റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചെന്ന ട്രംപിന്റെ മുൻ വാദം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
വാഷിംഗ്ടൺ/ദില്ലി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും എന്ന് വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുക്രൈൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്കിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപ് ഒരിക്കൽ കൂടി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 'ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല. അവർ ഇതിനോടകം അത് കുറച്ചു' എന്ന് ട്രംപ് പറഞ്ഞു. നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ, നയതന്ത്രവും താരിഫും ഉപയോഗിച്ച് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന ട്രംപിന്‍റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കിടയിലാണ് ഈ പരാമർശം.
ഹംഗറിയോട് മൃദു സമീപനം
റഷ്യൻ ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്ന നാറ്റോ അംഗമായ ഹംഗറിയെക്കുറിച്ച് സംസാരിച്ചപ്പോൾ ട്രംപിന്‍റെ ടോൺ മാറി. 'ഹംഗറി ഒരുതരത്തിൽ കുടുങ്ങിക്കിടക്കുകയാണ്, കാരണം അവർക്ക് വർഷങ്ങളായി നിലവിലുള്ള ഒരു പൈപ്പ്ലൈൻ മാത്രമേയുള്ളൂ. അവർ ഉൾനാട്ടിലാണ്. അവർക്ക് കടലുമായി ബന്ധമില്ല. അവർക്ക് എണ്ണ ലഭിക്കാൻ വളരെ പ്രയാസമാണ്. അത് ഞാൻ മനസിലാക്കുന്നു' എന്ന് ട്രംപ് പറഞ്ഞു. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനെ വളരെ മികച്ച നേതാവ് എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹവുമായി സംസാരിച്ചെന്നും വരും ആഴ്ചകളിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെ ബുഡാപെസ്റ്റിൽ വെച്ച് കാണാൻ പദ്ധതിയിടുന്നുണ്ടെന്നും ആവർത്തിച്ചു.
മോദിയുമായി സംസാരിച്ചെന്ന് ട്രംപ്; വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു
റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ പേരിൽ മോസ്കോയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയതായി ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. ഇത് വലിയൊരു ചുവടുവെയ്പ്പാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യ എണ്ണ വാങ്ങുന്നതിൽ തനിക്ക് സന്തോഷമുണ്ടായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. 'അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം (പ്രധാനമന്ത്രി മോദി) ഉറപ്പ് നൽകി. അതൊരു വലിയ ചുവടുവെയ്പ്പാണ്. ഇനി ചൈനയെക്കൊണ്ട് ഇതേ കാര്യം ചെയ്യിക്കണം' ഇങ്ങനെയായിരുന്നു ട്രംപിന്‍റെ വാക്കുകൾ.
എന്നാൽ, പ്രധാനമന്ത്രി മോദിയും പ്രസിഡന്‍റ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടന്നിട്ടില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി. പിന്നാലെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒരു മാറ്റവും തല്‍ക്കാലം ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബറിൽ ഇതുവരെയുള്ള ഇറക്കുമതി കഴിഞ്ഞ മാസത്തെക്കാൾ കൂടുലാണ് എന്നാണ് കണക്കുകൾ.


