സോളിഹുള്ളിൽ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 44 കോടി രൂപയുടെ കൊക്കെയ്ൻ കണ്ടെത്തി. പ്രതിയുടെ വീട്ടിൽ നിന്ന് കൂടുതൽ മയക്കുമരുന്നും പണവും പിടിച്ചെടുത്തു. പ്രതിക്ക് 13.5 വർഷം തടവ് ശിക്ഷ വിധിച്ചു.
ലണ്ടൻ: സോളിഹുള്ളിൽ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 44 കോടി രൂപയുടെ (4 ദശലക്ഷം പൗണ്ട്) കൊക്കെയ്ൻ കണ്ടെത്തി യു കെ പൊലീസ്. ഇതിനു ശേഷം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2 കോടി വിലമതിക്കുന്ന മയക്കു മരുന്നും പണവും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് 50 വയസുകാരനായ കോൺറാഡ് ബൈർഡിന് 13.5 വർഷം തടവ് ശിക്ഷ വിധിച്ചു. വളരെ വിദഗ്ദമായി ഒളിപ്പിച്ച 25 കിലോയിലധികം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
കോൺറാഡ് ബൈർഡിനിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയതെന്ന് ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നു. കണ്ടെത്തിയത് എ- ക്ലാസ് കൊക്കെയ്ൻ ആണെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ ആകെ മാർക്കറ്റ് വില ഏകദേശം 46 കോടി രൂപയോളമാണെന്നാണ് കണക്കാക്കുന്നത്.
കാറിൽ കൊക്കെയ്ൻ കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതിയുടെ ബെക്‌സ്‌ലിയിലെ വീട്ടിലും പരിശോധന നടത്തിയത്. അവിടെ നിന്നും കൂടുതൽ മയക്കു മരുന്നും പണവും കണ്ടെത്തി. 3 മാസം കൊണ്ട് ഈ മയക്കു മരുന്ന് വിതരണം ചെയ്യാൻ ഗൂഡാലോചന നടത്തിയിരുന്നുവെന്ന് പ്രതി സമ്മതിച്ചതായും ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നു.
സമാനമായി റാസ്ബെറി സോർബെറ്റ് ഷിപ്പ്‌മെന്റിനുള്ളിൽ ക്ലാസ് എ മയക്കുമരുന്ന് കടത്തിയതിന് 2 പ്രതികൾക്ക് 300,000 പൗണ്ടിലധികം തിരിച്ചടയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. 2017 ൽ ബെൽജിയത്തിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് 39 കിലോഗ്രാം കൊക്കെയ്നും 18 കിലോഗ്രാം ഹെറോയിനും കടത്തിയ വില്യം മോറിറ്റും ജോൺ മാഡനുമാണ് ഈ കേസിലെ പ്രതികൾ. നോട്ടിംഗ്ഹാംഷെയറിലെ ഒരു ഫുഡ് വെയർ ഹൗസിൽ 26 പാലറ്റ് ഫ്രോസൻ റാസ്ബെറി, യോഗർട്ട് സോർബെറ്റുകളിൽ നിന്നാണ് പൊലീസ് ഇത് പിടിച്ചെടുത്തത്.
