Asianet News MalayalamAsianet News Malayalam

ഇറാഖിൽ വീണ്ടും റോക്കറ്റാക്രമണം, റോക്കറ്റ് പതിച്ചത് ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം

ബാഗ്ദാദിലെ അതീവസുരക്ഷാമേഖലയായി (Green Zone) അറിയപ്പെടുന്ന ഇടത്താണ് രണ്ട് റോക്കറ്റുകൾ തുടർച്ചയായി വന്ന് പതിച്ചത്. അമേരിക്കൻ എംബസിയുൾപ്പടെ സ്ഥിതി ചെയ്യുന്ന ഇടമാണിത്. 

two rockets hit baghdad green zone reports agencies iran us conflict live updates
Author
Green Zone, First Published Jan 9, 2020, 6:07 AM IST

ബാഗ്ദാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീഷണിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ, ഇറാഖിൽ വീണ്ടും ഇറാന്‍റെ റോക്കറ്റാക്രമണം. രാജ്യതലസ്ഥാനമായ ബാഗ്ദാദിലെ അതീവസുരക്ഷാമേഖലയായ (Green Zone) എംബസി മേഖലയിലാണ് റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കൻ എംബസിയുൾപ്പടെ സ്ഥിതി ചെയ്യുന്ന ഇടത്താണ് ആക്രമണമുണ്ടായതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് എംബസിയുടെ നൂറ് മീറ്റർ ദൂരത്ത് റോക്കറ്റ് പതിച്ചതായാണ് വിവരം. 

അർദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്. തുടർച്ചയായി രണ്ട് വലിയ സ്ഫോടനശബ്ദങ്ങൾ ഈ മേഖലയിൽ നിന്ന് കേട്ടതായാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് തുടർച്ചയായി സൈറനുകൾ മുഴങ്ങുന്ന ശബ്ദവും കേട്ടു.

''രണ്ട് കത്യുഷ റോക്കറ്റുകൾ ബാഗ്ദാദിലെ ഗ്രീൻ സോണിൽ പതിച്ചിട്ടുണ്ട്. ആളപായമുള്ളതായി വിവരം കിട്ടിയിട്ടില്ല'', എന്ന് ഇറാഖിലെ സഖ്യസേനാ കമാൻഡർമാർ വ്യക്തമാക്കിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 

ഇറാഖിൽ അമേരിക്കൻ സൈന്യവും സഖ്യസൈന്യവും തമ്പടിച്ചിരുന്ന അൽ അസദ്, ഇർബിൽ എന്നീ സൈനിക വിമാനത്താവളങ്ങളിൽ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇറാൻ വീണ്ടും ഇറാഖിലെ അതീവസുരക്ഷാ മേഖലയിൽ കയറി റോക്കറ്റാക്രമണം നടത്തുന്നത്. 

ഗ്രീൻ സോണിൽ പതിച്ച റോക്കറ്റുകളുടെ ചില അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ:

ബാഗ്‍ദാദിലെ ഈ അതീവസുരക്ഷാ മേഖലയിലുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടുമില്ല. പക്ഷേ, സഖ്യസേനയുടേതടക്കം മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളുള്ള എംബസി മേഖലയിലാണ് ആക്രമണമുണ്ടായത് എന്നത് ആശങ്ക കൂട്ടുന്നുണ്ട്.

മധ്യബാഗ്‍ദാദിൽ 2003-ൽ അമേരിക്ക ആക്രമണം നടത്തി സഖ്യസേന പിടിച്ചടക്കിയ ശേഷം നിർമിച്ച അതീവസുരക്ഷാമേഖലയാണിത്. ഇറാഖിൽ മറ്റേതൊരു ഇടത്തേക്കാൾ സുരക്ഷിതമായ ഇടമാണിതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മേഖലയിൽ നടക്കുന്നത് തുടർച്ചയായ ആക്രമണങ്ങളാണ്. 

ആക്രമണം ഇറാൻ സൈന്യം നേരിട്ട് നടത്തിയതോ?

കഴിഞ്ഞ മാസം ഒടുവിൽ, ഇറാൻ സഹായിക്കുന്ന ഷിയാ സൈനിക ഗ്രൂപ്പായ കത്തൈബ് ഹിസ്ബുള്ളയുടെ ഒരു ആസ്ഥാനത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. അമേരിക്കൻ സൈനിക ഗ്രൂപ്പുകൾ തമ്പടിച്ചിരുന്ന മേഖലയിലേക്ക് ഈ സൈനികഗ്രൂപ്പ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇത്. ഇതേത്തുടർന്ന് ഈ മേഖലയിൽ അമേരിക്കയ്ക്ക് എതിരെ നിരവധി പ്രതിഷേധപ്രകടനങ്ങളും അന്ന് നടന്നിരുന്നു. 

