"ഒരു നാഗരികത ഇല്ലാതാകും" എന്ന തന്റെ വിവാദ പ്രസ്താവനയാണ് ഇറാനെ ചർച്ചയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ആണവായുധങ്ങൾ ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതോടെ ചർച്ചകൾ പരാജയപ്പെട്ടെന്നും എന്നാൽ അവർ തിരികെ വരുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഈ സംഘർഷം ആഗോള എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്.
വാഷിങ്ടൺ: "ഒരു നാഗരികത തന്നെ ഇല്ലാതാകും" എന്ന തൻ്റെ പ്രസ്താവനയാണ് ഇറാനെ സമാധാന ചർച്ചയ്ക്ക് എത്തിച്ചതെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ലോകനേതാക്കൾ വിമർശിച്ച തൻ്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തിയത്. എന്നും 'അമേരിക്കയ്ക്ക് മരണം' എന്ന് മുദ്രാവാക്യം മുഴക്കുന്നവരാണ് ഇറാൻ. അതുകൊണ്ട് തന്റെ പ്രസ്താവന ഇത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കടുത്ത നിലപാടാണ് അവരെ ചർച്ചയ്ക്ക് വരാൻ പ്രേരിപ്പിച്ചതെന്ന് ആവർത്തിച്ച് പറഞ്ഞാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ഏപ്രിൽ 7-ന് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് "ഒരു നാഗരികത ഇന്നുരാത്രി മരിക്കും, അത് ഇനി ഒരിക്കലും തിരിച്ചുവരില്ല" എന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ഈ പ്രസ്താവന ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇസ്ലാമാബാദിൽ ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ ഇറാനുമായി നടത്തിയ 21 മണിക്കൂർ നീണ്ട സമാധാന ചർച്ചകൾ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു ട്രംപിൻ്റെ പ്രതികരണം. ആണവായുധങ്ങൾ ഉപേക്ഷിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ചർച്ചകൾ തകരാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ 100 ശതമാനം വിട്ടുവീഴ്ച വേണമെന്നും 90 ശതമാനമോ 95 ശതമാനമോ പോരെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചയിലേക്ക് തിരികെ വരുമെന്നും തങ്ങൾ ആവശ്യപ്പെടുന്നതെല്ലാം നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനുനേരെ നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധം ഉടലെടുത്തത്. ഇത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം പുനഃസ്ഥാപിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.


