ഒസാക്ക: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി തീരുവ പിന്‍വലിച്ചേ മതിയാകു എന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ‍് ട്രംപ്. നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്. ജി20 ഉച്ചകോടിയ്ക്ക് ഒസാക്കയിലെത്തിയ നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നാളെ ഒസാക്കയില്‍ നടക്കുന്ന കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട അമേരിക്ക വ്യക്തമാക്കി. 28 അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ അധിക ഇറക്കുമതി തീരുവ അംഗീകരിക്കാനാവില്ല. മോദിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യമുന്നയിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന വ്യാപാര മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയത് തിരിച്ചടിയായിരുന്നു. 

അമേരിക്കന്‍ ഉപരോധം നിലനില്‍ക്കവേ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തിലും അമേരിക്ക വിയോജിച്ചു. പിന്നാലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക തീരുവ ചുമത്തി. ഇക്കാര്യങ്ങളില്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രാഥമിക ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് നാളെ ജപ്പാനിലുണ്ടാവുക. 

അതിനിടെ ജി 20 ഉച്ചകോടിയ്ക്ക് ഒസാക്കയിലെത്തിയ നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാന്‍ സഹകരണത്തോടെ ഇന്ത്യയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ആശംസ അറിയിച്ച ആബേയ്ക്ക്, മോദി നന്ദി പറഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് മറ്റെന്നാളവസാനിക്കുന്ന ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ.