ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള പ്രതിസന്ധിക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇയും ബഹ്റൈനും. കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ഭക്ഷ്യ-ഊർജ്ജ സുരക്ഷയെ ബാധിക്കുന്നതിനാൽ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അടിയന്തരമായി ഇടപെടണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇതിനായി ബഹ്റൈൻ പുതിയ പ്രമേയം സമർപ്പിച്ചിട്ടുണ്ട്.

അബുദാബി: ഹോർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎഇയും ബഹ്റൈനും. ഈ വിഷയത്തിൽ ബഹ്റൈന്‍റെ നേതൃത്വപരമായ നീക്കങ്ങൾക്ക് യുഎഇ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ഹോർമുസ് കടലിടുക്കിലെ സാഹചര്യം കേവലം ഒരു പ്രാദേശിക പ്രശ്നമല്ലെന്നും മറിച്ച് ആഗോള സ്ഥിരത, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയ്ക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റൈൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി മുന്നറിയിപ്പ് നൽകി. ഈ നിലപാടിനെ യുഎൻ സെക്യൂരിറ്റി കൗൺസിലിലെ യുഎഇ ദൗത്യം ശക്തമായി പിന്തുണച്ചു. നടപടികൾ വൈകുന്ന ഓരോ ദിവസവും ലോകത്തെ വലിയൊരു പ്രതിസന്ധിയിലേക്ക് അടുപ്പിക്കുകയാണെന്നും ഇതിന്‍റെ ഏറ്റവും വലിയ ആഘാതം ദക്ഷിണേഷ്യൻ രാജ്യങ്ങളുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്കായിരിക്കും അനുഭവപ്പെടുകയെന്നും യുഎഇ വ്യക്തമാക്കി.

ഫെബ്രുവരി 28 മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതത്തിൽ 90 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. ഇത് ഊർജ്ജ വിപണിയെ മാത്രമല്ല, വളം ക്ഷാമത്തിലേക്കും അതുവഴി ലോകമെമ്പാടും പട്ടിണി വർധിക്കുന്നതിലേക്കും നയിക്കുമെന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ 136 രാജ്യങ്ങളുടെ പിന്തുണയോടെ സുരക്ഷാ സമിതി പാസാക്കിയ 2817-ാം നമ്പർ പ്രമേയം ഇറാൻ അനുസരിക്കാത്ത സാഹചര്യത്തിൽ, ശക്തമായ തുടർ നടപടികൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ബഹ്റൈൻ സുരക്ഷാ സമിതിയിൽ പുതിയൊരു കരട് പ്രമേയം സമർപ്പിച്ചു. 

ഈ നീക്കം സംഘർഷം വർധിപ്പിക്കാനല്ല മറിച്ച് കപ്പൽ യാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും കൂടുതൽ ആക്രമണങ്ങൾ തടയാനും വേണ്ടിയാണെന്ന് അൽ സയാനി വ്യക്തമാക്കി. ഗതാഗത തടസ്സം മൂലം ഊർജ്ജം, ഭക്ഷണം, മരുന്ന്, വളം തുടങ്ങിയ അത്യാവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടുകയാണ്. അന്താരാഷ്ട്ര നിയമങ്ങൾ പരസ്യമായി വെല്ലുവിളിക്കപ്പെടുമ്പോൾ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ സുരക്ഷാ സമിതിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.