നൈജീരിയക്കുള്ള അമേരിക്കൻ സഹായങ്ങളെല്ലാം നിർത്തലാക്കുമെന്നും ഭീകരവാദികളെ പൂർണമായി തുടച്ചുനീക്കാൻ അമേരിക്കൻ സൈനികർ 'തോക്കുകളുമായി ഇരച്ചെത്തും' എന്നുമുള്ള പ്രഖ്യാപനങ്ങളാണ് യു എസ് പ്രസിഡന്‍റ് നടത്തിയിരിക്കുന്നത്
ന്യൂയോർക്ക്: നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സൈനിക നീക്കം തുടങ്ങുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൈനിക നീക്കത്തിന് തയ്യാറെടുക്കാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയെന്നാണ് യു എസ് പ്രസിഡന്റ് വ്യക്തമാക്കിയത്. ക്രിസ്ത്യൻ സമൂഹത്തെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെന്റഗണിനോടുള്ള ഈ ഉത്തരവ് എന്നത് ശ്രദ്ധേയമാണ്. നൈജീരിയയിൽ ക്രിസ്ത്യാനികളുടെ 'കൂട്ടക്കൊല' നടക്കുന്നുവെന്ന് ആരോപിച്ച ട്രംപ്, രാജ്യത്തിനുള്ള എല്ലാ അമേരിക്കൻ സഹായങ്ങളും ഉടൻ നിർത്തലാക്കുമെന്നും തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഭീകരവാദികളെ പൂർണമായി തുടച്ചുനീക്കാൻ അമേരിക്കൻ സൈനികർ 'തോക്കുകളുമായി ഇരച്ചെത്തും' എന്ന പ്രഖ്യാപനവും യു എസ് പ്രസിഡന്‍റ് നൽകി.
ആരോപണം ബൊക്കോഹറാമിനെതിരെ
നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ ബൊക്കോഹറാം ഭീകരര്‍ വംശഹത്യ നടത്തുകയാണെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് അമേരിക്കയുടെ ഇടപെടല്‍. ക്രൈസ്തവര്‍ക്ക് നേര്‍ക്ക് അതിക്രമങ്ങള്‍ തുടരുകയാണെന്നും ക്രിസ്ത്യന്‍ ജനതയെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടപടികള്‍ക്ക് പെന്റഗണിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാധ്യമായ സൈനിക നടപടികൾക്ക് തയ്യാറാകാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് തന്നെയാണ് അറിയിച്ചത്. നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സൈനിക നടപടിക്കുള്ള നീക്കമെന്നതിനാൽ തന്നെ നൈജീരിയയിലെ സാഹചര്യം ലോകം അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
നിഷേധിച്ച് നൈജീരിയ
എന്നാൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ മതിയായ നടപടികളെടുക്കുന്നില്ലെന്ന ആരോപണം നൈജീരിയൻ സർക്കാർ നിഷേധിച്ചു. ട്രംപിന്റെ പ്രസ്താവനയോട് നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു അടക്കമുള്ളവർ പ്രതികരിച്ചിട്ടുണ്ട്. 'മതസ്വാതന്ത്ര്യവും സഹിഷ്ണുതയും നൈജീരിയയുടെ അടിസ്ഥാനമാണ്. നൈജീരിയ മതപീഡനത്തെ എതിർക്കുന്ന രാജ്യമാണ്, അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല" എന്നാണ് പ്രസിഡന്റ് ബോല വ്യക്തമാക്കിയത്. അതേസമയം 23 കോടിയിലധികം ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യത്ത് തീവ്ര ഇസ്ലാമിസ്റ്റ് ആക്രമണങ്ങൾക്ക് ക്രിസ്ത്യാനികളും മുസ്ലിംകളും ഒരുപോലെ ഇരകളാകുന്നുണ്ടെന്നാണ് നൈജിരിയയുടെ വാദമെന്നാണ് സി എൻ എൽ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമങ്ങൾക്ക് പിന്നിൽ രാജ്യത്തെ വിഭവങ്ങളുടെ പരിമിതി, സാമുദായിക - വംശീയ സംഘർഷങ്ങൾ തുടങ്ങിയ ഘടകങ്ങൾ പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ട്രംപിന്റെ നീക്കങ്ങളും പ്രഖ്യാപനങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുമ്പോൾ, നൈജീരിയയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്.


