ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വിജയഗാഥ, കരൂരിലെ ദുരന്തം, ഗാസയിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകുമെന്ന സൂചന നൽകി ട്രംപ് ഉൾപ്പെടെ ഇന്നറിയേണ്ട പ്രധാന വാർത്തകൾ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. അതേസമയം കിരീടം ചൂടിയിട്ടും ട്രോഫിയിൽ മുത്തമിടാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിട്ടില്ല. കരൂരിൽ വിജയുടെ റാലിക്കിടെയുണ്ടായ ദുരന്തം സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. അതിനിടെ ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലെന്ന സൂചന നൽകിയിരിക്കുകയാണ് ട്രംപ്. ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

ട്രോഫി സ്വീകരിക്കാതെ ഇന്ത്യ

അവസാന ഓവർ വരെ ആവേശം നിറഞ്ഞ കിരീട പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യൻമാർ. അഞ്ച് വിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് ഒൻപതാം കിരീടം. പാകിസ്ഥാന്റെ 146 റൺസ് രണ്ട് പന്ത് ശേഷിക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി. മൈതാനത്തും ഓപ്പറേഷൻ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം ഇന്ത്യൻ ടീം ഏഷ്യാ കപ്പ് ട്രോഫി ഏറ്റുവാങ്ങിയില്ല. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി കൂടിയായ എസിസി ചെയർമാൻ നഖ്‍വി കപ്പ് നൽകുന്നതിലായിരുന്നു പ്രതിഷേധം. ടീം അംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫുമാണ് യഥാർത്ഥ ട്രോഫിയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. മാച്ച് ഫീ ഇന്ത്യൻ ആർമിക്ക് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം കളിക്കാർക്ക് ബിസിസഐ 21 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.

ഇന്ന് വിജയ്ക്കും ഡിഎംകെ സർക്കാരിനും നിർണായകം

ടിവികെ കരൂർ റാലിയിലെ ആൾക്കൂട്ട ദുരന്തത്തിൽ ഇന്ന് വിജയ്ക്കും ഡിഎംകെ സർക്കാരിനും നിർണായകം. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവും ആയ ഏജൻസിക്ക് കൈമാറണം എന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്ക്കെതിരെ കോടതി പരാമർശങ്ങൾ ഉണ്ടായാൽ സർക്കാർ പ്രതികരണം എങ്ങനെ ആകും എന്നാണ് അറിയാനുള്ളത്. അതിനിടെ കേന്ദ്ര മന്ത്രി നിർമലല സീതാരാമൻ ഇന്ന് കരൂരിൽ എത്തി പരിക്കേറ്റവരെ സന്ദർശിക്കും. ശനിയാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ 40 പേരാണ് മരിച്ചത്. ചികിത്സയിലുള്ള 100ലേറെ പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്

തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം സുതാര്യമാക്കണം- നിയമസഭ പ്രമേയം പാസാക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണ നടപടികൾ സുതാര്യമാക്കണം എന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും.പ്രതിപക്ഷം പ്രമേയത്തിന് പിന്തുണ നല്‍കും.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു കൂട്ടിയ സര്‍വകക്ഷിയോഗത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കുന്നതിലെ ആശങ്കകൾ സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുളള കക്ഷികൾ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേയം ഒന്നിച്ചു പാസാക്കാനുള്ള തീരുമാനം. വോട്ടർ പട്ടിക പരിഷ്ക്കരണം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്.

ഓപ്പറേഷൻ നുംഖോർ: കണ്ടെത്തിയത് 38 വാഹനങ്ങൾ മാത്രം

ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായുള്ള വാഹന പരിശോധന ഇന്നും തുടരും. കസ്റ്റംസിന് തട്ടിപ്പിൽ ഉൾപ്പെട്ട 38 വാഹനങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താൻ സാധിച്ചത്. ഇന്ന് മുതൽ പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും സഹായത്തോടെയാകും പരിശോധന.നേരത്തെ പരിശോധിച്ച വാഹനങ്ങളുടെ ഉടമകളെ ചോദ്യംചെയ്യുന്നത് ഇന്നും തുടരും. ഭൂട്ടാനിൽ നിന്ന് എത്തിയ ലാൻഡ് ക്രൂയിസർ വാഹനത്തിന്‍റെ ഫസ്റ്റ് ഓണർ എന്ന് കസ്റ്റംസ്സംശയിക്കുന്ന മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകും. ചില രേഖകൾ കൂടി ഹാജരാക്കാൻ മാഹിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. നടൻ അമിത് ചക്കാലക്കലിന്‍റെ വാഹനം വിട്ടുകൊടുക്കുന്ന കാര്യത്തിലും തീരുമാനം ഉടൻ ഉണ്ടാകും.

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലെന്ന സൂചനയുമായി ട്രംപ്

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മധ്യപൂര്‍വദേശത്തിന്‍റെ മഹത്വത്തിനായി ഒരവസരം വന്നു ചേര്‍ന്നിരിക്കുക ആണെന്ന് ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. ആദ്യമായിട്ടാണ് പ്രത്യേക കാര്യത്തിനായി എല്ലാവരും ഒരുമിക്കുന്നത്. അത് പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നും ട്രംപ് അറിയിച്ചു. മധ്യപൂര്‍വ ദേശമെന്ന് പോസ്റ്റില്‍ എടുത്തു പറഞ്ഞതിനാല്‍ യുദ്ധം അവസാനിപ്പിക്കാനുളള നിര്‍ണായക ഇടപെടലിന്‍റെ സൂചന എന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് അമേരിക്കയില്‍ എത്താനിരിക്കെയാണ് ട്രംപിന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയം