ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം താത്കാലികമായി നിര്‍ത്തിയ അമേരിക്കന്‍ പ്രസിഡന്റിന്‍റെ നടപടിക്കെതിരെ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ്. ലോകാരോഗ്യ സംഘടനയെ ലോകത്തിന് മറ്റേത് സമയത്തേക്കാളും ആവശ്യമുള്ള നേരമാണിതെന്ന് ബില്‍ഗേറ്റ്സ് ട്വീറ്റില്‍ പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തുന്നത് അപകടകരമാണ്. കൊവിഡ് 19 ന്റെ വ്യാപനത്തെ മന്ദഗതിയിലാക്കുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് പ്രധാന പങ്കാണുള്ളത്.

അവർ ആ ജോലി നിർത്തിയാൽ മറ്റൊരു സംഘടനയ്ക്കും അതിനെ മാറ്റി സ്ഥാപിക്കാൻ കഴിയില്ലെന്നും ബില്‍ഗേറ്റ്സ് വിശദമാക്കുന്നു. അമേരിക്ക കഴിഞ്ഞാൽ ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്നത് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ആണ്. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നൽകിവരുന്ന ധനസഹായം താത്കാലികമായി നിർത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ്  19 മഹാമാരി തടയുന്നതിൽ ഗുരുതരമായ വീഴ്ച്ച വരുത്തിയ ലോകാരോഗ്യ സംഘടന ചൈനയുടെ താല്പര്യങ്ങൾക്ക് അനുസൃതമായി മാത്രമാണ് പ്രവർത്തിച്ചതെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇതിനോടകം 125000 ത്തില്‍ അധികം പേരുടെ ജീവനാണ് അപഹരിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സംഘടനാ തലവന്‍ അന്‍റോണിയോ ഗുട്ടരേസും സഹായധനം നിര്‍ത്തിയ അമേരിക്കയുടെ നടപടിയെ അപലപിച്ചിരുന്നു.