ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾ ഇനിയും കുടുങ്ങിക്കിടക്കുകയാണെങ്കിൽ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് കരസേനയെ ഇറക്കേണ്ടി വരുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഖാർഗ് ദ്വീപിന് നേരെ ആക്രമണം നടന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
ടെഹ്റാൻ: ഇസ്രയേൽ-യുസ് സഖ്യം ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും മിഡിൽ ഈസ്റ്റിൽ വലിയ സംഘർഷത്തിലേക്ക് പോകുന്നതിനിടെ ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ സാമ്പത്തിക നട്ടെല്ലും എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രവുമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപിന് നേരെ അമേരിക്ക ഇനിയും ശക്തമായ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. നിലവിലെ വ്യോമാക്രമണങ്ങളിൽ ദ്വീപിന്റെ ഭൂരിഭാഗവും തകർക്കപ്പെട്ടുവെന്നും, 'ഒരു രസത്തിന് വേണ്ടി' ഇനിയും പലതവണ ഖാർഗിനെ ലക്ഷ്യം വെച്ചേക്കാമെന്നുമാണ് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്.
ട്രംപിന്‍റെ വാക്കുകൾ ഒരു മുന്നറിയിപ്പായാണ് ഇറാൻ കരുതുന്നത്. ഖാർഗ് ദ്വീപിന് നേരെ ആക്രമണം നടന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾ ഇനിയും കുടുങ്ങിക്കിടക്കുകയാണെങ്കിൽ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് കരസേനയെ ഇറക്കേണ്ടി വരുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് നിയന്ത്രണത്തിലുള്ള എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ഇറാനും ലക്ഷ്യമിടുമെന്നാണ് സൈനിക നേതൃത്വം പറയുന്നത്. ട്രംപിന്‍റെയും യുഎസ് സൈന്യത്തിന്‍റേയും നീക്കങ്ങൾ ഇറാൻ നിരീക്ഷിക്കുകയാണ്.
ഇറാനെതിരായ യുഎസ് ഇസ്രയേൽ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്ത് വന്നത്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണമായും തകർത്തുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ആഗോള എണ്ണ വിതരണത്തെ ബാധിക്കാതിരിക്കാൻ നിലവിൽ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ബോധപൂർവ്വം ഒഴിവാക്കിയിരിക്കുകയാണെന്നും, ഒരു രസത്തിന് ഇനിയും ദ്വീപ് ആക്രമിക്കും എന്നുമാണ് ട്രംപ് പറഞ്ഞത്.
ഇറാൻ തീരത്തുനിന്ന് 28 കി.മീ അകലെയും ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കു പടിഞ്ഞാറുമായാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇറാന്റെ ‘കിരീട രത്നം ’ എന്നാണ് ഈ ദ്വീപിനെ വിശേഷിപ്പിക്കപ്പെടുന്നു. 8 കിലോമീറ്റർ നീളവും 4–5 കിലോമീറ്റർ വീതിയുമുള്ള ദ്വീപിൽ 8000 ആളുകളാണ് താമസിക്കുന്നത്. വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴമുള്ള കടൽത്തീരമാണ് ഇവിടമെന്നതാണ് പ്രത്യേകത. ഇറാന്റെ എണ്ണ കയറ്റുമതിയുടെ സിരാകേന്ദ്രമാണിത്. ഇറാന്റെ ഏറ്റവും സെന്‍സിറ്റീവായ, ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുന്ന ഈ ദ്വീപിനെ അമേരിക്ക 'റെഡ് ലൈന്‍'ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാന്റെ ജീവനാഡി, 'കിരീടത്തിലെ രത്നം'
ഏതാനും കിലോമീറ്ററുകള്‍ മാത്രം നീളമുള്ള ഈ ദ്വീപാണ് 1960-കള്‍ മുതല്‍ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രം. അമേരിക്കന്‍ എണ്ണക്കമ്പനിയായ അമോക്കോ ആണ് ഇത് നിര്‍മ്മിച്ചത്. പ്രതിദിനം 70 ലക്ഷം ബാരല്‍ എണ്ണ വരെ കപ്പലുകളില്‍ നിറയ്ക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഇറാന്റെ സമ്പദ് വ്യവസ്ഥയില്‍ ഈ ദ്വീപിനുള്ള സ്ഥാനം വളരെ വലുതാണ്. ഇറാന്റെ സമുദ്രതീരങ്ങളില്‍ ഭൂരിഭാഗവും ആഴം കുറഞ്ഞവയായതിനാല്‍ ലോകത്തെ ഏറ്റവും വലിയ എണ്ണക്കപ്പലുകള്‍ക്ക് അവിടെ അടുക്കാന്‍ കഴിയില്ല. അതിനാലാണ് ആഴക്കടലിലുള്ള ഖാര്‍ഗ് ദ്വീപ് ഇറാന് ഇത്ര പ്രധാനപ്പെട്ടതാകുന്നത്. വിദേശത്തേക്ക് വില്‍ക്കുന്ന പത്തില്‍ ഒമ്പത് ബാരല്‍ ഇറാനിയന്‍ എണ്ണയും കയറ്റുമതി ചെയ്യുന്നത് ഇവിടെ നിന്നാണ്. ദ്വീപിന്റെ തെക്കുഭാഗത്തായി ഡസന്‍ കണക്കിന് വലിയ എണ്ണ സംഭരണികളും, കടലിലേക്ക് നീണ്ടുകിടക്കുന്ന വലിയ ജെട്ടികളുമുണ്ട്. ഇറാന്റെ പ്രധാന കരയിലുള്ള വലിയ എണ്ണപ്പാടങ്ങളില്‍ നിന്നും കടലിനടിയിലൂടെയുള്ള പൈപ്പുകള്‍ വഴിയാണ് ഇവിടേക്ക് എണ്ണ എത്തിക്കുന്നത്.