ഇറാനിലെ ഉന്നത സൈനികനേതാക്കളിലൊരാളായ ഖുദ്‍സ് ഫോഴ്സ് തലവൻ കാസിം സൊലേമാനിയെ ബാദ്‍ദാദ് വിമാനത്താവളത്തിലേക്ക് വ്യോമാക്രമണം നടത്തി വധിച്ച അമേരിക്കൻ നടപടിക്ക് പ്രതികാരമായാണ് ഇറാന്‍റെ തുടർച്ചയായുള്ള ആക്രമണങ്ങൾ. സൊലേമാനിയ്ക്ക് പുറമേ, ഇറാഖി കമാൻഡർ അബു മഹ്ദി അൽ മുഹാന്ദിസ് അടക്കം അഞ്ച് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാഖിൽ ഇറാൻ സൈന്യത്തോട് അനുഭാവം പുലർത്തുന്ന സൈനിക ഗ്രൂപ്പായ ഹഷെദ് അൽ-ഷാബിയുടെ ഡെപ്യൂട്ടിയായിരുന്നു ജനറൽ മുഹാന്ദിസ്. 

അമേരിക്കൻ എംബസിയുടെ നേർക്ക് തുടർച്ചയായി നടന്ന റോക്കറ്റാക്രമണങ്ങൾക്ക് പിന്നിൽ ഹഷെദ് ഗ്രൂപ്പുകളാണെന്നാണ് അമേരിക്കയുടെ ആരോപണം. രാജ്യത്തെമ്പാടും അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിലും ഇതേ ഗ്രൂപ്പിന് പങ്കുണ്ടെന്നും അമേരിക്ക ആരോപിച്ചിരുന്നു.

ആക്രമണത്തിൽ ഇറാനൊപ്പം ഹഷെദ് ഗ്രൂപ്പും തിരികെ ആക്രമണം നടത്തുമെന്നും തലവൻമാരിലൊരാളുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നതാണ്. ഹഷെദ് അർദ്ധസൈനികവിഭാഗത്തിന്‍റെ തലവൻ ഖ്വായിസ് അൽ ഖസലി ''ഇറാന്‍റെ തിരിച്ചടിയേക്കാൾ ഒട്ടും കുറയില്ല ഹഷെദിന്‍റെ ആക്രമണം'', എന്നാണ് പ്രഖ്യാപിച്ചത്. അമേരിക്ക തീവ്രവാദിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ആളാണ് ഖസലി. ഹറാകാത് അൽ-നുജാബ എന്ന തീവ്ര ഹഷെദ് ഗ്രൂപ്പാകട്ടെ, മുഹാന്ദിസിന്‍റെ കൊലപാതകത്തിന് കടുത്ത മറുപടി നൽകുമെന്നാണ് പ്രഖ്യാപിച്ചത്. അതായത് അ‍ർദ്ധരാത്രി നടന്ന റോക്കറ്റാക്രമണം, ഇറാൻ സൈന്യം നേരിട്ടാണോ, അതോ ഹഷെദ് ഗ്രൂപ്പാണോ നടത്തിയതെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.

അമേരിക്ക പേടിക്കേണ്ടത് നിഴൽപ്പോരാളികളെ

ഇപ്പോൾ ഇറാൻ ഒരു തട്ട് താഴെയാണ് നിൽക്കുന്നെതന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ വാർത്താസമ്മേളനത്തിൽ പറയുന്നതെങ്കിലും, ഇപ്പോഴും ഇറാന്‍റെ നിഴൽപ്പോരാളികളായ ഗ്രൂപ്പുകൾ മേഖലയിൽ ഭീഷണി തന്നെയാണെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. യുദ്ധത്തിലേക്ക് പോകേണ്ടതില്ലെന്ന് ഇറാൻ തീരുമാനിച്ചാൽ പോലും, ഇറാൻ സഹായിക്കുന്ന സൈനികഗ്രൂപ്പുകളുടെ പലതിന്‍റെയും തലവൻമാർ അതനുസരിയ്ക്കണമെന്നില്ല.

ഇറാഖിലും ലെബനനിലുമടക്കം ഇത്തരം സൈനികഗ്രൂപ്പുകളെ ഒന്നിച്ച് നിർത്തിയിരുന്നതും നിയന്ത്രിച്ചിരുന്നതും മേജർ ജനറൽ കാസിം സൊലേമാനിയാണ്. സൊലേമാനിയുമായി അടുത്ത ബന്ധമുള്ള ഈ സൈനികഗ്രൂപ്പുകൾ തിരിച്ചടിക്ക് തക്കം പാർത്തിരിക്കും. സൊലേമാനിക്ക് ശേഷം ഖുദ്‍സ് ഫോഴ്സിന്‍റെ തലവനായ ഇസ്മായിൽ ഖ്വാനിക്ക് എത്രത്തോളം ഇവരെ നിയന്ത്രിക്കാനാകും എന്നതിലും വ്യക്തതയില്ല. 

Follow Us:
Download App:
  • android
  • ios