2003ൽ ജെഫ്രി എപ്സ്റ്റീന് അശ്ലീല ഉള്ളടക്കമുള്ള കത്ത് ട്രംപ് അയച്ചുവെന്നായിരുന്നു വാൾസ്ട്രീറ്റ് ജേണലിൽ വന്ന ലേഖനത്തിൽ വിശദമാക്കിയത്. ആയിരം കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് കേസ് നൽകിയിരിക്കുന്നത്

ന്യൂയോർക്ക്: വാള്‍സ്ട്രീറ്റ് ജേണലിനെതിരെ മാനനഷ്ടക്കേസുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയ്ക്ക് ട്രംപ് കത്ത് അയച്ചെന്ന വാർത്തയ്ക്കെതിരെയാണ് നടപടി. 2003ൽ ജെഫ്രി എപ്സ്റ്റീന് അശ്ലീല ഉള്ളടക്കമുള്ള കത്ത് ട്രംപ് അയച്ചുവെന്നായിരുന്നു വാൾസ്ട്രീറ്റ് ജേണലിൽ വന്ന ലേഖനത്തിൽ വിശദമാക്കിയത്. ആയിരം കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് കേസ് നൽകിയിരിക്കുന്നത്.

ദുരുദ്ദേശത്തോടെ നൽകിയ വാർത്ത വലിയ രീതിയിൽ അപകീർത്തിയുണ്ടാക്കിയെന്നാണ് ട്രംപ് പരാതിയിൽ വിശദമാക്കുന്നത്. ജെഫ്രി എപ്സ്റ്റീന് ട്രംപ് ജന്‍മദിനാശംസകള്‍ നേര്‍ന്ന് കത്തയയ്ക്കുകയും അതില്‍ ഒരു സ്ത്രീയുടെ നഗ്നചിത്രം വരച്ചുചേര്‍ക്കുകയും ചെയ്തെന്ന വിവാദം രാജ്യത്ത് വലിയ കോലാഹലം സൃഷ്ടിച്ച സമയത്താണ് റൂപ‍ർട്ട് മ‍ർഡോക്കിനും വാൾസ്ട്രീറ്റ് ജേണലിനുമെതിരായ ട്രംപിന്റെ പരാതിയെന്നതാണ് ശ്രദ്ധേയം. ജെഫ്രി എപ്സ്റ്റീന്റെ അമ്പതാം ജന്മദിനത്തിലായിരുന്നു കത്ത് അയച്ചതെന്നാണ് വാർത്ത വിശദമാക്കിയത്. എന്നാൽ റിപ്പോർട്ട് വ്യാജമാണെന്നും കത്ത് അയച്ചിട്ടെല്ലെന്നുമാണ് ട്രംപ് പ്രതികരിച്ചത്. വാൾസ്ട്രീറ്റ് ജേണലിന്റെ പ്രസാധകരായ ഡോ ജോൺസ് ആൻഡ് കമ്പനിയും മാതൃ സ്ഥാപനത്തിനെതിരെയും വാർത്ത റിപ്പോർട്ട് ചെയ്ത ജോസഫ് പാലാസോളോ,ഖദീജാ സഫ്ദർ എന്നിവർക്കും റൂപർട്ട് മർഡോക്ക്, ഡോ ജോൺസ് സിഇഒ റോബർട്ട് തോംപ്സൺ എന്നിവർക്കുമെതിരെയാണ് പരാതി.

എന്നാൽ തങ്ങളുടെ റിപ്പോർട്ട് നൂറ് ശതമാനം കൃത്യമാണെന്നും നിയമ പരമായി ട്രംപിനെ കൈകാര്യം ചെയ്യുമെന്നുമാണ് വാൾസ്ട്രീറ്റ് വക്താവ് വിശദമാക്കുന്നത്. 2019ലാണ് ജെഫ്രി എപ്സ്റ്റീൻ ജയിലിൽ വച്ച് മരിച്ചത്. നേരത്തെ എപ്സ്റ്റീന്റെ കൂട്ടുപ്രതിയായിരുന്ന, ജയിലിലുള്ള ഗിസ്ലെയ്ന്‍ മാക്സ്വെല്‍ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തില്‍ ട്രംപ് പങ്കെടുത്തു എന്ന ആരോപണം ട്രംപ് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. 2000ത്തിലാണ് ശിശു പീഡനം അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ എപ്സ്റ്റീനെതിരെ അന്വേഷണം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം