ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേയുടെ രണ്ട് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ട്രെയിൻ മറ്റൊരു ട്രെയിനിന് പുറകിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്.

ലണ്ടൻ: ലണ്ടന് വടക്ക് ബെഡ്‌ഫോർഡിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരു മരണം. 89 പേർക്ക് പരിക്കേറ്റെന്നും അവരിൽ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേയുടെ (EMR) രണ്ട് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ട്രെയിൻ മറ്റൊരു ട്രെയിനിന് പുറകിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. തകർന്ന റെയിൽവേ കോച്ചുകൾക്ക് സമീപം യാത്രക്കാർ ട്രാക്കിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലണ്ടൻ സെന്റ് പാൻക്രാസിനും ലെസ്റ്ററിനും ഇടയിലുള്ള പാതയിലാണ് അപകടം നടന്നതെന്ന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. എയർ ആംബുലൻസും ഹസാർഡസ് ഏരിയ റെസ്‌പോൺസ് ടീമും അടക്കമുള്ള വലിയൊരു സംഘത്തെ സ്ഥലത്തേക്ക് നിയോഗിച്ചതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് വ്യക്തമാക്കി. ബെഡ്‌ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അറിയിച്ചു. ലൂട്ടണും ബെഡ്‌ഫോർഡിനും ഇടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ബ്രിട്ടനിൽ ട്രെയിൻ അപകടങ്ങൾ വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ. ഇതിനുമുമ്പ് 2023 സെപ്റ്റംബറിൽ സ്കോട്ട്‌ലൻഡിലെ ഏവിയാമോർ സ്റ്റേഷനിൽ വെച്ച് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് ഏതാനും പേർക്ക് പരിക്കേറ്റിരുന്നു. 2020 ഓഗസ്റ്റിൽ സ്കോട്ട്‌ലൻഡിലെ സ്റ്റോൺഹാവന് സമീപം കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിച്ചു. ഈ സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയതിന് യുകെ ഗതാഗത വകുപ്പിന് കീഴിലുള്ള നെറ്റ്‌വർക്ക് റെയിലിന് കോടതി 6.7 മില്യൺ പൗണ്ട് പിഴ ചുമത്തുകയും ചെയ്തിരുന്നു.