സിറിയയില്‍ ഒരു യുവതിയെ അടിമയാക്കി കൈവശം വെച്ചു എന്നതടക്കമുള്ള കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചു. പരമാവധി 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
മെല്‍ബണ്‍: സിറിയയില്‍നിന്ന് മടങ്ങിയെത്തിയ, ഐസിസുമായി ബന്ധമുള്ള രണ്ട് സ്ത്രീകള്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്ത് കടുത്ത കുറ്റങ്ങള്‍ ചുമത്തി ഓസ്‌ട്രേലിയ. ഏഴ് വര്‍ഷത്തിലേറെ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തടവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ 53, 31 വയസ്സുള്ള സ്ത്രീകള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.
സിറിയയില്‍ ഒരു യുവതിയെ അടിമയാക്കി കൈവശം വെച്ചു എന്നതടക്കമുള്ള കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചു. പരമാവധി 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. വ്യാഴാഴ്ച മെല്‍ബണ്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരുന്നു ഇവരുടെ അറസ്റ്റ്. ഇവര്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ഈ രണ്ടുപേരും 2014-ലാണ് കുടുംബത്തോടൊപ്പം സിറിയയിലേക്ക് പോയത്. ഇവര്‍ സ്വന്തം വീടുകളില്‍ ഒരു സ്ത്രീയെ അടിമയായി പാര്‍പ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതടക്കമുള്ള കുറ്റങ്ങള്‍ള്‍ ചുമത്തി 32 വയസ്സുള്ള മറ്റൊരു ഓസ്ട്രേലിയന്‍ സ്ത്രീയെ വ്യാഴാഴ്ച സിഡ്നി വിമാനത്താവളത്തിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കുറ്റങ്ങള്‍ക്ക് പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഐസിസില്‍ ചേര്‍ന്ന ഭര്‍ത്താവിനൊപ്പം ചേരുന്നതിനായി 2015-ലാണ് ഈ സ്ത്രീ ഓസ്‌ട്രേലിയയില്‍നിന്നും സിറിയയിലേക്ക് പോയതെന്ന് പോലീസ് പറഞ്ഞു.
നാല് സ്ത്രീകളും ഒമ്പത് കുട്ടികളും സിറിയന്‍ ക്യാമ്പുകളില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നതായി സര്‍ക്കാര്‍ ഈ ആഴ്ചയാദ്യം അറിയിച്ചിരുന്നു. ഇവരില്‍ മൂന്ന് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്ത് കുറ്റങ്ങള്‍ ചുമത്തിയത്. എന്നാല്‍ നാലാമത്തെ സ്ത്രീയുടെയോ കുട്ടികളുടെയോ നിലവിലെ അവസ്ഥയെക്കുറിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
സിറിയയില്‍ ഐസിസിന്റെ പരാജയത്തെത്തുടര്‍ന്ന് ഭീകരരെയും അവരുടെയും ബന്ധുക്കളെയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തടവിലാക്കിയിരുന്നു. വിദേശികളടക്കമുള്ള ഐസിസുകാരെയും ബന്ധുക്കളെയും പാര്‍പ്പിച്ച ഡസനോളം ക്യാമ്പുകള്‍ക്ക് കാവല്‍ നിന്നത് കുര്‍ദിഷ് സായുധസംഘങ്ങളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് ആയിരുന്നു. എന്നാല്‍, സിറിയയില്‍ പുതിയ സര്‍ക്കാര്‍ വരികയും അതിന് അമേരിക്ക പിന്തുണ നല്‍കുകയും ചെയ്തതോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് തകര്‍ച്ചയിലായി. തുടര്‍ന്നാണ് അമേരിക്കയുടെ മുന്‍കൈയില്‍, ക്യാമ്പുകള്‍ അടച്ചുപൂട്ടാനും തടവില്‍ കഴിയുന്നവരെ സിറിയയില്‍ നിന്ന് മാറ്റാനും ശ്രമങ്ങള്‍ ആരംഭിച്ചത്.
2022-ല്‍ സിറിയന്‍ ക്യാമ്പുകളില്‍ നിന്ന് നാല് സ്ത്രീകളെയും 13 കുട്ടികളെയും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നാട്ടിലെത്തിച്ചിരുന്നു. 21 ഓസ്ട്രേലിയക്കാര്‍ ഇപ്പോഴും ക്യാമ്പുകളില്‍ തുടരുന്നതായാണ് കണക്ക്. അതിനിടയിലാണ് നാല് സ്ത്രീകളെ കഴിഞ്ഞ ദിവസം സിറിയയില്‍നിന്നും ഓസ്‌ട്രേലിയയില്‍ എത്തിച്ചത്. ഇവരെയാണ് വിമാനത്താവളത്തില്‍ വെച്ചു തന്നെ വിവിധ കുറ്റങ്ങള്‍ ചുമത്തി അകത്താക്കിയത്.
ഈ സ്ത്രീകളുടെയും കുട്ടികളുടെയും വരവ് ഓസ്‌ട്രേലയന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ പൗരന്മാര്‍ രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നത് തടയുന്നതില്‍ ഏറെ പരിമിതികളുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.


