ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യുഎഇയും ബഹ്‌റൈനും ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്ഫോടന കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

അബുദാബി: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ വൻ സ്ഫോടനത്തിൽ ഖത്തർ സർക്കാരിനും ജനങ്ങൾക്കും പൂർണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് യുഎഇയും ബഹ്‌റൈനും. അപകടത്തിൽ 13 പേർ മരണപ്പെട്ടതിൽ ഇരു രാജ്യങ്ങളും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തെത്തുടർന്ന് ഖത്തറിലെ ജനങ്ങൾക്കും ഭരണകൂടത്തിനും യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാനും അതിന്റെ ആഘാതം ലഘൂകരിക്കാനും തൊഴിലാളികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഖത്തർ അധികൃതർക്ക് സാധിക്കുമെന്ന പൂർണ ആത്മവിശ്വാസം ബഹ്‌റൈനും പങ്കുവെച്ചു.

പരിക്കേറ്റവരിൽ നിരവധി രാജ്യക്കാർ

റാസ് ലഫാനിലെ തങ്ങളുടെ വാതക വിതരണ കേന്ദ്രത്തിലുണ്ടായ വ്യവസായ അപകടത്തിൽ 13 പേർ മരണപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ 12 പേർ ഇന്ത്യക്കാരും ഒരാൾ പാകിസ്ഥാൻ പൗരനുമാണ്. അപകടത്തിൽ പരിക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടുന്നു. പരിക്കേറ്റ എല്ലാവരുടെയും നില നിലവിൽ തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

കഴിഞ്ഞ മാർച്ചിൽ ഇറാന്‍റെ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന റാസ് ലഫാൻ എൽഎൻജി കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുന്നതിനിടയിലാണ് ഉഗ്രസ്ഫോടനം ഉണ്ടായതെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി പറഞ്ഞു. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഖത്തർ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.