ഖത്തറിലെ ഇസ്രയേൽ ആക്രമണം, ഇന്ത്യക്കെതിരായ ഇരട്ട തീരുവയിൽ നിലപാട് മയപ്പെടുത്തി അമേരിക്ക, നേപ്പാളിലെ 'ജെൻസി' പ്രക്ഷോഭം, പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിൽ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സദസ് ഉൾപ്പെടെ ഇന്നത്തെ പ്രധാന വാർത്തകൾ

ഖത്തറിലെ ഇസ്രയേൽ ആക്രമണമാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ആക്രമണം ഖത്തറിന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് ഖത്തർ പ്രധാനമന്ത്രി പ്രതികരിച്ചു. ആക്രമണത്തിൽ തനിക്ക് ആവേശം ഇല്ലെന്നാണ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യക്കെതിരായ ഇരട്ട തീരുവയിൽ അമേരിക്ക നിലപാട് മയപ്പെടുത്തുന്നതിന്‍റെ സൂചനകളും പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചു. നേപ്പാളിലെ 'ജെൻസി' പ്രക്ഷോഭം സംബന്ധിച്ചും ഇന്ന് തുടർ വാർത്തകളുണ്ടാകും. അതിനിടെ കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിൽ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ സദസ് നടത്തും. ഇന്നറിയേണ്ട പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഉന്നത നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്

ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്. ഉന്നത നേതാക്കൾ ആരും കൊല്ലപ്പെട്ടില്ലെന്നും ഹമാസ് അറിയിച്ചു. കൊല്ലപ്പെട്ടത് നേതാക്കളുടെ അംഗരക്ഷകരും ഓഫീസ് ജീവനക്കാരും. കൊല്ലപ്പെട്ടവരിൽ ഖത്തറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്. ആക്രമണത്തെ ഗൾഫ് രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണത്തിൽ തനിക്ക് ആവേശം ഇല്ലെന്നാണ് യുഎസ് പ്രഡിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ബന്ദികളെ തിരികെയെത്തിക്കണമെന്നും നിലവിലെ സ്ഥിതിയിൽ അസന്തുഷ്ടനാണെന്നും ട്രംപ് പറഞ്ഞു. ഖത്തർ അമീറുമായി ട്രംപ് സംസാരിച്ചു. ആക്രമണം മുൻകൂട്ടി അറിയിച്ചെന്ന യുഎസ് വാദം ഖത്തർ തള്ളി. ഇസ്രയേലിന്റെ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് ഖത്തർ പ്രധാനമന്ത്രി പ്രതികരിച്ചു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്ന് മുസ്ലിം വേൾഡ് ലീഗ് ആവശ്യപ്പെട്ടു. ഇസ്രയേലും താനും വാക്ക് പാലിച്ചെന്നാണ് നെതന്യാഹുവിന്‍റെ പ്രതികരണം.

ഇന്ത്യക്കെതിരായ ഇരട്ട തീരുവയിൽ നിലപാട് മയപ്പെടുത്തി അമേരിക്ക

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വ്യാപാര തർക്കത്തിൽ ചർച്ചകൾ തുടരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചു. രണ്ട് രാജ്യങ്ങൾക്കും ധാരണയിലെത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി- "ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും യുഎസും തുടരുന്നുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്"-എന്നാണ് ട്രംപ് കുറിച്ചത്.

നേപ്പാളിലെ 'ജെൻസി' പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് സൈന്യം

നേപ്പാളിൽ 'ജെൻസി' പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ പ്രത്യേക അറിയിപ്പുമായി സൈന്യം. സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് നേപ്പാള്‍ സൈന്യം ആഹ്വാനം ചെയ്തു. സമാധാന ശ്രമങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ നേതൃത്വവും പ്രക്ഷോഭകാരികളും തയ്യാറാകണമെന്നും സൈന്യം ആവശ്യപ്പെട്ടു. ഇതിനിടെ നേപ്പാളിലെ സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു. അക്രമം ഹൃദയഭേദകമെന്നും നിരവധി യുവാക്കൾക്ക് ജീവൻ നഷ്ടമായത് വേദനാജനകമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. സമാധാനത്തിന് ആഹ്വാനം നൽകി നേപ്പാളിയിലാണ് മോദി എക്സിൽ കുറിച്ചത്.

ബിന്ദുവിനെതിരെ കള്ളപ്പരാതി നൽകിയ വീട്ടുടമസ്ഥക്കെതിരെ നടപടിയുണ്ടാകുമോ?

പേരൂർക്കട പൊലീസ് കള്ളക്കേസിൽ കുടുക്കി ദളിത് സ്ത്രീയായ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന അന്വേഷണ റിപ്പോ‍ർട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നാളെ പരിഗണിക്കും. ബിന്ദുവിനെ അന്യായമായി കസ്റ്റഡിലെടുത്ത എസ്ഐ പ്രസാദ്, ഗ്രേഡ് എസ്ഐ പ്രസന്നൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എസ്.എച്ച്.ഒ ശിവകുമാർ, കള്ളപ്പരാതി നൽകിയ വീട്ടുടമസ്ഥ ഓമന ഡാനിയൽ പേരൂർക്കട സ്റ്റേഷനിൽ ഡ്യൂട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ശുപാർശ. ഉദ്യോഗസ്ഥർക്കെതിരായ നടപടി, ബിന്ദുവിനുള്ള നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിലും കമ്മീഷൻ നാളെ തീരുമാനമെടുക്കും. ബിന്ദു നൽകിയ പരാതിയിലാണ് കമ്മീഷൻ തിരുവനന്തപുരം ജില്ലക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിൽ ഇന്ന് പ്രതിഷേധ സദസ്

പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിൽ ഇന്ന് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സദസ്. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസുകാരെയും തുടര്‍ന്ന് പുറത്തുവന്ന വിവിധ പൊലീസ് സ്റ്റേഷനുകളിലെ മര്‍ദനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പൊലീസുകാരെയും സർവീസില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കെപിസിസി ആഹ്വാനപ്രകാരം എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്നിലും രാവിലെ 10 മണിക്കാണ് സമരം. മുതിര്‍ന്ന നേതാക്കൾ സമരത്തിന് നേതൃത്വം നല്‍കും. കുന്നംകുളം സ്റ്റേഷന് മുന്നിൽ കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വെഞ്ഞാറമൂട്ടിലും കെ മുരളീധരൻ മ്യൂസിയം സ്റ്റേഷന് മുന്നിലും ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് എവിടെ പങ്കെടുക്കുമെന്നതിൽ തീരുമാനം ആയില്ല. എറണാകുളത്തു നിന്ന് പ്രതിപക്ഷ നേതാവ് രാവിലെ തലസ്ഥാനത് എത്തും