ഇതുവരെ 16000 ത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചു. പോളണ്ട്, സ്ളോവാക്യ, ഹംഗറി , റൊമാനിയ അതിര്‍ത്തികളില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളും ഭാഗമായി. 

ദില്ലി: ഓപ്പറേഷന്‍ ഗംഗ (Operation Ganga) ദൗത്യത്തിലൂടെ 2500 വിദ്യാര്‍ത്ഥികളെ കൂടി ഇന്ത്യയിലെത്തിച്ചു. യുദ്ധരംഗത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത് 13 വിമാനങ്ങളാണ്. ഇതുവരെ 16000 ത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചു. പോളണ്ട്, സ്ളോവാക്യ, ഹംഗറി , റൊമാനിയ അതിര്‍ത്തികളില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളും ഭാഗമായി. 

ആക്രമണം രൂക്ഷമായ കാര്‍കീവ്, കീവ് മേഖലയില്‍ നിന്നുള്ളവരാണ് തിരിച്ചെത്തിയവരില്‍ അധികവും. വ്യോമസേനയുടെ കൂടുതല്‍ വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ രക്ഷാദൗത്യത്തിന്‍റെ ഭാഗമാകും. യുക്രൈന്‍ അതിർത്തി കടക്കുന്നത് വരെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭിച്ചില്ലെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. അതിര്‍ത്തിയിലെത്തും വരെ മന്ത്രാലയം നല്‍കിയ ഒരു നമ്പറിലും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാനായില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്.

ദില്ലിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് പ്രത്യേക വിമാനങ്ങള്‍ കേരള സര്‍ക്കാര്‍ സജ്ജീകരിച്ചിരുന്നു. 1500 ഓളം വിദ്യാര്‍ത്ഥികള്‍ ഇതുവരെ കേരളത്തില്‍ മടങ്ങിയെത്തി. വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങള്‍ വഴി ദുരിതാശ്വാസ സാധനങ്ങളും ഇന്ത്യ യുക്രൈനിലേക്ക് അയക്കുന്നുണ്ട്. അവസാന വിദ്യാര്‍ത്ഥിയെയും തിരിച്ചെത്തിക്കുന്നത് വരെ ഓപ്പറേഷന്‍ ഗംഗ തുടരുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

  • മരിയുപോളില്‍ 11 മണിക്കൂര്‍ വെടിനിര്‍ത്തല്‍; ഇന്ത്യന്‍ സമയം 3.30 മുതല്‍ ഒഴിപ്പിക്കല്‍ തുടങ്ങും

കീവ്: യുദ്ധത്തിന്‍റെ പതിനൊന്നാം നാളിൽ മരിയുപോള്‍ (Mariupol) നഗരപരിധിയില്‍ ഒഴിപ്പിക്കലിനായി വീണ്ടും വെടിനിർത്തിൽ പ്രഖ്യാപിച്ച് റഷ്യ (Russia). ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനാണ് റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായിട്ടുള്ളത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇന്ത്യൻ സമയം 3.30 മുതൽ ആളുകളെ ഒഴിപ്പിക്കൽ തുടങ്ങും. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമം. കാറിൽ പോകുന്നവർ കയറ്റാവുന്ന അത്രയും പേരെ കൂടെ കൊണ്ടുപോകണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിയുപോളിൽ നിന്ന് ബിൽമാക് വഴി സപ്രോഷ്യയിലേക്കുള്ള പാതയിലൂടെയാണ് ഒഴിപ്പിക്കൽ. ഒരു വശത്ത് ഒഴിപ്പിക്കൽ തുടരുമ്പോഴും തന്ത്രപ്രധാന മേഖലകൾ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് റഷ്യ. 

പടിഞ്ഞാറൻ യുക്രൈനിലെ സ്റ്റാറോകോസ്റ്റിയാന്റിനിവ് മിലിട്ടറി എയർ ബേസ് മിസൈലാക്രമണത്തിലൂടെ തകർത്തുവെന്നാണ് റഷ്യൻ അവകാശവാദം. കീവിനോട് ചേര്‍ന്നുള്ള ഇര്‍പ്പിന്‍ പട്ടണത്തില്‍ ശക്തമായ വ്യോമാക്രമണമുണ്ടായി. ചെര്‍ണിവിഹിലെ ജനവാസ കേന്ദ്രങ്ങളിലും ബോംബാക്രമണമുണ്ടായി. ഇർപ്പിന്‍ പട്ടണത്തിൽ സാധാരണക്കാർക്ക് നേരെ റഷ്യൻ പട്ടാളം വെടിയുതിർത്തുവെന്ന് യുക്രൈന്‍ ആരോപിക്കുന്നു. ഈ വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന്‍ പറയുന്നത്. തുറമുഖ നഗരമായ ഒഡേസയാണ് റഷ്യയുടെ അടുത്ത ലക്ഷ്യമെന്നും ഇവിടെ ഉടൻ ബോംബാക്രമണം നടക്കുമെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് പറയുന്നത്. കീവ് നഗരത്തിന്‍റെ വടക്ക് പടിഞ്ഞാറ് മേഖലയിൽ ഇപ്പോഴും കനത്ത ഷെല്ലിംഗ് നടക്കുന്നുണ്ടെന്നും യുക്രൈന്‍ വ്യക്തമാക്കുന്നു.