Asianet News MalayalamAsianet News Malayalam

മാധ്യമപ്രവര്‍ത്തകരെ 'ഒതുക്കാന്‍' സമാഹരിക്കുന്നത് 20 ലക്ഷം ഡോളര്‍; പുതിയ തന്ത്രവുമായി ട്രംപ് അനുകൂലികള്‍

ട്രംപിനെതിരെ കടുത്ത വിമര്‍ശനം മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കാമ്പയിന്‍ ആരംഭിക്കുന്നത്. 

Trump allies raise money to target media reporters
Author
Washington, First Published Sep 3, 2019, 8:23 PM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ വാര്‍ത്തയെഴുതുന്ന മാധ്യമപ്രവര്‍ത്തകരെ ഒതുക്കാന്‍ 20 ലക്ഷം ഡോളര്‍ ട്രംപ് അനുകൂല സംഘടന സമാഹരിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഓണ്‍ലൈന്‍ മാധ്യമമായ ആക്സിയോസാണ് വാര്‍ത്ത പുറത്തുവിട്ടത്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമസ്ഥാപനങ്ങളിലെ എഡിറ്റര്‍മാരെ സാമൂഹിക മാധ്യമങ്ങളില്‍ അപമാനിക്കാനും ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനുമാണ് പണം ചെലവാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വരുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ട്രംപ് അനുകൂലികളുടെ നീക്കം. പരമ്പരാഗത മാധ്യമങ്ങളിലൂടെയും മാധ്യമപ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. 

ട്രംപിനെതിരെ കടുത്ത വിമര്‍ശനം മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കാമ്പയിന്‍ ആരംഭിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് എഡിറ്ററുടെ മുന്‍ ജൂതവിരുദ്ധ ട്വീറ്റുകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത് ഇതിന്‍റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. 

സിഎന്‍എന്‍. എംഎസ്എന്‍ബിസി, ബസ്ഫീഡ്, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളെയും നോട്ടമിടുന്നുണ്ട്. അമേരിക്കയില്‍ പ്രസിഡന്‍റ് ട്രംപിന്‍റെ സാമ്പത്തിക നയമുള്‍പ്പെടെ കടുത്ത രീതിയിലാണ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. പലപ്പോഴും മാധ്യമപ്രവര്‍ത്തകരുമായി ട്രംപ് പരസ്യമായി കൊമ്പുകോര്‍ത്തിരുന്നു.  ഇഷ്ടമില്ലാത്ത മാധ്യമപ്രവര്‍ത്തകരെ വൈറ്റ് ഹൗസില്‍ പ്രവേശിപ്പിക്കുന്നതും ട്രംപ് വിലക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios