ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സ്പെഷ്യലിസ്റ്റുകള്‍ നീക്കം ചെയ്ത് 24 മണിക്കൂര്‍ പിന്നിടും മുമ്പ് ആ കുഞ്ഞ് ജീവന്‍ അണഞ്ഞു. എട്ടു മാസം മാത്രം പ്രായമായ അവളുടെ ജീവന്‍ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ തീവ്ര ശ്രമങ്ങള്‍ വിഫലമായി. 

ലണ്ടന്‍: നിയമ പോരാട്ടങ്ങളില്ലാത്ത ലോകത്തേക്ക് അവള്‍ യാത്രയായി. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സ്പെഷ്യലിസ്റ്റുകള്‍ നീക്കം ചെയ്ത് 24 മണിക്കൂര്‍ പിന്നിടും മുമ്പ് ആ കുഞ്ഞ് ജീവന്‍ അണഞ്ഞു. എട്ടു മാസം മാത്രം പ്രായമായ അവളുടെ ജീവന്‍ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ തീവ്ര ശ്രമങ്ങള്‍ വിഫലമായി. 

ചികിത്സാ സംബന്ധമായ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇന്‍ഡി ഗ്രിഗറി എന്ന ബ്രിട്ടീഷ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ബ്രിട്ടനിലെ നിയമ-ആരോഗ്യ സംവിധാനങ്ങൾക്ക് എതിരെ വൻ ജനരോക്ഷമാണ് സംഭവത്തില്‍ ഉയരുന്നത്. ഇന്‍ഡിയെ ചികിത്സക്കായി ഇറ്റലിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ അവളുടെ മാതാപിതാക്കള്‍ നടത്തി വരികയായിരുന്നു. ശരീരത്തിലെ കോശങ്ങള്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനെ തടയുന്ന ജനിതക അവസ്ഥയായ മൈറ്റോകോണ്‍ഡ്രിയല്‍ രോഗമാണ് ഇന്‍ഡിക്ക് കണ്ടെത്തിയത്. ഈ രോഗത്തിന് ചികിത്സയില്ല. 

ഇന്‍ഡിയുടെ മാതാപിതാക്കളായ ഡീന്‍ ഗ്രിഗറിയും ക്ലാരി സ്റ്റാനിഫോര്‍ത്തും കുഞ്ഞിനെ ചികിത്സക്കായി വത്തിക്കാന്‍ ഉടമസ്ഥതയിലുള്ള ബാംബിനോ ഗെസു ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസും (എന്‍എച്ച്എസ്) ഒന്നിലേറെ യുകെ കോടതികളും കുട്ടിയെ റോമിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞു. കുഞ്ഞിന്‍റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഇത്തരമൊരു വിധിയെന്നാണ് എന്‍എച്ച്എസും കോടതികളും വ്യക്തമാക്കിയത്. കുഞ്ഞിന് റോമിലെ സര്‍ക്കാര്‍ പൗരത്വും നല്‍കി. ഇന്‍ഡിക്ക് ഇറ്റാലിയന്‍ പൗരത്വം നല്‍കിയതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

കുഞ്ഞിന്‍റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വീട്ടില്‍ വെച്ച് മാത്രമെ നീക്കം ചെയ്യാവൂ, ആശുപത്രിയില്‍ വെച്ച് ഇത് പാടില്ലെന്ന അപേക്ഷയും അപ്പീല്‍ കോടതി വെള്ളിയാഴ്ച നിരസിച്ചു. ഈ തീരുമാനത്തിലുള്ള അമര്‍ഷവും വേദനയും കുഞ്ഞിന്‍റെ മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. ദമ്പതികളെ പിന്തുണച്ചിരുന്ന ഒരു ക്രിസ്ത്യന്‍ കണ്‍സേണ്‍ ഗ്രൂപ്പ് വഴിയാണ് തങ്ങളുടെ പ്രിയപ്പെട്ട മകളുടെ മരണവാര്‍ത്ത ഇവര്‍ അറിയിച്ചത്. 

എന്‍എച്ച്എസും കോടതികളും കുഞ്ഞിന് കൂടുതല്‍ കാലം ജീവിക്കാനുള്ള അവസരം മാത്രം നഷ്ടപ്പെടുത്തുക മാത്രമല്ല, കുടുംബവീട്ടില്‍ വെച്ച് ജീവന്‍ വെടിയാനുള്ള അവസരവും നഷ്ടമാക്കി ഡീന്‍ ഗ്രിഗറി പ്രസ്താവനയില്‍ പറഞ്ഞു. കുഞ്ഞ് ഇന്‍ഡി ഗ്രിഗറിയുടെ കുടുംബത്തെയും അച്ഛനെയും അമ്മയെയും താന്‍ ആശ്ലേഷിക്കുന്നതായും അവര്‍ക്ക് വേണ്ടിയും കുഞ്ഞിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഇന്‍ഡിയുടെ മരണത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...