ഇറാനുമായുള്ള ചർച്ചകളിൽ പ്രസിഡന്റ് ട്രംപ് ഒരു പെട്ടെന്നുള്ള വിജയത്തിനായി ശ്രമിക്കുമെന്ന് മുൻ യുഎസ് അംബാസഡർ ഡഗ്ലസ് സിലിമാൻ അഭിപ്രായപ്പെട്ടു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി അമേരിക്ക വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കാം.
വാഷിംഗ്ടൺ: ഇറാനുമായുള്ള ചർച്ചകളിൽ പോരാട്ടം അവസാനിപ്പിക്കുന്നതിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനുമായിരിക്കും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുൻഗണന നൽകുകയെന്ന് കുവൈറ്റിലെയും ഇറാഖിലെയും മുൻ യുഎസ് അംബാസഡർ ഡഗ്ലസ് സിലിമാൻ അഭിപ്രായപ്പെട്ടു. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ട്രംപിന്‍റെ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് മനസ് തുറന്നത്. എത്രയും വേഗം തനിക്ക് ഒരു വിജയം അവകാശപ്പെടാൻ സാധിക്കുന്ന ഒരു മേഖല ട്രംപ് കണ്ടെത്തുമെന്നും, അത് യുറേനിയം സമ്പുഷ്ടീകരണം നിർത്തലാക്കുന്നതോ അല്ലെങ്കിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കുന്നതോ ആകാം എന്നും അദ്ദേഹം നിരീക്ഷിച്ചു.
സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെടുത്താൻ സാധിച്ചത് ഇറാന്‍റെ ഏറ്റവും വലിയ തന്ത്രപരമായ വിജയമാണെന്ന് സിലിമാൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം നിലവിൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ, കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാനെ സമ്മതിപ്പിക്കുന്നതിനായി അമേരിക്ക ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കും. എന്നാൽ ഇത്തരം വിട്ടുവീഴ്ചകൾ ഇറാൻ മറ്റ് ഏതെല്ലാം വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ചർച്ചകളിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും തുറന്നുകൊടുക്കലും തന്നെയാകും ലോകം ഉറ്റുനോക്കുന്ന പ്രധാന ഘടകം.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തിന് പരിഹാരം കണ്ടെത്താൻ പാകിസ്ഥാൻ മധ്യസ്ഥം വഹിക്കുന്ന ചർച്ചകൾക്കായി ഇറാൻ പ്രതിനിധി ഇസ്ലാമബാദിലെത്തി. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, സെൻട്രൽ ബാങ്ക് ഗവർണർ, സൈനിക സാമ്പത്തിക രംഗത്തെ പ്രമുഖർ എന്നിവരും ഈ സംഘത്തിലുണ്ട്. വെള്ളിയാഴ്ചയാണ് ഇറാൻ പ്രതിനിധി സംഘം പാകിസ്ഥാനിലെത്തിയത്. ഇറാൻ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ അമേരിക്ക പാലിച്ചാൽ മാത്രമാകും സമാധാന ചർച്ചകളുമായി മുന്നോട്ട് പോകൂവെന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് ആണ് ഇറാന്റെ പ്രതിനിധി സംഘത്തെ നയിക്കുന്നത്. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾക്കും ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾക്കും പരിഹാരം കാണണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.


