ആണവ പദ്ധതിയിൽ നിന്ന് ഇറാൻ പിൻവാങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇനിയും അതിന് തയ്യാറായില്ലെങ്കിൽ ഇറാൻ അതിരൂക്ഷമായ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി

വാഷിംഗ്ടൺ: ഇന്ന് പുലർച്ചെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ ഭീഷണി. ഇറാൻ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ആണവ പദ്ധതിയിൽ നിന്ന് ഇറാൻ പിൻവാങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇനിയും അതിന് തയ്യാറായില്ലെങ്കിൽ ഇറാൻ അതിരൂക്ഷമായ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇസ്രയേലിൽ നിന്ന് ഇന്ന് പുലർച്ചെ ലഭിച്ചതിലും കൂടുതൽ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ട്രംപ് വിശദീകരിച്ചത്.

തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതിയ കുറിപ്പിൽ ഇറാനെതിരായ വരാനിക്കുന്ന ആക്രമണങ്ങളുടെ സൂചനയും ട്രംപ് നൽകി. ഇറാനോട് ശക്തമായ വാക്കുകളിൽ പറഞ്ഞിട്ടും ആണവ നിർവ്യാപന കരാർ ഇതുവരെയും യാഥാർഥ്യമായില്ല. ഇസ്രയേൽ ആക്രമണത്തിൽ ഇറാന് ശക്തമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ആക്രമണം ഇതിലും ക്രൂരമായിരിക്കും. ടെഹ്റാനിൽ ഒന്നും അവശേഷിക്കാത്ത സ്ഥിതി വിശേഷമുണ്ടാകുമെന്നും, അതിന് മുൻപ് ഇറാൻ ഉടമ്പടിക്ക് തയാറാകണമെന്നും ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ട്രംപ് കുറിച്ചു.

ഇസ്രയേൽ ഇന്ന് പുലർച്ചെ ടെഹ്റാനിൽ നടത്തിയ ആക്രമണങ്ങളിൽ പങ്കില്ലെന്ന അമേരിക്കയുടെ ആദ്യ നിലപാട് ചോദ്യം ചെയ്യുന്നതാണ് ട്രംപിന്‍റെ പുതിയ ഭീഷണി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമേരിക്കക്ക് പങ്കുണ്ടെന്ന് ഇറാൻ ആദ്യം തന്നെ ആരോപിച്ചിരുന്നു. ഒരു പങ്കുമില്ലെന്നാണ് ട്രംപ് തന്നെ രാവിലെ പറഞ്ഞത്. എന്നാൽ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന പുതിയ ഭീഷണി അമേരിക്കൻ പങ്ക് വ്യക്തമാക്കുന്നതാണ്.

അതേസമയം ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. രണ്ട് രാജ്യങ്ങളും സുഹൃത്തുക്കളെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയ വിദേശകാര്യമന്ത്രാലയം നയതന്ത്ര വഴിയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു. ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ പക്ഷം പിടിക്കാതെയാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്. ആണവ കേന്ദ്രങ്ങളിലടക്കമുള്ള ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ പാടില്ലെന്നും ചർച്ചയ്ക്കുള്ള സാധ്യത തേടണമെന്നും ഇന്ത്യ നിർദ്ദേശിച്ചു. രണ്ടു രാജ്യങ്ങളുമായും അടുത്ത സുഹൃദ് ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അതിനാൽ പ്രശ്നപരിഹാരത്തിന് എന്ത് പിന്തുണയും നൽകാൻ തയ്യാറാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇറാനിലെ ഇന്ത്യക്കാർ തത്ക്കാലം താമസസ്ഥലത്തു നിന്നും പുറത്തു പോകുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശമുണ്ട്. ഇസ്രയേലിലുളള ഇന്ത്യക്കാർ പ്രാദേശിക ഭരണകൂടത്തിൻറെ മുന്നറിയിപ്പുകൾ പാലിക്കണം എന്നും വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. ഇറാൻ വഴിയുള്ള വിമാനസർവ്വീസുകൾ റദ്ദാക്കേണ്ടി വന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാകുകയാണ്. ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ താറുമാറായ അവസ്ഥയിലാണ്.