ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട 23 ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന തകർത്തു. ഈ ആക്രമണത്തിൽ രണ്ട് യുഎഇ സൈനികർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും 217 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അത്യാധുനിക പ്രതിരോധ സംവിധാനം കാരണം വൻ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു.

അബുദാബി: ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി ഇന്ന് തൊടുത്തുവിട്ടത് 23 ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും. യുഎഇ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ ഇവ തകർത്തു. ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ രണ്ട് യുഎഇ സൈനികർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായും 217 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യരക്ഷാ ഡ്യൂട്ടിക്കിടെ രണ്ട് യുഎഇ സായുധ സേനാ അംഗങ്ങളും, സേനയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഒരു മൊറോക്കൻ പൗരനും (സിവിലിയൻ കരാറുകാരൻ) വീരമൃത്യു വരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10 സിവിലിയന്മാരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. 217 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാവർക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.

യുഎഇയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ് വൻ ദുരന്തം ഒഴിവാക്കാനായതെന്ന് അധികൃതർ വ്യക്തമാക്കി.മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ, ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും യുഎഇ ഗവൺമെന്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.