വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെ പ്രശംസിച്ച ഡോണൾഡ് ട്രംപിനെതിരെ വിമർശനം. ട്രംപിന്റെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങൾക്ക് ഇടയാക്കി.

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെ പ്രശംസിച്ച ഡോണൾഡ് ട്രംപിനെതിരെ വിമര്‍ശനം. തന്‍റെ പ്രസ് സെക്രട്ടറിയെ പ്രശംസിക്കാനായി ഉപയോഗിച്ച വാക്കുകൾക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. തനിക്ക് ലഭിച്ചതിൽവെച്ച് ഏറ്റവും മികച്ച സെക്രട്ടറിയാണ് കരോലിൻ എന്ന് പറഞ്ഞ ട്രംപ്, സാധാരണയിൽ കവിഞ്ഞ ചില പ്രശംസകളും നടത്തി.

നിരവധി വെടിനിർത്തലുകൾക്ക് മധ്യസ്ഥത വഹിച്ച ട്രംപിന് സമാധാന നൊബേൽ സമ്മാനം ലഭിക്കാൻ അർഹതയുണ്ടെന്ന് ലീവിറ്റ് അവകാശപ്പെട്ടതിന് മറുപടിയായി, ന്യൂസ്മാക്സുമായുള്ള അഭിമുഖത്തിലാണ് ട്രംപ് വ്യക്തിപരമായ പ്രശംസകൾ ചൊരിഞ്ഞത്. "അവൾ ഒരു താരമായി മാറി. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അവ ചലിക്കുന്ന രീതി. ഒരു മെഷീൻ ഗൺ പോലെയാണ് അവ ചലിക്കുന്നത്" എന്ന് ട്രംപ് പറഞ്ഞു. "അവൾ ഒരു മികച്ച വ്യക്തിയാണ്. പക്ഷേ, കരോലിനെക്കാൾ മികച്ച ഒരു പ്രസ് സെക്രട്ടറി ആർക്കും ഉണ്ടായിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവൾ അതിശയകരമായിരുന്നു."

ഒരു ദിവസം മുൻപ് നടന്ന വൈറ്റ് ഹൗസ് വാർത്താസമ്മേളനത്തിൽ, ലീവിറ്റ് ട്രംപിന്‍റെ അന്താരാഷ്ട്ര ശ്രമങ്ങളെ പ്രശംസിക്കുകയും അദ്ദേഹത്തിന് സമാധാന നൊബേൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആറ് മാസം മുൻപ് അധികാരമേറ്റെടുത്തതിന് ശേഷം അദ്ദേഹം ശരാശരി ഒരു സമാധാന ഉടമ്പടിയോ വെടിനിർത്തലോ ഓരോ മാസവും ഉണ്ടാക്കിയിട്ടുണ്ടെന്നും ലീവിറ്റ് അവകാശപ്പെട്ടു.

എന്നാൽ, ട്രംപിന്‍റെ ഈ പരാമർശങ്ങൾ നെറ്റിസൺമാർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്‍റെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രതികരണങ്ങൾക്ക് ഇടയാക്കി. നിരവധി ഉപയോക്താക്കൾ ഈ ഭാഷയെ അസ്വസ്ഥജനകമെന്നും അരോചകമെന്നും പ്രൊഫഷണലല്ലാത്തതെന്നും വിശേഷിപ്പിച്ചു. ഇത് ജെഫ്രി എപ്സ്റ്റീന്‍റെ ഉറ്റസുഹൃത്ത് പറയുന്നതുപോലെ തോന്നുന്നു എന്നാണ് ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് പറഞ്ഞത്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ട്രംപും തമ്മിലുള്ള ബന്ധം യുഎസിൽ വലിയ വിവാദമാണ്.

"ഏതെങ്കിലും പുരുഷൻ ഒരു സഹപ്രവർത്തകയെക്കുറിച്ച് ജോലിസ്ഥലത്ത് ഇത് പറഞ്ഞിരുന്നെങ്കിൽ, അവരെ തൽക്ഷണം പുറത്താക്കുകയും കമ്പനിക്കെതിരെ കേസെടുക്കുകയും ചെയ്യുമായിരുന്നു" എന്നാണ് ഒരാൾ പ്രതികരിച്ചത്. മാധ്യമങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയെയും വിമർശകർ ചൂണ്ടിക്കാട്ടി. "ഇത്രയും വിചിത്രവും, ഭയാനകവും, അരോചകവുമായ ഈ പരാമർശത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ ആരെങ്കിലും അദ്ദേഹത്തോടോ വൈറ്റ് ഹൗസിനോടോ ചോദിക്കുമോ? തീർച്ചയായും ഇല്ല" ഒരു പോസ്റ്റിൽ പറയുന്നു.