Asianet News MalayalamAsianet News Malayalam

ജി 20 ഉച്ചകോടി സമാപിച്ചു: അമേരിക്കയും ചൈനയും തമ്മിലുള്ള 'വ്യാപാരയുദ്ധം' അയയുന്നു

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിം​ഗും നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള തുടര്‍ സംഭാഷണങ്ങള്‍ക്ക് വഴി തുറന്നതായാണ് റിപ്പോർട്ട്.   

Trump, Xi Agree To Restart Trade Talks
Author
Osaka, First Published Jun 29, 2019, 11:56 AM IST

ബെയ്ജിംഗ്:ജി 20 ഉച്ചകോടി  ജപ്പാനിലെ ഒസാക്കയില്‍ സമാപിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിം​ഗും ജി 20 ഉച്ചകോടിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള തുടര്‍ സംഭാഷണങ്ങള്‍ക്ക് വഴി തുറന്നതായാണ് റിപ്പോർട്ട്.

കടുത്ത വ്യാപാര മത്സരം നിലനില്‍ക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതുതായി അധിക നികുതി ചുമത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഉടമ്പടി ശരിയായ മാർ​ഗത്തിലാണിപ്പോൾ ഉള്ളതെന്നും ഷീ ജിൻപിം​ഗുമായി നടത്തിയ ചർച്ചയിൽ ട്രംപ് പറഞ്ഞു. 200 ബില്യൺ ഡോളർ വിലവരുന്ന ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി തീരുവ  25 ശതമാനമായി വര്‍ധിപ്പിക്കാന്‍ മെയ് മാസത്തിൽ ട്രംപ് ഉത്തരവിട്ടിരുന്നു. 

മൊബൈൽ‌ ഫോണുകൾ‌, കമ്പ്യൂട്ടറുകൾ‌, വസ്ത്രങ്ങൾ‌ എന്നിവയുൾ‌പ്പടെയുള്ള ഉല്‍പ്പന്നങ്ങൾക്ക് 325 ബില്യൺ ഡോളര്‍ തീരുവ അധികമായി ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. 60 ബില്യൺ ഡോളർ വിലവരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചിരുന്നു.  

ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ യുദ്ധം ഉടൻ പരിഹരിച്ചില്ലെങ്കിൽ ആഗോള സാമ്പത്തിക വളർച്ചയെ അത് കാര്യമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർഡ് ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞു വരുന്നതായി അവിടെ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഉച്ചകോടിയില്‍ ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിഷയങ്ങളിൽ ലോകരാജ്യങ്ങൾ ചർച്ച നടത്തി. വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉച്ചകോടിയില്‍ ധാരണയായ‌ി. അടിസ്ഥാന സൗകര്യ വികസനത്തിലും , കാര്‍ഷിക, ശാസ്ത്ര,ആരോഗ്യ മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കാനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി.  ഇന്തോനേഷ്യ, ബ്രസീല്‍, തുടങ്ങി അഞ്ചു രാജ്യങ്ങളുമായാണ് ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയ്‍ക്കിടെ ചര്‍ച്ച നടത്തിയത്. ഉച്ചതിരിഞ്ഞ് മോദി ദില്ലിക്ക് മടങ്ങും.

Follow Us:
Download App:
  • android
  • ios