ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾഇന്ന് വിതരണം ചെയ്യും. പലസ്തീൻ പ്രസിഡന്റ് യു.എന്നിൽ ഹമാസിനെതിരെ രംഗത്തെത്തിയപ്പോൾ, കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിൽ നിർണ്ണായക തീരുമാനവും മെഡിക്കൽ കോളേജ് അധ്യാപകരുടെ പ്രതിഷേധവും ഇന്ന് നടക്കും.
തിരുവനന്തപുരം: കായികലോകം ഉറ്റുനോക്കിയ ബലോൺ ഡി ഓർ പുരസ്കാര പ്രഖ്യാപനം മുതൽ യു.എൻ. പൊതുസഭയിൽ പലസ്തീൻ പ്രസിഡന്റ് ഹമാസിനെതിരെ രംഗത്തുവന്നതു വരെയുള്ള വിവിധ വിഷയങ്ങളിൽ ഇന്ന് നിർണ്ണായക സംഭവവികാസങ്ങളാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം നിർണായകമാകുമ്പോൾ, മെഡിക്കൽ കോളേജ് അധ്യാപകർ സമരവുമായി രംഗത്തുണ്ട്. കൂടാതെ, ഇന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവും നടക്കും. ഇന്ന് അറിഞ്ഞിരിക്കേണ്ട പ്രധാന വാര്‍
ലോക ഫുട്ബോൾ: ബലോൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
പാരീസ്: മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൺ ഡി ഓർ പുരസ്കാരം പി.എസ്.ജി.യുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലേയ്ക്ക്. മൂന്ന് വർഷത്തിന് ശേഷമാണ് ഫ്രാൻസിന് ഈ പുരസ്കാരം ലഭിക്കുന്നത്. ചരിത്രത്തിലാദ്യമായി പി.എസ്.ജി.യെ ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിലെത്തിച്ച ഡെംബലേയുടെ പ്രകടനത്തിനാണ് ഈ അംഗീകാരം. കഴിഞ്ഞ സീസണിൽ 35 ഗോളും 14 അസിസ്റ്റുമായി മിന്നും ഫോമിലായിരുന്ന 28കാരനായ ഡെംബലേ, പുരസ്കാരം തന്റെ അമ്മയ്ക്ക് സമർപ്പിച്ചു. ബാഴ്സലോണയുടെ സ്പെയിൻ താരം അയ്റ്റാന ബോൻമാറ്റി ഹാട്രിക് നേട്ടത്തോടെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലാമിൻ യമാലാണ് മികച്ച യുവതാരം.
ഹമാസിനെതിരെ യു.എന്നിൽ പലസ്തീൻ പ്രസിഡന്റ്
പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യു.എന്നിൽ ഹമാസിനെതിരെ നിലപാട് സ്വീകരിച്ചു. പലസ്തീൻ അതോറിറ്റിക്ക് മുന്നിൽ ഹമാസ് ആയുധം വെച്ച് കീഴടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പലസ്തീനെ അംഗീകരിച്ചുകൊണ്ട് ഫ്രാൻസ് രംഗത്തെത്തി. ഐക്യരാഷ്ട്രസഭയുടെ എൺപതാം വാർഷിക സമ്മേളനത്തിന് ഇന്ന് ന്യൂയോർക്കിൽ തുടക്കമാകും. ഡൊണാൾഡ് ട്രംപ് സമ്മേളനത്തിൽ സംസാരിക്കും.
കേരളം: വോട്ടർപട്ടിക പരിഷ്കരണം; കമ്മീഷൻ തീരുമാനം നിർണായകം
കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നീട്ടിവെക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിർണ്ണായകമാകും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ SIR (സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ) നീട്ടിവെക്കണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് അദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനുമായി കൂടിക്കാഴ്ച നടത്തും.
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്
71 ആമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദില്ലി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാർഡ് ജേതാക്കൾ പങ്കെടുക്കും.
മെഡിക്കൽ കോളേജ് അധ്യാപകരുടെ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകർ ഇന്ന് പരസ്യ പ്രതിഷേധം നടത്തും. കെ.ജി.എം.സി.ടി.എ. (KGMCTA) യുടെ നേതൃത്വത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഇന്ന് ധർണ സംഘടിപ്പിക്കും.പുതിയ മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് കെ.ജി.എം.സി.ടി.എ.യുടെ പ്രധാന പരാതി. തിരുവനന്തപുരത്ത് ഡി.എം.ഇ. (ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ) ഓഫീസിലേക്കാണ് മാർച്ച് നടത്തുന്നത്. മറ്റ് ജില്ലകളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ പത്തരയ്ക്കാണ് മാർച്ചും ധർണയും നടക്കുന്നത്.
ഗായകൻ സുബിൻ ഗാർഗിന് അന്ത്യാഞ്ജലി
ജനമനസുകളിൽ ഇടം നേടിയ ഗായകൻ സുബിൻ ഗാർഗിന് വിട ചൊല്ലാൻ ഒരുങ്ങി രാജ്യം. ഇന്ന് ഗാർഗിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ സോനപൂരിലെ കമാർകുച്ചിൽ നടക്കും.അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടിയും'ജയ് സുബീൻ ദാ'എന്നുറക്കെ വിളിച്ചും ജനക്കൂട്ടം അന്ത്യോപചാരംഅർപ്പിക്കുന്ന കാഴ്ച്ചകൾക്കാണ് അസം സാക്ഷിയാകുന്നത്.തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനെക്കാൾ ഏറെയാണ് നിലവിൽ. ലോകചരിത്രത്തിലെ തന്നെ വലിയ വിലാപയാത്രകളിൽ ഒന്നായി ഇത് മാറിക്കഴിഞ്ഞു.ലിംകാ ബുക്ക് ഓഫ് റെക്കോർഡിൽ ലോകത്തിലെ നാലാമത്തെ വലിയ വിലാപയാത്രയായി സുബീന്റെ അവസാനയാത്ര ഇടം നേടിയിരിക്കുകയാണ്.


