Asianet News MalayalamAsianet News Malayalam

കിഴക്കൻ ലഡാക്കിൽ നിന്നുള്ള സേനാപിന്മാറ്റം വേഗത്തിലാക്കണമെന്ന് ചൈനയോട് ഇന്ത്യ

കൊവിഡ് കാരണം ചൈനയിൽ നിന്ന് മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചു പോകാനുള്ള സാഹചര്യം ഒരുക്കണമെന്നും എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ties should be based on three mutual says EAM Jaishankar to Beijing
Author
Delhi, First Published Jul 7, 2022, 10:02 PM IST

ലഡാക്ക്:  കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റം വേഗത്തിലാക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട്  ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്തോനേഷ്യയിലെ ബാലിയിൽ ജിഇരുപത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സേന പിൻമാറ്റം ചർച്ച ചെയ്യാൻ കമാൻഡർതല യോഗം എത്രയും വേഗം വിളിക്കാൻ ഇരു വിദേശകാര്യമന്ത്രിമാരും ധാരണയിലെത്തി. നയതന്ത്രതല ചർച്ചകൾ തുടരാനും തീരുമാനിച്ചു. 

കൊവിഡ് കാരണം ചൈനയിൽ നിന്ന് മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചു പോകാനുള്ള സാഹചര്യം ഒരുക്കണമെന്നും എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ വിവോ കമ്പനിക്കെതിരായ അന്വേഷണം രണ്ടു രാജ്യങ്ങൾക്കുമിടയിലെ ഭിന്നതയ്ക്ക് ഇടയാക്കുകയാണ്. വിവോയ്ക്കെതിരായ കുഴൽപ്പണ കേസിൽ ഇഡി നാല്പതിടങ്ങളിൽ റെയിഡ് നടത്തിയിരുന്നു. കമ്പനിക്ക് എല്ലാ സഹായവും നല്കുമെന്ന് ചൈന ഇന്ന് വ്യക്തമാക്കി. 

വിവോയുടെ 465 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി 

ദില്ലി:  ചൈനീസ് കമ്പനിയായ വിവോയുടെയും അനുബന്ധ കമ്പനികളുടെയും 465 കോടി രൂപയുടെ വസ്തുവകകൾ ഇ ഡി കണ്ടുകെട്ടി. വിവോ അധികൃതർ നികുതിവെട്ടിക്കാന്‍ പല കമ്പനികളിലൂടെ സമാഹരിച്ച 62,476 കോടി രൂപ ചൈനയിലേക്ക് കടത്തിയെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയടക്കം കേസില്‍ അന്വേഷണ പരിധിയിലുണ്ട്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവോ മൊബൈല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. രാജ്യത്താകെ 48 ഇടങ്ങളിലായിവിവോയുടെയും 23 അനുബന്ധ കമ്പനികളുടെയും ഓഫീസുകളില്‍  നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് വസ്തുവകകൾ കണ്ടുകെട്ടിയത്. 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ച പണംകൂടാതെ 2 കിലോ സ്വർണവും 73 ലക്ഷം രൂപയുടെ കറന്‍സിയും കണ്ടുകെട്ടിയതിലുൾപ്പെടും. 

അനുബന്ധ കമ്പനികളിലൊന്നായ ഗ്രാന്‍ഡ് പ്രോസ്പെക്ട് ഇന്‍റർനാഷണല്‍ കമ്യൂണിക്കേഷന്‍ സ്ഥാപിച്ചത് തെറ്റായ വിവരങ്ങൾ നല്‍കിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു സർക്കാർ കെട്ടിടത്തിന്‍റെയും ഒരു മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്‍റെ വീടിന്‍റെയും വിലാസം നല്‍കിയാണ് കമ്പനി സ്ഥാപിച്ചത്. ഈ ഉദ്യോഗസ്ഥനിലേക്കും അന്വേഷണം നീളുകയാണ്. 2014 ആഗസ്റ്റില്‍ കമ്പനി സ്ഥാപിച്ച ഡയറക്ടർമാർ മൂന്ന് പേർ 2018ലും 2021ലുമായി രാജ്യം വിട്ടുവെന്നും ഇഡി അന്വേഷണത്തില്‍ തെളിഞ്ഞു. 

Follow Us:
Download App:
  • android
  • ios