ഇസ്ലാമാബാദ്: തന്‍റെ പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയയില്‍നിന്ന് പരിഹാസങ്ങള്‍ ഏറ്റുവാങ്ങുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പുതുമയല്ല. ഇത്തവണ മരവും ഓക്സിജനുമാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവനയില്‍പെട്ടിരിക്കുന്നത്. 

രാത്രിയില്‍ മരങ്ങള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജന്‍ പുറന്തള്ളുകയും ചെയ്യുമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ അബദ്ധപ്രസ്താവന. മരങ്ങള്‍ രാത്രിയില്‍ ഓക്സിജന്‍ വലിച്ചെടുക്കുകയും കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രീയ വിശദീകരണം.

ഇതോടെ പ്രധാനമന്ത്രിയുടെ അബദ്ധം സോഷ്യല്‍ മീഡിയ ഏറ്റെത്തു. പാക്കിസ്ഥാനിലെ മരങ്ങള്‍ രാത്രിയില്‍ ഓക്സിജനാണ് പുറന്തള്ളുന്നതെന്നാണ് ഫേസ്ബുക്കിലൂടെയും ട്വീറ്ററിലൂടെയും ആളുകള്‍ പരിഹസിക്കുന്നത്.  പ്രധാനമന്ത്രിയെ ചോദ്യം ചെയ്തും പരിഹസിച്ചും പാക്കിസ്ഥാന്‍ സ്വദേശികള്‍ തന്നെ രംഗത്തെത്തി. 

ഇമ്രാന്‍ ഖാന്‍ ഓക്സ്ഫോര്‍ഡ് ബിരുദധാരി തന്നെയാണോ എന്നാണ് ചില ട്വിറ്റര്‍ർ അക്കൗണ്ടുകള്‍ ചോദിക്കുന്നത്. എല്ലായിപ്പോഴത്തേയും പോലെ ഇമ്രാന്‍ ഖാനില്‍ നിന്ന് പുതിയത് ചിലത് പഠിക്കാനുണ്ടെന്ന് മറ്റൊരാള്‍ വീഡിയോ അടക്കം ട്വീറ്റ് ചെയ്തിരിക്കുന്നു. 

ജര്‍മ്മനിയും ജപ്പാനും അതിര്‍ത്തി പങ്കിടുന്നുവെന്ന് പറഞ്ഞ് നേരത്തേ അദ്ദേഹം പരിഹാസം ഏറ്റുവാങ്ങിയിരുന്നു. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യന്‍ പ്രസിഡന്‍റ് എന്ന് വിശേഷിപ്പിച്ചതും പരിഹാസത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.