനസിലാക്കണം" - താലിബാന്‍ പിന്തുണ സംബന്ധിച്ച ചോദ്യത്തിന് ഡോണാല്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി വക്താവ് പ്രതികരിച്ചു.

നേരത്തെ തന്നെ അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ചര്‍ച്ചയില്‍ അമേരിക്ക ഏര്‍പ്പെട്ടത് ട്രംപിന്‍റെ കാലത്താണ്. അന്ന് തന്നെ അഫ്ഗാനിലെ അമേരിക്കന്‍ സാന്നിധ്യം കുറയ്ക്കുക എന്നത് ട്രംപിന്‍റെ നയമാണ്. ഇതാണ് ഇപ്പോഴത്തെ താലിബാന്‍റെ ട്രംപ് പിന്തുണയ്ക്ക് പിന്നില്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 2021 മധ്യത്തോടെ അഫ്ഗാനില്‍ നിന്നും പൂര്‍ണ്ണമായും അമേരിക്കന്‍ പിന്‍മാറ്റം എന്ന കരാര്‍ താലിബാനും അമേരിക്കയും ഉണ്ടാക്കിയിട്ടുണ്ട്. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റ് ആയില്ലെങ്കില്‍ ഈ കരാര്‍ പാലിക്കപ്പെടുമോ എന്ന ആശങ്ക താലിബാനുണ്ട്.